EntertainmentKeralaNews

ഡയറക്ടർ സാർ ഓൺ ഡ്യൂട്ടി’ ബറോസിലെ മോഹൻലാൽ ചിത്രം വൈറൽ

പ്രഖ്യാപന സമയം മുതൽ മലയാള സിനിമാസ്വാദകരുടെ ഇടയിലെ ചർച്ചയാണ് ബറോസ് (Barroz). പ്രിയതാരം മോഹൻലാൽ(Mohanlal) ആദ്യമായി സംവിധാനം ചെയ്യുന്ന ചിത്രം എന്നതാണ് അതിന് കാരണം. അതുകൊണ്ട് തന്നെ ചിത്രവുമായി ബന്ധപ്പെട്ട് വരുന്ന വാർത്തകൾ ഏറെ ആകാംക്ഷയോടെയാണ് ആരാധകർ ഏറ്റെടുക്കുന്നത്. ഇപ്പോഴിതാ ലൊക്കേഷനിൽ നിന്നുള്ള മോഹൻലാലിന്റെ ഫോട്ടോയാണ് പ്രേക്ഷക ശ്രദ്ധനേടുന്നത്. 

കയ്യിൽ മൈക്കുമായി നിർദ്ദേശങ്ങൾ കൊടുക്കുന്ന മോഹൻലാലിനെയാണ് ക്യമറ പകർത്തിയിരിക്കുന്നത്. ‘ഡയറക്ടർ സാർ ഓൺ ഡ്യൂട്ടി’ എന്ന ക്യാപ്ഷനോടെ ചിത്രം സമൂഹമാധ്യമങ്ങളിൽ പ്രചരിക്കുകയാണ്. നിലവിൽ കൊച്ചിയിലാണ് ബറോസ് ഷൂട്ടിം​ഗ് പുരോ​ഗമിക്കുന്നത്. 

2019 ഏപ്രിലില്‍ പ്രഖ്യാപിക്കപ്പെട്ട ചിത്രത്തിന്‍റെ ഒഫിഷ്യല്‍ ലോഞ്ച് കഴിഞ്ഞ വര്‍ഷം മാര്‍ച്ച് 24നായിരുന്നു. ആശിർവാദ് സിനിമാസാണ് ‘ബറോസ്’ നിർമ്മിക്കുന്നത്. ഇന്ത്യയിലെ ആദ്യ ത്രീഡി ചിത്രമായിരുന്ന ‘മൈ ഡിയര്‍ കുട്ടിച്ചാത്തന്‍’ സംവിധാനം ചെയ്‍ത ജിജോയുടെ കഥയെ ആസ്‍പദമാക്കിയാണ് മോഹന്‍ലാല്‍ സിനിമയൊരുക്കുന്നത്. പൃഥ്വിരാജും ചിത്രത്തില്‍ ഒരു പ്രധാന കഥാപാത്രമായി എത്തുന്നുണ്ട്. 

പാസ് വേഗ, റാഫേല്‍ അമാര്‍ഗോ എന്നീ സ്‍പാനിഷ് താരങ്ങളും സിനിമയില്‍ അഭിനയിക്കുന്നു. ബറോസില്‍ വാസ്‌കോഡഗാമയുടെ വേഷത്തിലാണ് റാഫേല്‍ അഭിനയിക്കുക. ഭാര്യയുടെ വേഷത്തിലാകും പാസ് വേഗ എത്തുക. സെക്സ് ആൻഡ് ലൂസിയ, ഓള്‍ റോഡ്‌സ് ലീഡ്‌സ് ടു ഹെവന്‍, തുടങ്ങിയ ചിത്രങ്ങളിലൂടെ ശ്രദ്ധിക്കപ്പെട്ട നടിയാണ് പാസ് വേഗ.

മോഹൻലാല്‍ നായകനായ ചിത്രം ഏറ്റവും ഒടുവില്‍ പ്രദര്‍ശനത്തിന് എത്തിയത് ‘നെയ്യാറ്റിൻകര ഗോപന്റെ ആറാട്ടാ’ണ്. തിയറ്ററുകളില്‍ മികച്ച സ്വീകരണമായിരുന്നു ചിത്രത്തിന് ലഭിച്ചത്. മികച്ച മാസ് എന്റര്‍ടെയ്‍നറാണ് ചിത്രമെന്നാണ് പരക്കെയുള്ള അഭിപ്രായങ്ങള്‍. ഒരു കംപ്ലീഷ് മോഹൻലാല്‍ ഷോയാണ് ചിത്രം. ലോകമാകമാനം 2700 സ്‍ക്രീനുകളിലാണ് ‘നെയ്യാറ്റിൻകര ഗോപന്റെ ആറാട്ട്’ എറിലീസ് ചെയ്‍തത്.

