സി പി.എം- ബി.ജെ.പി ഡീൽ എന്ന ആരോപണത്തിൽ വ്യക്തത വേണം, കോൺഗ്രസ് നേതൃത്വത്തിന് കത്തു നൽകി സി.പി.എം ; ഇന്ത്യാ സഖ്യത്തിൽ പ്രതിസന്ധി

ന്യൂഡൽഹി: ഇന്ത്യ സഖ്യത്തിൽ കടുത്ത നിലപാടുമായി സിപിഎം. സിപിഎം-ബിജെപി ഡീൽ എന്ന കോൺഗ്രസ് ആരോപണത്തിൽ മല്ലികാർജുൻ ഖാർഗെയ്ക്ക് സിപിഎം ജനറൽ സെക്രട്ടറി എം.എ. ബേബി കത്തെഴുതി. വിഷയത്തിൽ നിലപാട് വ്യക്തമാക്കിയില്ലെങ്കിൽ ഇന്ത്യ സഖ്യത്തിന്റെ പ്രസക്തി നഷ്ടമാകുമെന്നും സിപിഎം ജനറൽ സെക്രട്ടറി കത്തിൽ ഓർമ്മിപ്പിച്ചു. കത്തിന്റെ പകർപ്പ് ഇന്ത്യ സഖ്യത്തിന്റെ മറ്റു നേതാക്കൾക്കും എം.എ. ബേബി കൈമാറി.

തിങ്കളാഴ്ച ഇന്ത്യ സഖ്യത്തിന്റെ യോഗം ചേരാനിരിക്കെയാണ് കോൺഗ്രസ് അധ്യക്ഷന് സിപിഎം ജനറൽ സെക്രട്ടറി അസാധാരണ കത്ത് നൽകിയത്. കഴിഞ്ഞ തിരഞ്ഞെടുപ്പ് സമയത്ത് കോൺഗ്രസ് ദേശീയാധ്യക്ഷൻ മല്ലികാർജുൻ ഖാർഗെയും പ്രതിപക്ഷനേതാവ് രാഹുൽ ഗാന്ധിയും പ്രിയങ്കാ ഗാന്ധിയുമടക്കമുള്ള നേതാക്കൾ കേരളത്തിൽ പ്രചരണത്തിനെത്തിയിരുന്നു. പ്രചാരണത്തിലുടനീളം, സിപിഎം- ബിജെപി ഡീൽ എന്നും പിണറായി വിജയൻ മോദിയുമായി ഡീൽ ഉണ്ടാക്കി എന്നും എന്തുകൊണ്ട് പിണറായി വിജയനെ ഇഡി അറസ്റ്റ് ചെയ്തില്ല എന്നടക്കമുള്ള ആരോപണം ഉയർത്തിയിരുന്നു. ഇതിനെ ലളിതമായി കാണാനാകില്ല എന്നാണ് സിപിഎം ജനറൽ സെക്രട്ടറി കോൺഗ്രസ് ദേശീയാധ്യക്ഷന് അയച്ചിരിക്കുന്ന കത്തിൽ പറഞ്ഞിരിക്കുന്നത്.

തിരഞ്ഞെടുപ്പ് പ്രചാരണത്തിന്റെ ഭാഗമായി നടത്തിയ ആരോപണമായി ഇതിനെ കാണാനാകില്ല. കോൺഗ്രസ് നടത്തിയ ആസൂത്രിത ആരോപണമെന്നാണ് എം.എ. ബേബി കത്തിൽ വിശേഷിപ്പിച്ചിരിക്കുന്നത്. ഇത്തരം ആരോപണം ഉന്നയിക്കുന്നതിലൂടെ സിപിഎമ്മിനെ പ്രതിരോധത്തിലാക്കുക എന്ന ലക്ഷ്യം കൂടി കോൺഗ്രസിന് ഉണ്ടായിരുന്നുവെന്നും കത്തിൽ പറയുന്നു.

2023ൽ ഇന്ത്യ സഖ്യം ഉണ്ടായതുമുതൽ സഖ്യത്തിന്റെ നെടുംതൂണായി പ്രവർത്തിച്ച ഒരു പാർട്ടിയാണ് സിപിഎം. അതുകൊണ്ട് തന്നെ ആരോപണത്തെ സംബന്ധിച്ച് വ്യക്തത വരുത്തണമെന്നും കത്തിൽ ആവശ്യപ്പെടുന്നു. വ്യക്തത വരുത്താത്തിടത്തോളം കാലം ഇന്ത്യ സഖ്യത്തിന്റെ പ്രസക്തി നഷ്ടപ്പെടുത്തുന്ന രീതിയിലേക്ക് കാര്യങ്ങൾ പോകുമെന്നും എം.എ. ബേബി ചൂണ്ടിക്കാട്ടി.

കോൺഗ്രസ് അധ്യക്ഷന് അയക്കുന്ന കത്തിന്റെ പകർപ്പ് ഇന്ത്യ സഖ്യത്തിലെ മറ്റു പാർട്ടികൾക്ക് കൈമാറുന്ന രീതി ഉണ്ടായിരുന്നില്ല. എന്നാൽ ഈ കത്തിന്റെ പകർപ്പ് എം.എ. ബേബി ഇന്ത്യ സഖ്യത്തിലെ എല്ലാ കക്ഷി നേതാക്കൾക്കും കൈമാറിയിട്ടുണ്ട് എന്നതും ശ്രദ്ധേയമാണ്.

അതേസമയം ഡിഎംകെയും ഇന്ത്യ സഖ്യത്തിൽ ഇടഞ്ഞുനിൽക്കുകയാണ്. തമിഴ്നാട്ടിൽ കോൺഗ്രസ് നടത്തിയ വഞ്ചനയുടെ പശ്ചാത്തലത്തിൽ ഇന്ത്യാ സഖ്യത്തിന്റെ യോഗത്തിൽ പങ്കെടുക്കേണ്ടതില്ല എന്ന തീരുമാനത്തിലാണ് ഡിഎംകെ. ഇതിന് പിന്നാലെയാണ് എം.എ. ബേബിയുടെ കത്തും ലഭിക്കുന്നത്. ഇതോടൊപ്പം തന്നെ ഝാർഖണ്ഡിലും പ്രതിസന്ധി ഉയർന്നിട്ടുണ്ട്. തങ്ങളുമായി ആലോചിക്കാതെ രാജ്യസഭാ സ്ഥാനാർഥികളെ കോൺഗ്രസ് നിശ്ചയിച്ചതിൽ ജെഎംഎം ഇടഞ്ഞു നിൽക്കുകയാണ്.

ബ്രേക്കിംഗ് കേരളയുടെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക Whatsapp Group | Telegram Group | Google News