കൊച്ചി: ‘ജാതി വേണ്ട, മതം വേണ്ട, ദൈവം വേണ്ട മനുഷ്യന്’നവോത്ഥാന നായകനായിരുന്ന സഹോദരന്‍ അയ്യപ്പന്റെ ഈ വിപ്ലവ ആദര്‍ശത്തില്‍ ആകൃഷ്ടനായി, ഒരു ഈഴവ കുടുംബത്തില്‍ ജനിച്ച തന്റെ മകന് ജാതി വേര്‍തിരിവുകള്‍ക്ക് എതിരെയുള്ള സമരമെന്നോണം പിതാവ് ഗംഗാധരന്‍ ഇട്ട പേരായിരുന്നു ‘സലിം’. എന്നാല്‍ സ്‌കൂളില്‍ ചേര്‍ത്തപ്പോള്‍ ഉണ്ടായ മതപരമായ ആശയക്കുഴപ്പം ഒഴിവാക്കാന്‍ അധ്യാപകര്‍ പേരിനൊപ്പം ഒരു ‘കുമാര്‍’ കൂടി ചേര്‍ത്തതോടെയാണ് അദ്ദേഹം ‘സലിംകുമാര്‍’ ആയത്. ‘സ്‌കൂളില്‍ ചേരും വരെ ഞാന്‍ മുസ്ലിം ആയിരുന്നു, അതിനുശേഷമാണ് വിശാല ഹിന്ദുവായത്’ എന്ന് പില്‍ക്കാലത്ത് അദ്ദേഹം തന്നെ തമാശയായി പറഞ്ഞിട്ടുണ്ട്. വെള്ളിത്തിരയില്‍ മുപ്പത് വര്‍ഷം ചിരിയുടെയും ചിന്തയുടെയും വസന്തം തീര്‍ത്ത സലിംകുമാറിന്റെ ജീവിതം കൗതുകകരമായ ഇത്തരം രാഷ്ട്രീയ-സാമൂഹിക പശ്ചാത്തലങ്ങളാല്‍ സമൃദ്ധമായിരുന്നു.
പിതാവിന്റെ യുക്തിവാദ ചിന്തകള്‍ക്കൊപ്പം തന്നെ തീവ്രമായ കോണ്‍ഗ്രസ് രാഷ്ട്രീയവും സലിംകുമാറിനെ ചെറുപ്പത്തിലേ സ്വാധീനിച്ചിരുന്നു. ബാല്യകാലത്ത് പിതാവിനൊപ്പം കോണ്‍ഗ്രസിന്റെ രാഷ്ട്രീയ ജാഥകളിലും പൊതുസമ്മേളനങ്ങളിലും സ്ഥിരമായി പങ്കെടുത്തതാണ് അദ്ദേഹത്തെ ഒരു കോണ്‍ഗ്രസ് പ്രവര്‍ത്തകനാക്കി മാറ്റിയത്. മുന്‍ മുഖ്യമന്ത്രി കെ. കരുണാകരന്റെ അചഞ്ചലമായ വ്യക്തിത്വവും പ്രസംഗശൈലിയും സലിംകുമാറിനെ ഒരു കടുത്ത ‘കരുണാകര ഭക്തനാക്കി’ വളര്‍ത്തി. രാജന്‍ കേസിന്റെ വിസ്താര സമയത്ത് കേസ് ഫണ്ട് ശേഖരണത്തിനായി എത്തിയ കരുണാകരനെ ഒരു നോട്ടുമാല അണിയിച്ചതും, അന്ന് ലീഡര്‍ അദ്ദേഹത്തിന്റെ കവിളില്‍ തലോടിയതുമാണ് സലിംകുമാറിന്റെ രാഷ്ട്രീയ മനസ്സിനെ എക്കാലത്തേക്കും ഉറപ്പിച്ചുനിര്‍ത്തിയത്. താന്‍ എന്നും കോണ്‍ഗ്രസുകാരനും പാര്‍ട്ടിയിലെ ‘ഐ’ ഗ്രൂപ്പുകാരനുമാണെന്ന് പരസ്യമായി വ്യക്തമാക്കാന്‍ മടിക്കാത്ത, അതിന്റെ പേരില്‍ സിനിമയിലെ അവസരങ്ങള്‍ നഷ്ടപ്പെട്ടിട്ടുണ്ടെന്ന് തുറന്നുപറഞ്ഞ ധീരനായ രാഷ്ട്രീയ മുഖമായിരുന്നു അദ്ദേഹം.
