മൂകാംബിക ദർശനം കഴിഞ്ഞ് സ്വയം കാറോടിച്ച് മടങ്ങി വിജയ്; കരഞ്ഞുകൊണ്ട് പിന്നാലെയോടി ആരാധിക,ദൃശ്യങ്ങൾ വൈറൽ

മൂകാംബിക ദർശനം കഴിഞ്ഞ് സ്വയം കാറോടിച്ച് മടങ്ങി വിജയ്; കരഞ്ഞുകൊണ്ട് പിന്നാലെയോടി ആരാധിക | VIDEO

കൊല്ലൂർ : നടനും തമിഴ്‌നാട് മുഖ്യമന്ത്രിയുമായ സി. ജോസഫ് വിജയ് വെള്ളിയാഴ്ച കൊല്ലൂർ ശ്രീമൂകാംബിക ക്ഷേത്രത്തിൽ ദർശനം നടത്തിയിരുന്നു. മുമ്പ് പലതവണയും ക്ഷേത്ര ദർശനം നടത്തിയിട്ടുള്ള വിജയ്, മുഖ്യമന്ത്രിയായതിന് ശേഷം ആദ്യമായാണ് കൊല്ലൂരിലെത്തിയത്. വെള്ളിയാഴ്ച ഉച്ച തിരിഞ്ഞ് മൂന്നുമണിയോടെയാണ് അദ്ദേഹം ക്ഷേത്രത്തിൽ ദർശനം നടത്തിയത്. താരം ക്ഷേത്രത്തിലെത്തിയപ്പോഴുള്ള ദൃശ്യങ്ങൾ സാമൂഹികമാധ്യമങ്ങളിൽ വൈറലാണ്.

ദർശനത്തിന് ശേഷം സുരക്ഷാ പ്രോട്ടോക്കോളുകൾ മാറ്റിവെച്ച് വിജയ് സ്വയം കാറോടിച്ചാണ് മടങ്ങിയത്. വഴിയിലുടനീളം തടിച്ചുകൂടിയ ജനക്കൂട്ടത്തെ അദ്ദേഹം കൈവീശി കാണിച്ചു. താരത്തെ കാണാൻ വലിയ ജനക്കൂട്ടമാണ് ക്ഷേത്രത്തിന് പുറത്ത് കാത്തുനിന്നത്. വിജയ്‌യും സംഘവും പുറത്തേക്ക് വന്നതോടെ ആരാധകർ ആവേശത്തിലായി. ആരാധകരെ കണ്ട് പുഞ്ചിരിയോടെ കൈകൂപ്പി അഭിവാദ്യം ചെയ്യുന്ന വിജയ്‌യെ ദൃശ്യങ്ങളിൽ കാണാം.

കനത്ത സുരക്ഷയിൽ വിജയ് ക്ഷേത്രത്തിൽനിന്ന് പുറത്തേക്ക് പോകവെ, ഒരു യുവതി താരത്തെ സമീപിക്കാൻ ശ്രമിക്കുന്ന വീഡിയോ സാമൂഹികമാധ്യമങ്ങളിൽ പ്രചരിക്കുന്നുണ്ട്. യുവതി കാറിനടുത്തെത്താൻ ശ്രമിക്കുകയും സുരക്ഷാ ജീവനക്കാർ തടയുമ്പോൾ പ്ലീസ് എന്ന് പറഞ്ഞു കരയുന്നതും ദൃശ്യത്തിൽ കാണാം. തടസ്സങ്ങൾ വകവെക്കാതെ ഇവർ വിജയ്‌യുടെ കാറിന് പിന്നാലെ ഓടുകയും ചെയ്തു. എന്നാൽ, ഡ്രൈവിങ് സീറ്റിലായിരുന്ന വിജയ്‌യുടെ ശ്രദ്ധയിൽ മറുവശത്തായിരുന്ന പെൺകുട്ടി പെട്ടില്ല.

ക്ഷേത്രത്തിലെത്തിയ വിജയ്‌യെ തന്ത്രിയുടെ നേതൃത്വത്തിൽ പൂർണകുംഭം നൽകി സ്വീകരിച്ചു. ക്ഷേത്രം അഡ്മിനിസ്‌ട്രേറ്റീവ് ബോർഡിലെ പ്രധാന ഉദ്യോഗസ്ഥരും അദ്ദേഹത്തിന് സ്വീകരണം നൽകി. സാധാരണ ഉച്ചപൂജയ്ക്ക് ശേഷം നാല് മണിക്ക് തുറക്കേണ്ട ക്ഷേത്രനട, മുഖ്യമന്ത്രിയുടെ സന്ദർശനം പരിഗണിച്ച് മൂന്ന് മണിക്ക് തന്നെ തുറന്നിരുന്നു. ദേവിയെ ദർശിച്ച ശേഷം സവിശേഷമായ ‘സങ്കല്പ ദീപാരാധന’ എന്ന പൂജയിലും വിജയ് പങ്കെടുത്തു.

ഡൽഹിയിൽനിന്ന് പ്രത്യേക വിമാനത്തിൽ വെള്ളിയാഴ്ച ഉച്ചയ്ക്ക് 1.20-ഓടെ അദ്ദേഹം മംഗളൂരു വിമാനത്താവളത്തിലെത്തി. അവിടെനിന്ന് നേരെ ക്ഷേത്രത്തിലേക്ക് തിരിച്ചു. 120 കിലോമീറ്ററോളം ദൂരം റോഡ് മാർഗം സഞ്ചരിച്ചാണ് അദ്ദേഹം ക്ഷേത്രത്തിലെത്തിയത്.

intent://instagram.com/_u/thevoiceofudupi?utm_source=ig_embed&ig_rid=b83aa9d0-2177-4d55-985a-4a7a996b5fdb&ig_mid=84B91450-BD3A-43A3-986F-F3BE25E35108#Intent;package=com.instagram.lite;action=android.intent.action.VIEW;scheme=https;S.browser_fallback_url=https%3A%2F%2Fplay.google.com%2Fstore%2Fapps%2Fdetails%3Fid%3Dcom.instagram.lite%26referrer%3Dig_mid%253D84B91450-BD3A-43A3-986F-F3BE25E35108%2526utm_campaign%253Dinstagramlitecarbon%2526utm_content%253Dlo%2526utm_source%253Dig_embed%2526original_referrer%253Dhttps%25253A%25252F%25252Fwww.instagram.com%25252Fp%25252FDZe6p87R8kP%25252Fembed;end

കൊല്ലൂർ മൂകാംബിക ക്ഷേത്രം സന്ദർശിക്കുന്ന മൂന്നാമത്തെ തമിഴ്‌നാട് മുഖ്യമന്ത്രിയാണ് വിജയ്. മുൻമുഖ്യമന്ത്രിമാരായ എം.ജി. രാമചന്ദ്രൻ, ജയലളിത എന്നിവർ നേരത്തെ ദർശനം നടത്തിയിരുന്നു.

ബ്രേക്കിംഗ് കേരളയുടെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക Whatsapp Group | Telegram Group | Google News