EntertainmentNews

ഇനി തനിക്കൊന്നും നോക്കാനില്ല…ബാലഭാസ്‌ക്കറിന്റെ മരണത്തിലെ വിവാദങ്ങള്‍ക്കിടെ വെളിപ്പെടുത്തലുമായി ഭാര്യ ലക്ഷ്മി

തിരുവനന്തപുരം: വയലിനിസ്റ്റ് ബാലഭാസ്‌ക്കറിന്റെ മരണത്തിലെ ദുരൂഹതകള്‍ നാള്‍ക്കുനാള്‍ വര്‍ധിച്ചു വരികയാണ്. സ്വര്‍ണം മോഷണ കേസില്‍ ബാലഭാസ്‌ക്കറിന്റെ മുന്‍ ഡ്രൈവര്‍ അര്‍ജുന്‍ അറസ്റ്റിലാകുകയും ചെയ്തതോടയാണ് ഇത് സംബന്ധിച്ച സംശയങ്ങള്‍ ഉയര്‍ന്നത്. ഇതോടെ സിബിഐ അന്വേഷണത്തിനെതിരെ അടക്കം ബാലുവിന്റെ പിതാവ് രംഗത്തെത്തുകയും ചെയ്തിരുന്നു. ഇന്നാല്‍ ഈ പശ്ചാത്തലത്തിലൊന്നം തനിക്കു ചുറ്റും നടക്കുന്ന വിവാദങ്ങളെ കുറിച്ച് പ്രതികരിക്കാന്‍ ബാലുവിന്റെ ഭാര്യ ലക്ഷ്മി തയ്യാറായിരുന്നില്ല.

അപകടത്തിന് ശേഷം ഇതാദ്യമായി അവര്‍ പരസ്യമായി ഒരു മാധ്യമത്തിന് മുന്നില്‍ വരികയാണ്. മനോരമ ന്യൂസ് ചാനലിലാണ് ലക്ഷ്മി ആദ്യമായി പ്രതികരിച്ചത്. അപകടം നടന്ന് ഇത്ര നാളായിട്ടും വയലിനിസ്റ്റ് ബാലഭാസ്‌കറിന്റെ ഭാര്യ ലക്ഷ്മി എന്തുകൊണ്ട് പരസ്യമായി രംഗത്തു വരുന്നില്ല എന്നത് അടക്കമുള്ള ചോദ്യങ്ങല്‍ക്കാണ് മനോരമയിലൂടെ ലക്ഷ്മി മറുപടി നല്‍കുക. ഇന്ന് വൈകുന്നേരം ചാനല്‍ ലക്ഷ്മിയുടെ അഭിമുഖം സംപ്രേക്ഷണം ചെയ്യും.

താനൊരു സാധാരണക്കാരിയാണെന്നും ഒരാള്‍ക്കും ഭീഷണിപ്പെടുത്തിയോ സമ്മര്‍ദ്ദം ചെലുത്തിയോ ഒന്നും പറയിക്കാനാകില്ലെന്നും ലക്ഷ്മി മനോരമയോട് പറഞ്ഞിട്ടുണ്ട്. ഇനി തനിക്കൊന്നും നോക്കാനില്ല. തന്റെ ഭര്‍ത്താവിന്റേയും കുഞ്ഞിന്റേയും മുഖം മാത്രം ആലോചിച്ചാല്‍ മതിയാകുമെന്നും ലക്ഷ്മി വേദനയോടെ പറഞ്ഞു. ലക്ഷ്മിയെ ആരോ ഭീഷണിപ്പെടുത്തുന്നു എന്ന വിധത്തില്‍ വാര്‍ത്തകള്‍ നേരത്തെ പുറത്തുവരുന്നിരുന്നു. മുന്‍ ഡ്രൈവര്‍ അര്‍ജുന്റെ അറസ്റ്റില്‍ അടക്കം ലക്ഷ്മി പ്രതികരിച്ചേക്കും.

