നരേന്ദ്ര മോദിയുടെ ജനപിന്തുണ ഇടിയുന്നുവെന്ന് സര്‍വ്വേ
ന്യൂഡല്‍ഹി: പ്രധാനമന്ത്രി നരേന്ദ്ര മോദിയുടെ ജനപിന്തുണയില്‍ ആറുമാസത്തിനിടെ മൂന്നു ശതമാനത്തിന്റെ ഇടിവ്. ഇന്ത്യാ ടുഡേ-കാര്‍വി ഇന്‍സൈറ്റ്‌സ് മൂഡ് ഓഫ് ദി നേഷന്‍ സര്‍വേയിലാണ് 2019 ഓഗസ്റ്റില്‍ നിന്ന് 2020 ജനുവരി എത്തിയപ്പോള്‍ മോദിയുടെ ജനപിന്തുണയില്‍ മൂന്നു ശതമാനം ഇടിവ് സംഭവിച്ചതായി കണ്ടെത്തിയിരിക്കുന്നത്. രാജ്യത്തെ ഏറ്റവും മികച്ച പ്രധാനമന്ത്രി ആരെന്ന അഭിപ്രായ സര്‍വേയില്‍ മോദി തന്നെയാണ് ഇപ്പോഴും മുന്നിലെങ്കിലും 37 ശതമാനം പേരുടെ പിന്തുണയുണ്ടായിരുന്ന മോദിക്ക് ഇപ്പോള്‍ അത് 34 ശതമാനമായി കുറഞ്ഞു.
ഇന്ദിരാ ഗാന്ധിയാണ് രണ്ടാമത് എത്തിയത്. 16 ശതമാനം പേരുടെ പിന്തുണയാണ് ഇന്ദിരാ ഗാന്ധിക്കുള്ളത്. ഇന്ദിരയുടെ പിന്തുണ 2019നേക്കാള്‍ രണ്ടുശതമാനം വര്‍ധിച്ചിട്ടുണ്ട്. 13 ശതമാനം പേര്‍ എ.ബി. വാജ്‌പേയിയെ പിന്തുണച്ചു. പൗരത്വനിയമ ഭേദഗതി, ദേശീയ പൗരത്വ രജിസ്റ്റര്‍, സാമ്പത്തിക തകര്‍ച്ച, തൊഴിലില്ലായ്മ തുടങ്ങിയ വിഷയങ്ങളാണ് ജനപിന്തുണ ഇടിയാന്‍ കാരണമെന്നും സര്‍വേ വിലയിരുത്തുന്നു.