InternationalNews

സിറിയന്‍ പ്രസിഡണ്ടും കുടുംബവും നാടുവിട്ടത് 160000 കോടി രൂപയുമായി; മോസ്‌കോയില്‍ ശതകോടികള്‍ വിലയുള്ള ആഡംബര ഫ്‌ലാറ്റുകള്‍;അസാദിനും ഭാര്യക്കും ഇനി റഷ്യയില്‍ രാജകീയ ആഡംബര ജീവിതം

മോസ്‌കോ: സിറിയന്‍ പ്രസിഡന്റ് ആയിരുന്ന ബാഷര്‍ അല്‍ അസദും കുടുംബവും വിമത നീക്കത്തെ തുടര്‍ന്ന് രാജ്യം വിട്ട് റഷ്യന്‍ തലസ്ഥാനമായ മോസ്‌ക്കോയിലാണ് ഇപ്പോള്‍ കഴിയുന്നത്. റഷ്യയിലും സിറിയയിലെ പോലെ അത്യാഡംബര ജീവിതം തന്നെയാണ് ഇവര്‍ നയിക്കുന്നതെന്നാണ് പുറത്ത് വരുന്ന റിപ്പോര്‍ട്ടുകള്‍ സൂചിപ്പിക്കുന്നത്. അസദ് മോസ്‌ക്കോയിലേക്ക് രക്ഷപ്പെട്ടത് 160000 കോടി രൂപയുമായിട്ടാണ് എന്നാണ് പറയപ്പെടുന്നത്. മോസ്‌ക്കോ നഗരത്തിന്റെ ഹൃദയ ഭാഗത്ത് ശതകോടികള്‍ വില വരുന്ന ആഡംബര ഫ്ളാറ്റുകള്‍ അസദ് നേരത്തേ തന്നെ സ്വന്തമാക്കിയിരുന്നു. ഭാര്യ അസ്മ അല്‍ അസദും മൂന്ന് മക്കളുമൊത്താണ് അസദ് മോസ്‌ക്കോയിലേക്ക് രക്ഷപ്പെട്ടത്.

ബ്രിട്ടനിലെ സമ്പന്ന കുടുംബത്തില്‍ ജനിച്ചു വളര്‍ന്ന അസ്മ സിറിയയില്‍ ആഡംബര ജീവിതത്തിന്റെ പേരില്‍ ഏറെ വിമര്‍ശനം നേരിട്ടതാണ്. ഷേക്സിപയറിന്റെ കുപ്രസിദ്ധ കഥാപാത്രമായ ലേഡി മാക്ബത്തിനോടാണ് പലരും ഇവരെ ഉപമിച്ചിരുന്നത്. ഔദ്യോഗിക വസതി

അങ്കരിക്കുന്നതിനും വസ്ത്രങ്ങള്‍ വാങ്ങുന്നതിനുമായി കോടിക്കമക്കിന് ഡോളറാണ് ഇവര്‍ ചെലവാക്കിയിരുന്നത് എന്നായിരുന്നു അസ്മക്ക് എതിരായ പ്രധാന ആരോപണങ്ങള്‍. ലോകത്തെ വിവിധ ബാങ്കുകളില്‍ ഇവര്‍ക്ക് ആയിരക്കണക്കിന് കോടി ഡോളറിന്റെ നിക്ഷേപങ്ങളും വന്‍കിട കമ്പനികളില്‍ പങ്കാളിത്തവും ഉണ്ടെന്നാണ് കരുതപ്പെടുന്നത്.

റഷ്യയിലും ഇവര്‍ക്ക് വന്‍ തോതില്‍ സ്വത്തുക്കളും നിക്ഷേപവും ഉണ്ട് എന്നാണ് പറയപ്പെടുന്നത്. കഴിഞ്ഞ ഏതാനും വര്‍ഷങ്ങള്‍ക്കുളളില്‍ റഷ്യയുടെ തലസ്ഥാനമായ മോസ്‌ക്കോയില്‍ അസദിന്റെ കുടുംബം ഇരുപതോളം അപ്പാര്‍ട്ടുമെന്റുകള്‍ വാങ്ങിക്കൂട്ടി എന്നാണ് കണക്ക്.