വടക്കന്‍ പറവൂരില്‍ ഗംഗാധരന്‍-കൗസല്യ ദമ്പതികളുടെ മകനായി ജനിച്ച സലിംകുമാറിന്റെ കുട്ടിക്കാലം കടുത്ത സാമ്പത്തിക പ്രതിസന്ധികള്‍ നിറഞ്ഞതായിരുന്നു. കൊച്ചിയില്‍ കയര്‍ ബിസിനസ് നടത്തിയിരുന്ന അച്ഛന്റെ മരണശേഷം, അമ്മ കൗസല്യ കയറുപിരിച്ച് കിട്ടുന്ന തുച്ഛമായ വരുമാനം കൊണ്ടാണ് സലിമിനെ വളര്‍ത്തിയത്. ദാരിദ്ര്യത്തിന്റെ കയ്പുനീരിലും കലയെ നെഞ്ചേറ്റിയ അദ്ദേഹം പറവൂര്‍ ഹൈസ്‌കൂളില്‍ പഠിക്കുമ്പോള്‍ ‘ഷെല്‍ട്ടര്‍’ എന്ന നാടകത്തിലൂടെയാണ് ആദ്യമായി സ്റ്റേജില്‍ കയറുന്നത്. പിന്നീട് മാല്യങ്കര എസ്.എന്‍.എം. കോളേജിലും എറണാകുളം മഹാരാജാസ് കോളേജിലുമായി വിദ്യാഭ്യാസം പൂര്‍ത്തിയാക്കുമ്പോഴേക്കും മിമിക്രി രംഗത്തെ ഒഴിച്ചുകൂടാനാവാത്ത സാന്നിധ്യമായി അദ്ദേഹം മാറിക്കഴിഞ്ഞിരുന്നു.
കൊച്ചിന്‍ കലാഭവന്‍ എന്ന വിഖ്യാത മിമിക്രി ട്രൂപ്പിലൂടെയാണ് സലിംകുമാര്‍ തന്റെ കലാജീവിതം സജീവമാക്കുന്നത്. ദൂരദര്‍ശനിലും ഏഷ്യാനെറ്റിലും അവതരിപ്പിച്ച കോമഡി പരിപാടികള്‍ അദ്ദേഹത്തിന് വലിയ ജനപ്രീതി നേടിക്കൊടുത്തു. മഹാരാജാസില്‍ പഠിക്കുന്ന കാലത്ത് ടെലിവിഷന്‍ ഷോകളില്‍ തിളങ്ങിയ അദ്ദേഹത്തിലെ പ്രതിഭയെക്കുറിച്ച് നടന്‍ നാദിര്‍ഷായാണ് സംവിധായകന്‍ സിദ്ദിഖിനോട് പറയുന്നത്. അങ്ങനെ 1996-ല്‍ സിദ്ധിക് ഷമീറിന്റെ ‘ഇഷ്ടമാണ് നൂറുവട്ടം’ എന്ന ചിത്രത്തിലൂടെ അദ്ദേഹം വെള്ളിത്തിരയിലെത്തി. തന്റെ വിവാഹത്തിന്റെ തൊട്ടടുത്ത ദിവസം വിരുന്നിന് വിളിച്ച ബന്ധുക്കളോട് ‘ഷൂട്ടിങ് കഴിഞ്ഞ് ഫ്രീ ആകുമ്പോള്‍ വരാം’ എന്ന് പറഞ്ഞ് ക്യാമറയ്ക്ക് മുന്നിലേക്ക് നടന്ന സലിമേട്ടന് പിന്നീട് കരിയറില്‍ തിരിഞ്ഞുനോക്കേണ്ടി വന്നിട്ടില്ല.
