നിര്‍ത്തിയിട്ട വിമാനത്തിന്റെ ലാന്‍ഡിങ് ഗിയര്‍ പെട്ടന്ന് തകര്‍ന്ന് വീണു; ഫ്രാങ്ക്ഫര്‍ട്ട് വിമാനത്താവളത്തിലുണ്ടായ അപകടത്തില്‍ നിരവധി ജീവനക്കാര്‍ക്ക് പരിക്ക്

നിര്‍ത്തിയിട്ട വിമാനത്തിന്റെ ലാന്‍ഡിങ് ഗിയര്‍ പെട്ടന്ന് തകര്‍ന്ന് വീണു; ഫ്രാങ്ക്ഫര്‍ട്ട് വിമാനത്താവളത്തിലുണ്ടായ അപകടത്തില്‍ നിരവധി ജീവനക്കാര്‍ക്ക് പരിക്ക്

വിമാനത്താവളത്തില്‍ നിര്‍ത്തിയിട്ടിരുന്ന വിമാനത്തിന്റെ ലാന്‍ഡിങ് ഗിയര്‍ അപ്രതീക്ഷിതമായി തകര്‍ന്ന് വീണു. ഫ്രാങ്ക്ഫര്‍ട്ട് വിമാനത്താവളത്തിലുണ്ടായ അപകടത്തില്‍ നിരവധി ജീവനക്കാര്‍ക്ക് പരിക്കേറ്റു. ലൂഫ്താന്‍സാ വിമാനത്തിന്റെ ലാന്‍ഡിങ് ഗിയറാണ് പെട്ടെന്ന് തകര്‍ന്നു വീണത്. ഈ സമയം യാത്രക്കാര്‍ ആരും വിമാനത്തില്‍ ഉണ്ടായിരുന്നില്ല എന്നത് ആശ്വാസമായി. നിശ്ചലമായി നിന്ന ബോയിങ് 787-9 വിമാനത്തിന്റെ മുന്‍ഭാഗം പൊടുന്നനേ റണ്‍വേയിലേക്ക് കൂപ്പുകുത്തുകയായിരുന്നു.

മുന്‍ഭാഗം താഴേക്ക് പതിച്ചതിനു പിന്നാലെ ഒരു പാനല്‍ ഇളകിമാറുന്നതും ദൃശ്യങ്ങളിലുണ്ട്. വിമാനത്താവളത്തിലെ ഗേറ്റില്‍ നിശ്ചലമായി കിടക്കുകയായിരുന്ന വിമാനത്തിന്റെ മുന്‍ഭാഗം പെട്ടെന്ന് റണ്‍വേയിലേക്ക് താഴ്ന്നു വീഴുന്ന ദൃശ്യങ്ങള്‍ സമൂഹമാധ്യമങ്ങളിലും വൈറലാവുകയാണ്. അതേസമയം അപകടം നടക്കുമ്പോള്‍ ക്രൂ അംഗങ്ങളും ഗ്രൗണ്ട് ജീവനക്കാരും വിമാനത്തില്‍ ഉണ്ടായിരുന്നുവെന്ന് കമ്പനി വക്താവ് പ്രസ്താവനയില്‍ അറിയിച്ചു. അപകടത്തിനു പിന്നാലെ അടിയന്തര രക്ഷാപ്രവര്‍ത്തനം നടത്തി പരുക്കേറ്റവരെ മാറ്റിയതായി റോയിട്ടേഴ്‌സ് റിപ്പോര്‍ട്ട് ചെയ്യുന്നു.

ഫ്രാങ്ക്ഫര്‍ട്ടില്‍ നിന്ന് ലോസ് ഏഞ്ചല്‍സിലേക്കുള്ള LH450 ഫ്‌ലൈറ്റ് സര്‍വീസ് നടത്തേണ്ട വിമാനമായിരുന്നു ഇത്. അപകടസമയത്ത് വിമാനത്തില്‍ യാത്രക്കാര്‍ ആരും ഉണ്ടായിരുന്നില്ലെന്ന് ലൂഫ്താന്‍സ വ്യക്തമാക്കി. അപകടത്തിന്റെ കാരണം കണ്ടെത്താനായി അന്വേഷണം ആരംഭിച്ചിട്ടുണ്ട്. അതേസമയം സംഭവവുമായി ബന്ധപ്പെട്ട് കൂടുതല്‍ വിവരങ്ങള്‍ പുറത്തുവിടാന്‍ അധികൃതര്‍ തയാറായിട്ടില്ല. പഴയ വിമാനങ്ങള്‍ക്ക് പകരം ഈയടുത്ത കാലത്താണ് ലൂഫ്താന്‍സ പുത്തന്‍വിമാനങ്ങള്‍ സര്‍വീസിനായി എത്തിച്ചത്. ഇതിലൊരു വിമാനത്തിന്റെ ലാന്‍ഡിങ് ഗിയറാണ് തകര്‍ന്നത്.

ബ്രേക്കിംഗ് കേരളയുടെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക Whatsapp Group | Telegram Group | Google News