ഇതിനായി 30 മില്യണ്‍ പൗണ്ടാണ് ഇവര്‍ ചെലവിട്ടത്. പ്രസിഡന്റ് വ്ളാഡിമിര്‍ പുട്ടിന്റെ നേരിട്ടുള്ള നിര്‍ദ്ദേശത്തെ തുടര്‍ന്നാണ് അസദിനും കുടുംബത്തിനും രാഷ്ട്രീയ അഭയം നല്‍കാന്‍ തീരുമാനിച്ചതെന്നാണ് റഷ്യന്‍ അധികൃതര്‍ വ്യക്തമാക്കുന്നത്. എന്നാല്‍ അസദും കുടുംബവും എവിടെയാണ് താമസിക്കുന്നത് എന്നത് ഉള്‍പ്പെടെയുള്ള കാര്യങ്ങള്‍ വെളിപ്പെടുത്താന്‍ റഷ്യന്‍ പ്രസിഡന്റിന്റെ വക്താവ് ഡിമിത്രി പെസ്‌കോവ് വിസമ്മതിച്ചു.

അസദ് സിറിയ വിടുന്നതിന് മുമ്പ് തന്നെ ഭാര്യയും മക്കളും മോസ്‌ക്കോയില്‍ എത്തിയിരുന്നു. അസ്മ അല്‍ അസദ് അര്‍ബുദ രോഗം ഗുരുതരമായ അവസ്ഥയിലാണ് ഇപ്പോള്‍ ഉള്ളതെന്നാണ് റിപ്പോര്‍ട്ടുകള്‍. സിറിയയില്‍ അസദിന്റെ കൊട്ടാരത്തില്‍ നിര്‍മ്മിച്ചിരുന്ന രഹസ്യ തുരങ്കത്തിലൂടെയാണ് കുടുംബം രക്ഷപ്പെട്ടതെന്നാണ് ഇപ്പോള്‍ അറിയാന്‍ കഴിഞ്ഞിട്ടുള്ളത്. അസദ് സിറിയയിലെ റഷ്യന്‍ വ്യോമത്താവളത്തില്‍ നിന്ന് റഷ്യയുടെ വിമാനത്തിലാണ് രാജ്യം വിട്ടതെന്നാണ് ഇപ്പോള്‍ തെളിഞ്ഞിരിക്കുന്നത്.

വടക്ക് കിഴക്കന്‍ പ്രവിശ്യയിലെ ലറ്റാക്യാ വിമാനത്താവളത്തില്‍ നിന്ന് ഒരു റഷ്യന്‍ വിമാനം പറന്നുയരുന്നത് പലരും കണ്ടിരുന്നു. ഈ വിമാനത്തിലാണ് അസദ് രക്ഷപ്പെട്ടത് എന്ന് വേണം കരുതാന്‍. മാനുഷിക പരിഗണന നല്‍കിയാണ് അസദിനും കുടുംബത്തിനും രാഷ്ട്രീയ അഭയം നല്‍കിയതെന്നാണ് റഷ്യന്‍ സര്‍ക്കാര്‍ പറയുന്നത്. അസദും കുടുംബവും മോസ്‌ക്കോയിലെ സ്വന്തം അപ്പാര്‍ട്ട്മെന്റിലാണോ അതോ സര്‍ക്കാര്‍ നല്‍കിയ സുരക്ഷിത സ്ഥാനത്താണോ താമസിക്കുന്നത് എന്ന കാര്യവും വ്യക്തമല്ല.

അസദിന്റെ അമ്മാവനും സിറിയയിലെ ഏറ്റവും വലിയ സമ്പന്നരില്‍ ഒരാളുമായ മുഹമ്ദ് മക്ലൂഫിനും റഷ്യയുടെ വിവിധ ഭാഗങ്ങളില്‍ വന്‍ ആസ്തികളുണ്ട്. റഷ്യയിലെ ശതകോടീശ്വരന്‍മാര്‍ താമസിക്കുന്ന അത്യാഡംബര ഫ്ളാറ്റ് സമുച്ചയങ്ങളില്‍ പലയിടങ്ങളിലും അസദ് കുടബത്തിനും ഫ്ളാറ്റുകളുണ്ട്. ആഡംബരം നിറഞ്ഞ് നില്‍ക്കുന്ന ഈ ഫ്ളാറ്റുകളുടെ ഉള്‍ഭാഗത്തിന്റെ ദൃശ്യങ്ങളും ഇപ്പോള്‍ സമൂഹമാധ്യമങ്ങളില്‍ കാണാം.

ബ്രേക്കിംഗ് കേരളയുടെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക Whatsapp Group | Telegram Group | Google News

Related Articles

Back to top button
Close

Adblock Detected

Please consider supporting us by disabling your ad blocker