റാഫി-മെക്കാര്‍ട്ടിന്‍ കൂട്ടുകെട്ടിന്റെ ‘തെങ്കാശിപ്പട്ടണം’ സൂപ്പര്‍ഹിറ്റായതോടെ സലിംകുമാര്‍ മലയാള സിനിമയിലെ ഹാസ്യസാമ്രാട്ടായി സിംഹാസനമുറപ്പിച്ചു. കല്യാണരാമന്‍, പുലിവാല്‍ കല്യാണം, തിളക്കം, ചതിക്കാത്ത ചന്തു, പാണ്ടിപ്പട, മീശമാധവന്‍, സിഐഡി മൂസ, മായാവി തുടങ്ങിയ ചിത്രങ്ങളിലൂടെ അദ്ദേഹം ജനങ്ങളെ ചിരിപ്പിച്ചു കൊന്നു. മണവാളനും, പ്യാരിയും, ഡാന്‍സ് മാസ്റ്റര്‍ വിക്രമുമെല്ലാം മലയാളികളുടെ നിത്യജീവിതത്തിലെ സംഭാഷണ ശൈലിയുടെ ഭാഗമായി മാറി. വാക്ചാതുരി കൊണ്ടും സവിശേഷമായ ശരീരഭാഷ കൊണ്ടും അദ്ദേഹം കോമഡി രംഗങ്ങളില്‍ പുതിയൊരു പാറ്റേണ്‍ തന്നെ സൃഷ്ടിച്ചു.
‘ചാണകത്തിലും പഴത്തൊലിയിലും ചെളിയിലും ചവുട്ടി വീണ് ഇളിക്കുന്ന’ തന്റെ തന്നെ സ്ഥിരം ഹാസ്യ കഥാപാത്രങ്ങളെ സലിംകുമാര്‍ സ്വയം വെല്ലുവിളിക്കുന്നത് ലാല്‍ ജോസ് സംവിധാനം ചെയ്ത ‘അച്ഛനുറങ്ങാത്ത വീട്’ എന്ന ചിത്രത്തിലൂടെയാണ്. സലിമില്‍ ഒരു കോമാളിയെയല്ല, മറിച്ച് തികച്ചും ഗൗരവമുള്ള ഒരു മനുഷ്യനെയാണ് താന്‍ എപ്പോഴും കണ്ടിട്ടുള്ളതെന്ന ലാല്‍ ജോസിന്റെ ദീര്‍ഘവീക്ഷണം ശരിവെക്കുന്നതായിരുന്നു ആ ചിത്രത്തിലെ പ്രകടനം. മകളുടെ ദയനീയമായ അവസ്ഥയില്‍ ഉരുകിത്തീരുന്ന ഒരു പിതാവിന്റെ വേദന അത്രമേല്‍ കൃത്യതയോടെ അദ്ദേഹം അവതരിപ്പിച്ചപ്പോള്‍ പ്രേക്ഷകര്‍ അത്ഭുതത്തോടെയാണ് ആ നടനെ നോക്കിക്കണ്ടത്.