ബി ഉണ്ണികൃഷ്‍ണൻ സംവിധാനം ചെയ്‍ത ചിത്രത്തിന് തിരക്കഥ എഴുതിയത് ഉദയ് കൃഷ്‍ണയായിരുന്നു. ശ്രദ്ധ ശ്രീനാഥ് ആണ് ചിത്രത്തില്‍ പ്രധാന സ്‍ത്രീ കഥാപാത്രമായിഎത്തിയത്. നെടുമുടി വേണു, സായ് കുമാര്‍, സിദ്ദിഖ്, വിജയരാഘവന്‍, ജോണി ആന്‍റണി, ഇന്ദ്രന്‍സ്, നന്ദു, ഷീല, സ്വാസിക, മാളവിക, രചന നാരായണന്‍കുട്ടി തുടങ്ങി വലിയ താരനിരയും ചിത്രത്തിൽ അണിനിരന്നു. കെജിഎഫിലെ ‘ഗരുഡ’ എന്ന കഥാപാത്രത്തിലൂടെ ശ്രദ്ധനേടിയ രാമചന്ദ്ര രാജുവാണ് ചിത്രത്തിലെ ശ്രദ്ധേയ സാന്നിധ്യം.

‘ആറാട്ട്’ എന്ന ചിത്രം സ്വീകരിച്ച പ്രേക്ഷകര്‍ക്ക് നന്ദി അറിയിച്ച് മോഹന്‍ലാല്‍ ഫേസ്ബുക്ക് ലൈവില്‍ എത്തിയിരുന്നു.  ‘ആറാട്ട്’ എന്ന സിനിമയെ രണ്ട് കൈയും നീട്ടി സ്വീകരിച്ച എല്ലാ പ്രേക്ഷകര്‍ക്കും എന്‍റെ ഹൃദയം നിറഞ്ഞ നന്ദി. ഒരു അണ്‍റിയലിസ്റ്റിക് എന്റര്‍ടെയ്‍നര്‍ എന്നാണ് ആ സിനിമയെക്കുറിച്ച് നമ്മള്‍ പറഞ്ഞിരിക്കുന്നത്. അതുപോലെ തന്നെയാണ്. വലിയ അവകാശവാദങ്ങളൊന്നുമില്ല. എല്ലാവര്‍ക്കും ഇഷ്‍ടപ്പെടുന്ന ഒരു സിനിമ. ‘ആറാട്ട്’ എന്ന പേര് തന്നെ ഒരു ഉത്സവാന്തരീക്ഷം വച്ചിട്ടാണ് നമ്മള്‍ ഇട്ടിരിക്കുന്നത്. അത് വളരെയധികം ആളുകളിലേക്ക് എത്തി. രണ്ടുകൈയും നീട്ടി സ്വീകരിച്ചു. ഒരുപാട് സന്തോഷം, ഒരുപാട് നന്ദി. കൊവിഡ് മഹാമാരിയൊക്കെ കഴിഞ്ഞ് തിയറ്ററുകള്‍ വീണ്ടും ഉണര്‍ന്ന് പ്രവര്‍ത്തിക്കുന്ന സമയമാണ്. ഈ സമയത്തേക്ക് എന്നെ ഇഷ്‍ടപ്പെടുന്ന, മലയാള സിനിമയെ ഇഷ്‍ടപ്പെടുന്ന നിങ്ങള്‍ക്കുവേണ്ടി ഞങ്ങള്‍ തയ്യാറാക്കി തന്നിരിക്കുകയാണ്. വളരെയധികം നല്ല റിപ്പോര്‍ട്ടുകളാണ് കിട്ടുന്നത്. ഒരുപാട് പേര്‍ക്ക് നന്ദി പറയാനുണ്ട്.

എ ആര്‍ റഹ്‍മാനോട് വളരെയധികം നന്ദി പറയുന്നു. കൊവിഡ് ഏറ്റവും മൂര്‍ധന്യാവസ്ഥയില്‍ നില്‍ക്കുന്ന സമയത്താണ് ഞങ്ങള്‍ ഇത് ഷൂട്ട് ചെയ്‍തത്. പക്ഷേ ഈശ്വരകൃപകൊണ്ട് എല്ലാം ഭം​ഗിയായി. ആ സിനിമ തിയറ്ററിലെത്തി. ഒരുപാട് സന്തോഷം. വളരെ നല്ല പ്രതികരണങ്ങളാണ് കിട്ടിക്കൊണ്ടിരിക്കുന്നത്. ബി ഉണ്ണികൃഷ്‍ണന്‍ ചെയ്‍ത വളരെ വ്യത്യസ്‍തമായ ഒരു എന്‍റര്‍ടെയ്‍നര്‍ ആണിത്. ‘ആറാട്ട്’ എല്ലാവര്‍ക്കും ഇഷ്‍ടപ്പെട്ടുവെന്ന് അറിഞ്ഞതില്‍ വളരെയധികം സന്തോഷം. സിനിമയുടെ പിറകില്‍ പ്രവര്‍ത്തിച്ച എല്ലാവര്‍ക്കും ഒരിക്കല്‍ക്കൂടി എന്‍റെ നന്ദി. കൂടുതല്‍ നല്ല സിനിമകളുമായി വീണ്ടും വരുമെന്നുമായിരുന്നു മോഹൻലാല്‍ പറഞ്ഞത്.

ബ്രേക്കിംഗ് കേരളയുടെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക Whatsapp Group | Telegram Group | Google News

Related Articles

Back to top button
Close

Adblock Detected

Please consider supporting us by disabling your ad blocker