വിശപ്പിന്റെ മറുവാക്ക് പച്ചവെള്ളമായി മാറിയ കാലം, കയറുപിരിച്ച് അമ്മയുടെ കൈത്തലം പൊട്ടി ചോരവരുന്നത് നോക്കിനിന്ന മകൻ, മീമുകൾക്കപ്പുറത്തെ സലിം കുമാർ ജീവിതം

കൊച്ചി: ട്രൗസർ കീറിയ സമയത്തായിരുന്നു എന്റെ ബാല്യം…..’ ചിരിയുടെ തിരകൾക്കപ്പുറത്തേക്ക് നോക്കിയാൽ സലീമെന്ന കണ്ണീർക്കടൽ കാണാം… കൊച്ചിയിൽ കയർ ബിസിനസ്സായിരുന്നു സലിമിന്റെ അച്ഛൻ ഗംഗാധരന്. സലിം ജനിക്കുമ്പോൾ അച്ഛന്റെ കാലം നല്ലതായിരുന്നു. പക്ഷേ, സഹകരണസംഘങ്ങൾ വന്നതോടെ നല്ലകാലത്തിന് തിരശ്ശീല വീണ് കഷ്ടകാലത്തിന്റെ സീനുകൾ നിറഞ്ഞു. വിശപ്പിന്റെ മറുവാക്ക് പച്ചവെള്ളമായി മാറിയ കാലം. ഇതിനിടയിൽ അച്ഛൻ മരിച്ചു.

അമ്മ കൗസല്യ കയറുപിരിച്ചാണ് സലിമിനെ പിന്നെ വളർത്തിയത്. കൈകൊണ്ട് കയറുപിരിച്ച് അമ്മയുടെ കൈത്തലം പൊട്ടി ചോരവരുന്നത് കണ്ണീരോടെ നോക്കിനിന്ന കാലമുണ്ടായിരുന്നു സലിമിന്. പൗർണമി നിലാവുള്ള കുംഭമാസ രാവുകളിൽ കുട്ടി സലിമിനെ അമ്മ പൂർണ നഗ്നനാക്കി നിർത്തും. പിന്നെ നാലായി മുറിച്ച ചേമ്പും ചേനയും കൈയിൽ വെച്ചുകൊടുക്കും, ആ കൈകൾ മുകളിലേക്ക് ഉയർത്താൻ പറയും. ആ സമയം അമ്മ പ്രാർഥിക്കും, ’പൂർണചന്ദ്രനെ പോലെ വിളയണേ…’ അതേക്കുറിച്ച് സലിം വലിയ ചിരിയോടെ പറഞ്ഞിരുന്നതിങ്ങനെ ’കുട്ടിയായിരിക്കുമ്പോൾ എല്ലാ കുംഭമാസത്തിലും എനിക്ക് തുണിയഴിക്കേണ്ടി വന്നിരുന്നു…’

ഒരിക്കൽ സലിം ഇങ്ങനെ പറഞ്ഞു…’അച്ഛനുപകരം അമ്മയാണ് മരിച്ചതെങ്കിൽ ഞാനന്ന് ആത്മഹത്യ ചെയ്യുമായിരുന്നു…അമ്മയെ കുറിച്ച് എന്റെ മനസ്സിലുള്ള രൂപം അമ്മ പശുവിന് പുല്ല് മുറിക്കുന്നതാണ്. പച്ച ബ്ലൗസും വെള്ളമുണ്ടുമായിരുന്നു അമ്മയുടെ വേഷം…’

കോളേജിലെത്തിയപ്പോൾ തനിക്കൊരു സിനിമാ നടനാകണമെന്നാണ് ആഗ്രഹമെന്ന് സലിം അമ്മയോട് പറഞ്ഞു. മോനെ, അതൊക്കെ നല്ലതാണ്. പക്ഷേ, നമുക്ക് പറ്റിയതല്ലെന്നും വലിയ വലിയ ആളുകൾക്ക് പറ്റിയതാണെന്നും പറഞ്ഞ് എപ്പോഴും അമ്മ സലിമിനെ നിരുത്സാഹപ്പെടുത്തി. സിനിമാനടന്മാരെ കണ്ടിട്ടുള്ളതിനാൽ എന്റെ ഈ രൂപം അതിന് പറ്റിയതല്ലെന്ന് അമ്മയ്ക്ക് അറിയാമായിരുന്നെന്ന് സലിം എപ്പോഴും ചിരിയോടെ പറഞ്ഞിരുന്നു.

അമ്മയുടെ ഓർമ്മകളിൽ ജീവിച്ച ആ മകൻ ജന്മനാടായ പൂയപ്പിള്ളിയിലെ കളരിക്കൽ ക്ഷേത്രത്തിന് പണിതുനൽകിയ സ്റ്റേജിന് അമ്മയുടെ പേരാണ് നൽകിയത്.

ബ്രേക്കിംഗ് കേരളയുടെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക Whatsapp Group | Telegram Group | Google News