വെറുമൊരു ഹാസ്യനടന്‍ മാത്രമല്ല താനെന്ന് തെളിയിച്ച സലിംകുമാറിന്റെ കരിയറിലെ ഏറ്റവും നിര്‍ണ്ണായകമായ വഴിത്തിരവായിരുന്നു സലീം അഹമ്മദ് സംവിധാനം ചെയ്ത ‘ആദാമിന്റെ മകാന്‍ അബു’. ഹജ്ജിന് പോകുക എന്നത് ജീവിതത്തിലെ ഏറ്റവും വലിയ പുണ്യമായി കണ്ട് അതിനായി ജീവിക്കുന്ന അബു എന്ന വൃദ്ധനായ അത്തര്‍ വില്‍പ്പനക്കാരന്റെ വേഷം സലിംകുമാറിന്റെ അഭിനയ ജീവിതത്തിലെ കിരീടമായി മാറി. ഒരു സാധാരണക്കാരന്റെ അചഞ്ചലമായ വിശ്വാസത്തെയും നിസ്സഹായതയെയും അത്രമേല്‍ സ്വാഭാവികതയോടെ ആവാഹിച്ച ആ പ്രകടനത്തിന് 2010-ലെ മികച്ച നടനുള്ള ദേശീയ പുരസ്‌കാരവും സംസ്ഥാന പുരസ്‌കാരവും ഒരേസമയം അദ്ദേഹത്തെ തേടിയെത്തി.
സ്വന്തമായി തിരക്കഥയെഴുതി സംവിധാനം ചെയ്ത ‘കറുത്ത ജൂതന്‍’ എന്ന ചിത്രത്തിലൂടെ സലിംകുമാര്‍ എന്ന ചലച്ചിത്രകാരന്റെ മറ്റൊരു മുഖം കൂടി മലയാളികള്‍ കണ്ടു. തന്റെ പതിവ് ഹാസ്യശൈലി പൂര്‍ണ്ണമായും മാറ്റിവെച്ച്, വലിയ ഡയലോഗുകളോ നാടകീയതയോ ഇല്ലാതെ, വെറും നിശ്ശബ്ദതയിലൂടെയും കണ്ണുകളിലൂടെയും വികാരങ്ങള്‍ പ്രകടിപ്പിക്കുന്നതായിരുന്നു ആ ചിത്രത്തിലെ അദ്ദേഹത്തിന്റെ അഭിനയം. ഈ ചിത്രത്തിലൂടെ ആ വര്‍ഷത്തെ മികച്ച കഥാകൃത്തിനുള്ള സംസ്ഥാന ചലച്ചിത്ര പുരസ്‌കാരവും അദ്ദേഹം സ്വന്തമാക്കി. മകരമഞ്ഞ്, പത്തേമാരി, കന്യക ടാക്കീസ്, ഫയര്‍മാന്‍ തുടങ്ങിയ ചിത്രങ്ങളിലെല്ലാം ഗൗരവമുള്ള സ്വഭാവനടന്റെ അപൂര്‍വ്വമായ വേഷപ്പകര്‍ച്ചകള്‍ പ്രേക്ഷകര്‍ കണ്ടതാണ്.
പല നടന്മാരും തങ്ങളുടെ കരിയറിലെ ഒരു പ്രത്യേക ഇമേജില്‍ കുടുങ്ങിപ്പോകുമ്പോള്‍, സ്വന്തം അഭിനയശേഷിയുടെ വ്യാപ്തി തെളിയിച്ച് ആ മതില്‍ക്കെട്ടുകള്‍ തകര്‍ത്തതുവഴിയാണ് സലിംകുമാര്‍ വ്യത്യസ്തനാകുന്നത്. മികച്ച ഹാസ്യനടനും മികച്ച സ്വഭാവനടനും ഒരേസമയം ആകാന്‍ കഴിഞ്ഞു എന്നതാണ് അദ്ദേഹത്തിന്റെ അപൂര്‍വ്വത. ജീവിതമാര്‍ഗ്ഗം എന്ന അര്‍ത്ഥത്തില്‍ തനിക്ക് ലഭിച്ച വേഷങ്ങള്‍ കൃത്യമായി ഫലിപ്പിക്കുകയും, വല്ലപ്പോഴും തേടിയെത്തുന്ന നല്ല കഥാപാത്രങ്ങളിലേക്ക് ആഴ്ന്നിറങ്ങുകയും ചെയ്തപ്പോഴാണ് അദ്ദേഹം ഒരേസമയം നടനും ജനപ്രിയ താരവുമായി മാറിയത്.
