പൊലീസ് പരിശോധനക്ക് എത്തിയപ്പോൾ കുക്കറിലെ ചോറിൽ കഞ്ചാവ് ഒളിപ്പിച്ചു; വിസിലടിച്ചപ്പോൾ മണം പരന്നു, പ്രതി അകത്ത്

കുക്കറിലെ ചോറിൽ കഞ്ചാവ് ഒളിപ്പിച്ചു; വിസിലടിച്ചപ്പോൾ മണം പരന്നു, പ്രതിയെ പൊക്കി പൊലീസ്

തൃശൂർ: ഓപ്പറേഷൻ തൂഫാനുമായി ബന്ധപ്പെട്ട പരിശോധനയിൽ കുക്കറിലെ തിളപ്പിച്ച ചോറിൽ ഒളിപ്പിച്ച കഞ്ചാവ് കണ്ടെത്തി. അടുപ്പൂട്ടി സ്വദേശിയായ തെങ്ങിങ്കൽ വീട്ടിൽ ബിനീഷിനെ (40) 400 ഗ്രാം കഞ്ചാവുമായി അറസ്റ്റു ചെയ്തു. അന്വേഷണത്തിൽ പ്രതിക്ക് രണ്ടു കേസുകളുണ്ടെന്നു വ്യക്തമായി. എക്സൈസ് ഇൻസ്പെക്ടർക്കും സംഘത്തിനും എതിരേ കത്തിവീശിയ സംഭവത്തിലെ പ്രതിയാണ് ബിനീഷ്.

കുന്നംകുളം സബ് ഇൻസ്പെക്ടർ രാകേഷിന് അടുപ്പൂട്ടിയിലെ ഒരു വീട്ടിൽ കഞ്ചാവുണ്ടെന്ന് രഹസ്യവിവരം ലഭിക്കുകയായിരുന്നു. അന്വേഷണസംഘം വീട്ടിലെ വിവിധയിടങ്ങളിൽ പരിശോധിച്ചു. പരിശോധനയ്ക്കിടെ അടുക്കളയിൽ നിന്നും കുക്കർ വിസിലടിച്ചു. കഞ്ചാവിന്റെ മണം ലഭിച്ച പൊലീസ് അടുക്കളയിലെത്തി. കുക്കർ പരിശോധിച്ചപ്പോൾ അടുപ്പിൽ തിളച്ചിരുന്ന ചോറിൽനിന്നും കഞ്ചാവ് പൊതി കണ്ടെത്തി.

കുന്നംകുളം, ഗുരുവായൂർ ഡാൻസാഫ് ടീമും കുന്നംകുളം പൊലീസ് സ്റ്റേഷൻ സബ് ഇൻസ്പെക്ടർ ശരത് സോമൻ, ഡാൻസാഫ് സ്ക്വാഡ് സബ് ഇൻസ്പെക്ടർ രാകേഷ് എന്നിവരടങ്ങുന്ന സംഘവും ചേർന്നാണ് കഞ്ചാവ് കണ്ടെത്തിയത്. ഓപ്പറേഷന്‍ തൂഫാന്‍റെ ഭാഗമായി സംസ്ഥാന വ്യാപകമായി നടത്തിയ സ്പെഷല്‍ ഡ്രൈവില്‍ വിവിധതരത്തിലുള്ള നിരോധിത ലഹരിമരുന്ന് കൈവശം വച്ചതിന് 231 കേസുകള്‍ റജിസ്റ്റര്‍ ചെയ്തു. 241 പേരാണ് അറസ്റ്റിലായത്. ഈ കേസുകളിൽ എംഡിഎംഎ (0.110 കി.ഗ്രാം), കഞ്ചാവ് (15.591 കി.ഗ്രാം), കഞ്ചാവ് ബീഡി (149 എണ്ണം) എന്നിവ പിടിച്ചെടുത്തു.

(ലഹരി വിപണനത്തെക്കുറിച്ചുള്ള വിവരങ്ങള്‍ നേരിട്ടും (9497979794, 9497927797) വാട്സാപ് (9995966666) മുഖേനയും പൊലീസിനെ അറിയിക്കാം. ഈ നമ്പറുകളിലേക്ക് ബന്ധപ്പെടുന്നവരുടെ വിവരങ്ങള്‍ രഹസ്യമായി സൂക്ഷിക്കും)

ബ്രേക്കിംഗ് കേരളയുടെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക Whatsapp Group | Telegram Group | Google News