ടൊറന്റോ: ലോകകപ്പ് ഫുട്ബോളിന്റെ ആവേശം വാനോളമുയരുന്ന ഗ്രൂപ്പ് ബിയിലെ മത്സരത്തിൽ ആതിഥേയരായ കാനഡയ്ക്ക് അപ്രതീക്ഷിത തിരിച്ചടി. സ്വന്തം നാട്ടുകാർക്ക് മുന്നിൽ തകർപ്പൻ ജയം പ്രതീക്ഷിച്ചിറങ്ങിയ കാനഡയെ കരുത്തരായ ബോസ്നിയ ഹെർസെഗോവിന സമനിലയിൽ (1-1) തളച്ചു. മത്സരത്തിന്റെ 21-ാം മിനിറ്റിൽ ജോവോ ലുക്കിച്ചിലൂടെ മുന്നിലെത്തിയ ബോസ്നിയക്കെതിരേ 79-ാം മിനിറ്റിൽ സൂപ്പർ താരം കൈൽ ലാറിൻ നേടിയ ഗോളിലാണ് കാനഡ കഷ്ടിച്ച് സമനില പിടിച്ചെടുത്തത്. കാനഡ നിരയിൽ 75-ാം മിനിറ്റിൽ പകരക്കാരനായി ഇറങ്ങി വെറും നാലു മിനിറ്റിനുള്ളിൽ ഗോൾ നേടി കൈൽ ലാറിൻ ടീമിന്റെ രക്ഷകനായി മാറുകയായിരുന്നു. ലോകകപ്പ് യോഗ്യതാ റൗണ്ടിൽ വമ്പന്മാരായ ഇറ്റലിയെ അട്ടിമറിച്ച് ചരിത്ര യോഗ്യത നേടിയെത്തിയ ബോസ്‌നിയ തങ്ങളുടെ ആ കളിമികവ് ലോകകപ്പിലെ ആദ്യ മത്സരത്തിലും ആവർത്തിക്കുന്ന കാഴ്ചയാണ് ടൊറന്റോയിൽ കണ്ടത്. മറുവശത്ത് പരിക്കേറ്റ പ്രമുഖ ഫുൾബാക്ക് അൽഫോൺസോ ഡേവിസിന്റെ അഭാവം കാനഡയുടെ കളിയിലെ താളപ്പിഴകളിൽ വ്യക്തമായി നിഴലിച്ചുനിന്നിരുന്നു.
കളിയുടെ തുടക്കത്തിൽ ഇരു ടീമുകളും ഒപ്പത്തിനൊപ്പം നിൽക്കുന്ന മികച്ച ആക്രമണങ്ങളുമായി കളംനിറഞ്ഞു കളിക്കുന്ന ആവേശകരമായ കാഴ്ചയായിരുന്നു. എന്നാൽ ആദ്യ 10 മിനിറ്റിനു ശേഷം കളിയിൽ കൃത്യമായ താളം കണ്ടെത്തിയ കാനഡ കളംപിടിക്കുകയും മികച്ച മുന്നേറ്റങ്ങൾ നടത്തി ബോസ്നിയൻ നിരയെ കടുത്ത പ്രതിരോധത്തിലാക്കുകയും ചെയ്തു. എന്നാൽ ഇതിനെയെല്ലാം അതിജീവിച്ച് മികച്ച പ്രതിരോധക്കോട്ട കെട്ടിയാണ് ബോസ്നിയ കളംനിറഞ്ഞത്. കാനഡയുടെ മുന്നേറ്റ നിരയിലെ കരുത്തരായ ജൊനാഥൻ ഡേവിഡും ടാനി ഒലുവസെയിയും ടയോൺ ബുക്കാനനുമെല്ലാം ഗോളിനായി നിരന്തരം ആഞ്ഞു ശ്രമിച്ചിട്ടും ബോസ്നിയയുടെ ഉറച്ച പ്രതിരോധ നിര ഭേദിക്കാൻ അവർക്ക് ആദ്യ പകുതിയിൽ സാധിച്ചതേയില്ല.
കാനഡ ആക്രമണം കടുപ്പിക്കുന്നതിനിടെ 21-ാം മിനിറ്റിൽ കളിയുടെ ഗതിക്ക് തികച്ചും വിപരീതമായി കാനഡയെ ഞെട്ടിച്ചുകൊണ്ട് ബോസ്നിയയുടെ ആദ്യ ഗോളെത്തി. ഇവാൻ ബാസിച്ച് എടുത്ത മനോഹരമായ ഒരു കോർണർ കിക്കിൽ നിന്നായിരുന്നു ഈ ഗോളിന്റെ ജനനം. കാനഡ ബോക്സിലേക്ക് കൃത്യമായി വന്ന പന്ത് പോസ്റ്റിന് തൊട്ടുമുന്നിൽവെച്ച് തലകൊണ്ട് സെഡ് കൊളാസിനാക്, സഹതാരമായ ജോവോ ലുക്കിച്ചിന് കൃത്യമായി മറിച്ചുകൊടുക്കുകയായിരുന്നു. പന്ത് ലഭിച്ചയുടൻ ലുക്കിച്ചിന്റെ ഭാഗത്തുനിന്നുണ്ടായ തകർപ്പൻ ഹെഡർ തടയാൻ കാനഡ ഗോൾകീപ്പർ മാക്സിമെ ക്രെപൗവിന് യാതൊരു അവസരവും ലഭിച്ചില്ല.