കെ. കരുണാകരന്‍ എന്ന പ്രഗത്ഭനായ രാഷ്ട്രീയ നേതാവിനോടുള്ള ആരാധന സലിംകുമാര്‍ ഒരിക്കലും ഒളിച്ചുവെച്ചിരുന്നില്ല. പറവൂര്‍ ട്രാന്‍സ്‌പോര്‍ട്ട് സ്റ്റാന്‍ഡിന്റെ കല്ലിടല്‍ ചടങ്ങില്‍ വെച്ച് രാഷ്ട്രീയ എതിരാളികളെപ്പോലും ചിരിപ്പിക്കുന്ന രീതിയില്‍ ലീഡര്‍ പ്രസംഗിച്ചത് തന്റെ ആരാധന ഇരട്ടിയാക്കിയെന്ന് അദ്ദേഹം അഭിമാനത്തോടെ പറയുമായിരുന്നു. സിനിമയില്‍ അവസരങ്ങള്‍ നഷ്ടപ്പെടുമെന്ന് ഭയന്ന് പലരും തങ്ങളുടെ രാഷ്ട്രീയ നിലപാടുകള്‍ മൂടിവെച്ചപ്പോള്‍, കോണ്‍ഗ്രസ് വേദികളില്‍ കയറി ഇടതുപക്ഷ ഭരണത്തെ വിട്ടുവീഴ്ചയില്ലാതെ വിമര്‍ശിക്കാന്‍ സലിംകുമാര്‍ കാണിച്ച ധൈര്യം അദ്ദേഹത്തിന്റെ കുടുംബ പശ്ചാത്തലത്തില്‍ നിന്നും പിതാവ് പകര്‍ന്നുനല്‍കിയ നട്ടെല്ലില്‍ നിന്നും ഉണ്ടായതായിരുന്നു.
കേരളം ചുണ്ടിലേറ്റിയ വലിയൊരു ചിരിയുടെയും ഒപ്പം നോവിച്ച ഒരുപിടി നല്ല കഥാപാത്രങ്ങളുടെയും വലിയൊരു അധ്യായത്തിനാണ് സലിംകുമാറിന്റെ വിയോഗത്തോടെ വിരാമമാകുന്നത്. ജാതിയും മതവുമില്ലാത്ത ഒരു മനുഷ്യനായി ജീവിക്കാന്‍ പഠിപ്പിച്ച അച്ഛന്‍ ഗംഗാധരന്റെയും, പ്രതിസന്ധികളില്‍ തണലായ അമ്മ കൗസല്യയുടെയും ജീവിതപാഠങ്ങള്‍ വെള്ളിത്തിരയിലെ പദവികള്‍ക്കിടയിലും അദ്ദേഹത്തെ ഒരു സാധാരണക്കാരനായി നിലനിര്‍ത്തി. മണവാളനായും അബുവായും ഒരേസമയം നമ്മെ വിസ്മയിപ്പിച്ച സലീമേട്ടന്‍ ഓര്‍മ്മയാകുമ്പോഴും, അദ്ദേഹം സമ്മാനിച്ച ആ ചിരികളും നിലപാടുകളും മലയാളികളുടെ മനസ്സില്‍ എന്നും ജ്വലിച്ചുനില്‍ക്കും.
Born into a family inspired by rationalist ideas, Salim Kumar’s life was shaped by early struggles and a deep-rooted passion for Congress politics. From a beloved mimicry artist to a National Award-winning actor through ‘Adaminte Makan Abu’, he shattered the stereotypes of being just a comedian. His unapologetic political stances and versatile acting left an indelible mark on Malayalam cinema and Kerala’s cultural landscape.

