NationalNewsNews

പെട്ടെന്നുണ്ടായ മലവെളളപ്പാച്ചിലിൽപ്പെട്ട് അപകടം; ഒരു കുടുംബത്തിലെ 5 പേർക്ക് ദാരുണാന്ത്യം

മുംബൈ: ലോണാവാലയിൽ കനത്ത മഴയെ തുടർന്ന് വെള്ളച്ചാട്ടത്തിൽ കുടുംബം ഒലിച്ചുപോയ സംഭവത്തിൽ കൂടുതൽ വിവരങ്ങൾ പുറത്ത്. ഏഴം​ഗ കുടുംബമാണ് ഒലിച്ചുപോയത്. സംഭവത്തിൽ അഞ്ച് പേർ മരിച്ചു. രണ്ട് പേർ മാത്രമാണ് രക്ഷപ്പെട്ടത്. രണ്ട് കുട്ടികളുടെ മൃതദേഹം കണ്ടെത്താനുണ്ട്. പുനെ സ്വദേശികളായ ഷാഹിസ്ത അൻസാരി (36), അമീമ അൻസാരി (13), ഉമേര അൻസാരി (8) എന്നിവരുടെ മൃതദേഹങ്ങളാണ് കണ്ടെടുത്തത്. അദ്‌നാൻ അൻസാരി (4), മരിയ സയ്യദ് (9) എന്നിവരെയാണ് കാണാതായത്. പൂനെ സിറ്റിയിലെ സയ്യദ് നഗർ പ്രദേശത്താണ് കുടുംബം താമസിക്കുന്നത്.  ​ദാരുണമായിരുന്നു അപകടം.  

80 കിലോമീറ്റർ അകലെയുള്ള ഹിൽ സ്റ്റേഷനിൽ അവധിക്കാലം ആഘോഷിക്കാനെത്തിയതായിരുന്നു ഇവർ. നിരവധി വിനോദസഞ്ചാരികൾ ഈ സമയം പ്രദേശത്തുണ്ടായിരുന്നു. ഇതിനിടെ ഇവർ എല്ലാവരും ബുഷി അണക്കെട്ടിന് സമീപത്തെ വെള്ളച്ചാട്ടത്തിൽ കുളിക്കാനിറങ്ങി. എന്നാൽ, കഴിഞ്ഞ ദിവസങ്ങളിൽ പെയ്ത കനത്ത മഴയിൽ ഡാമിൽ നീരൊഴുക്ക് വർധിച്ചതോടെ വെള്ളച്ചാട്ടത്തിന്റെ ശക്തി വർധിച്ചത് പെട്ടെന്നായിരുന്നു. ഇതോടെ ഇവർ കുടുങ്ങി. രക്ഷപ്പെടാനായി വെള്ളച്ചാടത്തിന് നടുവിലെ പാറയിൽ എല്ലാവരും കയറി നിന്നെങ്കിലും ഒഴുക്ക് വർധിച്ചതോടെ പാറയും മുങ്ങി. അതോടെ എല്ലാവരും ഒഴുക്കിൽപ്പെടുകയായിരുന്നു.  

യാതൊരു വിധത്തിലുള്ള സുരക്ഷ മാനദണ്ഡങ്ങളും ഇല്ലാതെയാണ് ഇവർ വെള്ളച്ചാട്ടത്തിൽ ഇറങ്ങിയത്. ലോണാവാല പോലീസും എമർജൻസി സർവീസുകളും മുങ്ങൽ വിദഗ്ധരും രക്ഷാപ്രവർത്തകരും ഉൾപ്പെട്ട രക്ഷാപ്രവർത്തനം ആരംഭിച്ചു. കാണാതായ കുട്ടികളെ കണ്ടെത്താൻ തിങ്കളാഴ്ചയും തിരച്ചിൽ തുടരുകയാണ്. കൂടുതൽ ദുരന്തങ്ങൾ ഉണ്ടാകാതിരിക്കാൻ ഈ പ്രദേശങ്ങളിൽ ജാഗ്രത പാലിക്കണമെന്ന് അധികൃതർ നിർദ്ദേശിച്ചു. കുടുംബത്തിൻ്റെ അവസാന നിമിഷങ്ങളുടെ ഭയാനകമായ ദൃശ്യങ്ങൾ പുറത്തുവന്നു.

സഹായത്തിനായി നിലവിളിക്കുന്നുണ്ടെങ്കിലും കനത്ത മഴയും ഒഴുക്കും കാരണം ആർക്കും എത്തിപ്പെടാനാകുമായിരുന്നില്ല. ഇവർ വെള്ളച്ചാട്ടത്തിലേക്ക് വഴുതിവീണ് താഴെയുള്ള റിസർവോയറിൽ മുങ്ങിമരിക്കുകയായിരുന്നെന്ന് വാർത്താ ഏജൻസിയായ പിടിഐ റിപ്പോർട്ട് ചെയ്തു.

 

ബ്രേക്കിംഗ് കേരളയുടെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക Whatsapp Group | Telegram Group | Google News

Related Articles

Back to top button
Close

Adblock Detected

Please consider supporting us by disabling your ad blocker