ഡ്രൈവര്‍ അര്‍ജുന്റെ ക്രിമിനല്‍ പശ്ചാത്തലത്തെ കുറിച്ച് വയലിനിസ്റ്റ് ബാലഭാസ്‌കറിനും ഭാര്യ ലക്ഷ്മിക്കും അറിയാമായിരുന്നുവെന്ന് സിബിഐ അന്വേഷണം കണ്ടെത്തിയെന്ന് റിപ്പോര്‍ട്ടും നേരത്തെ പുറത്തുവന്നിരുന്നു. അര്‍ജുനെ ഡ്രൈവറായി നിയമക്കുന്നതിനെ തുടക്കത്തില്‍ ലക്ഷ്മി എതിര്‍ത്തിരുന്നെന്നും സിബിഐ അന്വേഷണ റിപ്പോര്‍ട്ടിനെ ഉദ്ധരിച്ച് ന്യൂ ഇന്ത്യന്‍ എക്സ്പ്രസാണ് റിപ്പോര്‍ട്ടു ചെയ്തത്. സ്വര്‍ണക്കവര്‍ച്ചാ കേസുമായി ബന്ധപ്പെട്ട് അര്‍ജുന്‍ അറസ്റ്റിലായതോടെ, ബാലഭാസ്‌കറിന്റെ മരണത്തിന് സ്വര്‍ണ റാക്കറ്റുമായി ബന്ധമുണ്ടെന്ന ചര്‍ച്ചകള്‍ ഉയരുന്നതിനിടെയാണ് സിബിഐ റിപ്പോര്‍ട്ടിലെ വിശദാംശങ്ങള്‍ പുറത്തുവരുന്നത്.

”എന്റെ ഭര്‍ത്താവ് അര്‍ജുനെ തിരുവനന്തപുരത്ത് കൊണ്ടുവന്നത് ഡ്രൈവറായി ജോലി നല്‍കാനാണ്. ചെര്‍പ്പുളശ്ശേരി പൊലീസില്‍ രജിസ്റ്റര്‍ ചെയ്ത എടിഎം മോഷണക്കേസില്‍ അര്‍ജുന് പങ്കുണ്ടെന്ന് അപ്പോഴാണ് ഞാന്‍ അറിഞ്ഞത്, അതിനാല്‍ ഞാന്‍ അര്‍ജുന്റെ നിയമനത്തെ എതിര്‍ത്തു. എന്നാല്‍ സ്വയം തിരുത്താനുള്ള ശ്രമത്തിലാണ് അര്‍ജുനെന്നും നല്ല വ്യക്തിയാണെന്നും പറഞ്ഞ് ബാലു എന്റെ അഭ്യര്‍ത്ഥന നിരസിച്ചു’ സിബിഐക്ക് നല്‍കിയ മൊഴിയില്‍ ലക്ഷ്മി പറഞ്ഞു. ‘അപകടസമയത്ത് താനാണ് കാര്‍ ഓടിച്ചിരുന്നതെന്ന് അര്‍ജുന്‍ ആദ്യം സമ്മതിച്ചിരുന്നു. എന്നാല്‍ പിന്നീട് ഇതു തിരുത്തി. ബാലുവാണ് കാര്‍ ഓടിച്ചത് എന്നാണ് അര്‍ജുന്‍ പറഞ്ഞത്. ഇതു ശരിയല്ല. ബാലുവാണ് ഡ്രൈവ് ചെയ്തതെന്നും അപകടത്തില്‍ പരിക്കേറ്റ തനിക്ക് നഷ്ടപരിഹാരം നല്‍കണമെന്നും ആവശ്യപ്പെട്ട് അര്‍ജുന്‍ തൃശ്ശൂരിലെ മോട്ടോര്‍ ആക്സിഡന്റ് ക്ലെയിംസ് ട്രൈബ്യൂണലില്‍ (എംഎസിടി) ഹര്‍ജി നല്‍കിയെന്നാണ് അറിഞ്ഞത്’ ലക്ഷ്മിയുടെ മൊഴിയില്‍ പറയുന്നുവെന്നാണ് വാര്‍ത്ത.

