സംസ്ഥാനത്ത് ഇന്നും താപനില ഉയരാൻ സാധ്യത
തിരുവനന്തപുരം: സംസ്ഥാനത്ത് ഇന്നും താപനില ഉയരാൻ സാധ്യത. ആറ് ജില്ലകളിൽ താപനില രണ്ട് മുതൽ മൂന്ന് ഡിഗ്രി സെൽഷ്യസ് വരെ ഉയർന്നേക്കും. കൊല്ലം, ആലപ്പുഴ, കോട്ടയം, കോഴിക്കോട്, കണ്ണൂർ, പാലക്കാട് ജില്ലകളിലാണ് മുന്നറിയിപ്പ്. കഴിഞ്ഞ ദിവസങ്ങളിൽ ഉയർന്ന താപനില രേഖപ്പെടുത്തിയ പാലക്കാട്, വെള്ളാനിക്കര, പുനലൂർ തുടങ്ങിയ പ്രത്യേക ജാഗ്രത വേണം.
സംസ്ഥാനത്തെ മിക്കയിടങ്ങളും താപനില 36 ഡിഗ്രി സെൽഷ്യസ് കടക്കാൻ സാധ്യത ഉണ്ട്. ഈ ദിവസങ്ങളിൽ പാലക്കാട് 40 ഡിഗ്രി സെൽഷ്യസിന് മുകളിലേക്ക് താപനില ഉയരാനാണ് സാധ്യത. കാലാവസ്ഥ നിരീക്ഷണ വകുപ്പിന് പുറമേ, മറ്റ് കാലാവസ്ഥ ഏജൻസികളും കൊടും ചൂട് പ്രവചിക്കുന്നു. അടുത്ത മൂന്ന് ദിവസവും വരണ്ട കാലാവസ്ഥ തുടരാനാണ് സാധ്യത. സൂര്യാഘാത സാധ്യത കണക്കിലെടുത്ത് ഉച്ചയ്ക്ക് 12 മണി മുതൽ 3 മണി വരെ പുറം ജോലികൾക്ക് വിലക്ക് ഏർപ്പെടുത്തിയിട്ടുണ്ട്.
വേനൽക്കാലം തുടങ്ങുന്നതിന് മുമ്പ് തന്നെ ഈ വർഷം സംസ്ഥാനത്ത് ചൂട് കൂടിയിരുന്നു. ഫെബ്രുവരി ആദ്യ വാരം തന്നെ പലയിടങ്ങിളിലും പരമാവധി താപനില 35 ഡിഗ്രി പിന്നിട്ടിരുന്നു. അടുത്ത ദിവസങ്ങളിൽ വേനൽ മഴ കിട്ടിയില്ലെങ്കിൽ ചൂട് പിന്നെയും കൂടും. അടുത്ത ചൊവ്വാഴ്ചയ്ക്ക് ശേഷം ഒറ്റപ്പെട്ട മഴയ്ക്ക് സാധ്യതയുണ്ടെന്നാണ് നിരീക്ഷണം.
ഇത്തവണ സംസ്ഥാനത്ത് വേനൽമഴ സാധാരണ പോലെ കിട്ടുമെന്നാണ് കാലാവസ്ഥ നിരീക്ഷണ കേന്ദ്രം പ്രവചിക്കുന്നത്. സൂര്യാഘാതത്തിന് സാധ്യതയുള്ളതിനാൽ സംസ്ഥാനത്ത് ഏപ്രിൽ 30 വരെ, ഉച്ചയ്ക്ക് 12 മുതൽ മൂന്ന് മണി വരെ തൊഴിലാളികൾ പുറം ജോലികൾ ചെയ്യുന്നത് വിലക്കിയിട്ടുണ്ട്.