സ്വന്തം മണ്ണിൽ ഒരു ഗോളിന് പിന്നിലായതോടെ കാനഡയുടെ ആക്രമണങ്ങൾക്ക് കൂടുതൽ ജീവൻവെച്ചു. മില്ലറും ലാറിയയും വിങ്ങുകളിലൂടെ ഉണർന്നു കളിച്ചതോടെ ബോസ്നിയൻ പ്രതിരോധ നിരയ്ക്ക് പിന്നീട് പിടിപ്പതു പണിയായിരുന്നു. എന്നാൽ ഒരു ഗോളിന്റെ തന്ത്രപരമായ ആനുകൂല്യം ലഭിച്ചതോടെ ബോസ്നിയ അമിത പ്രതിരോധത്തിലേക്ക് വലിഞ്ഞത് പലപ്പോഴും കളി കടുത്ത വിരസതയിലേക്ക് നയിച്ചു. എന്നാൽ എങ്ങനെയെങ്കിലും ഗോൾ തിരിച്ചടിക്കാനുറച്ച് കാനഡ കളംനിറഞ്ഞതോടെ രണ്ടാം പകുതിയിൽ വേഗതയേറിയ മികച്ച മുന്നേറ്റങ്ങൾ പലതും കാണാൻ ഫുട്ബോൾ ആരാധകർക്ക് സാധിച്ചു.
മത്സരത്തിന്റെ രണ്ടാം പകുതിയിൽ കാനഡയുടെ ആക്രമണങ്ങൾക്ക് മുന്നിൽ പലപ്പോഴും ബോസ്നിയ തലനാരിഴയ്ക്കാണ് ഗോൾ വഴങ്ങുന്നതിൽ നിന്ന് രക്ഷപ്പെട്ടത്. 52-ാം മിനിറ്റിൽ ലാറിയ ബോക്സിന് പുറത്തുനിന്നും തൊടുത്ത മനോഹരമായ ഷോട്ട് ബോസ്നിയൻ ഗോൾകീപ്പർ വാസിലിനെ മറികടന്നെങ്കിലും കൃത്യസമയത്തെ കൊളാസിനാക്കിന്റെ ഇടപെടൽ അവർക്ക് രക്ഷയായി മാറുകയായിരുന്നു. കൊളാസിനാക്കിന്റെ കാലിൽ തട്ടിയ പന്ത് നേരെ ക്രോസ്ബാറിലിടിച്ച് നിർഭാഗ്യവശാൽ പുറത്തുപോകുകയായിരുന്നു.
തുടർന്ന് 65-ാം മിനിറ്റിൽ വീണ്ടും ബോസ്നിയ അദ്ഭുതകരമായി രക്ഷപ്പെടുന്നതാണ് മൈതാനത്ത് കണ്ടത്. ടാനി ഒലുവസെയിയുടെ ഗോളെന്നുറച്ച ഉഗ്രൻ ഹെഡർ ബോസ്നിയൻ താരം നിക്കോള കാറ്റിച്ച് അതിസാഹസികമായി ഗോൾലൈനിൽവെച്ച് ഹെഡ് ചെയ്ത് രക്ഷിച്ചെടുക്കുകയായിരുന്നു. എന്നാൽ കാനഡ നടത്തിയ നിരന്തര ആക്രമണങ്ങൾക്ക് ഒടുവിൽ 79-ാം മിനിറ്റിൽ അവർക്ക് ബോസ്നിയൻ പ്രതിരോധക്കോട്ട ഭേദിക്കാനായി. ബോക്സിലേക്ക് വന്ന പന്ത് ബുദ്ധിപൂർവം സൈൽ ലാറിന് ഫ്ളിക്ക് ചെയ്തു കൊടുത്ത ജൊനാഥൻ ഡേവിഡാണ് ഈ സമനില ഗോളിന് കൃത്യമായ വഴിയൊരുക്കിയത്.
ബോക്സിനുള്ളിൽ പന്ത് ലഭിച്ചയുടൻ ഡിഫെൻഡർമാരെ വെട്ടിത്തിരിഞ്ഞ് ലാറിൻ അടിച്ച മനോഹരമായ വോളി ബോസ്നിയൻ കീപ്പർ വാസിലിനെ പൂർണ്ണമായും മറികടന്ന് വലയിൽ ചെന്നുതൊട്ടു. ഈ ഗോളോടെ കാനഡ ക്യാമ്പിലും ഗാലറിയിലും ആവേശം അണപൊട്ടി. പിന്നീട് കളി അവസാനിക്കാൻ മിനിറ്റുകൾ മാത്രം ബാക്കിനിൽക്കെ വിജയഗോളിനായി കാനഡ കിണഞ്ഞു ശ്രമിച്ചെങ്കിലും ബോസ്നിയൻ പ്രതിരോധം കൂടുതൽ ആൾക്കാരെ ഇറക്കി ഉറച്ചുനിന്നതോടെ മത്സരം സമനിലയിൽ കലാശിക്കുകയായിരുന്നു. ഗ്രൂപ്പിലെ അടുത്ത മത്സരങ്ങളിൽ ഇരു ടീമുകൾക്കും ഈ സമനില നൽകുന്ന പാഠങ്ങൾ നിർണ്ണായകമാകും.
English Summary
In a thrilling Group B World Cup match in Toronto, minnows Bosnia and Herzegovina shocked co-hosts Canada by holding them to a 1-1 draw. Joao Lukic opened the scoring for Bosnia in the 21st hour following a well-executed corner setup by Sead Kolasinac. Canada, missing their star fullback Alphonso Davies due to injury, struggled initially but found their savior in Cyle Larin, who scored the equalizer in the 79th minute, just four minutes after coming on as a substitute. Despite continuous attacks from Jonathan David and Tani Oluwaseyi, Bosnia’s rock-solid defense ensured they shared points.