ഈ റിപ്പോര്‍ട്ടില്‍ അടക്കം ബാലുവിന്റെ ഭാര്യ പ്രതികരണം നടത്തിയേക്കും. ബാലഭാസ്‌കറുടെ വാഹനം അപകടത്തില്‍പ്പെട്ടപ്പോള്‍ കാര്‍ ഓടിച്ചിരുന്ന അര്‍ജുന്‍ കെ നാരയണനെ പെരിന്തല്‍മണ്ണ സ്വര്‍ണ കവര്‍ച്ചാ കേസിലാണ് അറസ്റ്റിലായത്. ഇതിനു പിന്നാലെ ബാലഭാസ്‌കറിന്റെ മരണത്തില്‍ സ്വര്‍ണക്കടത്തു റാക്കറ്റിനു ബന്ധമുണ്ടെന്ന ആക്ഷേപം ചര്‍ച്ചയായി. പ്രിയാ വേണുഗോപാലാണ് ഈ വിവരം പുറത്തു വിട്ടത്. ബാലഭാസ്‌കറിന്റെ അച്ഛന്‍ കെസി ഉണ്ണിയും ഈ ആരോപണം ഉന്നയിച്ചിരുന്നു. എന്നാല്‍ ബാലഭാസ്‌കറിന്റെ മരണത്തില്‍ സ്വര്‍ണക്കടത്ത് സംഘത്തിനോ മറ്റാര്‍ക്കെങ്കിലുമോ ബന്ധമുള്ളതായി കണ്ടെത്താനായില്ലെന്നാണ് സിബിഐ കോടതിയില്‍ നല്‍കിയ റിപ്പോര്‍ട്ടില്‍ വ്യക്തമാക്കിയത്.

ശാസ്ത്രീയ തെളിവുകള്‍ തള്ളിയിട്ടും പരസ്പര വിരുദ്ധമായ മൊഴികള്‍ തുടര്‍ച്ചയായി പറഞ്ഞ അര്‍ജുന്റെ ഉദ്ദേശ്യം അന്വേഷണ ഉദ്യോഗസ്ഥന്‍ പരിഗണിക്കേണ്ടതായിരുന്നുവെന്ന് ബാലഭാസ്‌കറിന്റെ കുടുംബം പറയുന്നു. ബാലുവിന്റെ മരണത്തില്‍ ഹൈക്കോടതി 20 സംശയങ്ങള്‍ ഉന്നയിച്ചിരുന്നു. ഇതുമായാണ് തുടരന്വേഷണത്തിന് ഉത്തരവിട്ടത്. ഈ സംശയങ്ങള്‍ സിബിഐ അന്വേഷിച്ച് തയ്യാറാക്കിയ റിപ്പോര്‍ട്ടിന്റെ പൂര്‍ണ്ണ രൂപം ഇനിയും പുറത്തു വന്നിട്ടില്ല. ഈ സംശയങ്ങളില്‍ വ്യക്തമായ തെളിവൊന്നും സിബിഐയ്ക്ക് കിട്ടിയില്ലെന്നാണ് ലഭിക്കുന്ന സൂചന.

വയലിനിസ്റ്റ് ബാലഭാസ്‌കറിന്റേത് കൊലപാതകമാണെന്ന് ആവര്‍ത്തിച്ച് പിതാവ് ഉണ്ണിയും രംഗത്ത് വന്നിരുന്നു. മകന്റെ മരണത്തില്‍ തൃപ്തികരമായ അന്വേഷണം നടന്നിട്ടില്ലെന്നും പിതാവ് പറഞ്ഞു. പെരിന്തല്‍മണ്ണയില്‍ വ്യാപാരിയെ ആക്രമിച്ച് സ്വര്‍ണം കവര്‍ന്ന കേസില്‍ കഴിഞ്ഞ ദിവസം പിടിയിലായവരില്‍ ബാലഭാസ്‌കറിന്റെ ഡ്രൈവറും ഉള്‍പ്പെട്ടിരുന്നു. സ്വര്‍ണക്കവര്‍ച്ച കേസില്‍ മറ്റു പ്രതികള്‍ക്കൊപ്പം ചെര്‍പ്പുളശ്ശേരി മുതല്‍ വാഹനം ഓടിച്ചത് തൃശൂര്‍ സ്വദേശിയായ അര്‍ജുനായിരുന്നു. ബാലഭാസ്‌കറിന്റെ ഡ്രൈവറായിരുന്ന അര്‍ജുന്‍ മുന്‍പും പല കേസുകളിലെ പ്രതിയായിരുന്നു. അപകടത്തിനു ശേഷമാണ് ഈ കേസുകളെക്കുറിച്ച് അറിയുന്നത്. അര്‍ജുന്റെ അറസ്റ്റോടെ കൊലപാതകമെന്ന സംശയം ബലപ്പെടുകയാണെന്നും ഉണ്ണി പറഞ്ഞു. സിബിഐയും സ്വാധീനങ്ങള്‍ക്കു വഴങ്ങിയാണ് അന്വേഷണം അവസാനിപ്പിച്ചതെന്നും അദ്ദേഹം ആരോപിച്ചു. അര്‍ജുന് പിന്നില്‍ വലിയൊരു മാഫിയ ഉണ്ടെന്നാണ് ഉണ്ണിയുടെ സംശയം.

2018 സെപ്റ്റംബര്‍ 25-നാണ് ബാലഭാസ്‌കറും കുടുംബവും സഞ്ചരിച്ച കാര്‍ ദേശീയപാതയില്‍ തിരുവനന്തപുരം പള്ളിപ്പുറത്തുവെച്ച് മരത്തിലിടിച്ച് അപകടമുണ്ടായത്. ബാലഭാസ്‌കര്‍, ഭാര്യ ലക്ഷ്മി, മകള്‍ തേജസ്വിനി ബാല, ഡ്രൈവര്‍ അര്‍ജുന്‍ എന്നിവരാണ് വാഹനത്തിലുണ്ടായിരുന്നത്. രണ്ടുവയസ്സുകാരി തേജസ്വിനി ബാല സംഭവസ്ഥലത്തുവെച്ച് തന്നെ മരിച്ചു. ഗുരുതരമായി പരിക്കേറ്റ് ചികിത്സയിലായിരുന്ന ബാലഭാസ്‌കര്‍ ഒക്ടോബര്‍ രണ്ടാം തീയതിയും മരണത്തിന് കീഴടങ്ങി.

കേസില്‍ അര്‍ജുന്‍ ഉള്‍പ്പെടെ നുണപരിശോധനയ്ക്ക് വിധേയരാക്കിയിരുന്നു. എന്നാല്‍, വാഹനം ഓടിച്ചിരുന്നത് ആരാണെന്നത് സംബന്ധിച്ച് തുടക്കംമുതല്‍ സംശയങ്ങളുണ്ടായി. വാഹനം ഓടിച്ചത് ബാലഭാസ്‌കറാണെന്നായിരുന്നു അര്‍ജുന്റെ മൊഴി. എന്നാല്‍, അര്‍ജുനാണ് വാഹനമോടിച്ചതെന്ന് ബാലഭാസ്‌കറിന്റെ ഭാര്യയും നേരത്തെ മൊഴി നല്‍കിയിരുന്നു. ഇതെല്ലാം സംശയങ്ങള്‍ക്കിടയാക്കിയിരുന്നു. പിന്നീട് ശാസ്ത്രിയമായി തന്നെ അര്‍ജുനാണ് വണ്ടി ഓടിച്ചതെന്ന് തെളിയുകയും ചെയ്തു.

ബ്രേക്കിംഗ് കേരളയുടെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക Whatsapp Group | Telegram Group | Google News

Related Articles

Back to top button
Close

Adblock Detected

Please consider supporting us by disabling your ad blocker