പെരുമ്പാവൂർ: അന്തർസംസ്ഥാന തൊഴിലാളികൾക്കിടയിലെ ലഹരി മാഫിയയെ വേരോടെ പിഴുതെറിയാൻ ലക്ഷ്യമിട്ട് കൊച്ചി റൂറൽ പൊലീസ് നടത്തുന്ന ‘ഓപ്പറേഷൻ തൂഫാൻ’ (Operation Toofaan) പരിശോധനയിൽ വീണ്ടും വൻ വിജയം. പെരുമ്പാവൂരിൽ മാരക മയക്കുമരുന്നായ ഹെറോയിനുമായി യുവതിയെ പൊലീസ് പിടികൂടി. അസം മോറിഗാവ് സ്വദേശിനി നെജുമ ബീഗം (23) ആണ് പെരുമ്പാവൂർ എഎസ്പിയുടെ നേതൃത്വത്തിലുള്ള പ്രത്യേക അന്വേഷണ സംഘത്തിന്റെ വലയിലായത്. ഇവരിൽ നിന്ന് വിപണിയിൽ വൻ വിലമതിക്കുന്ന 1.410 ഗ്രാം ഹെറോയിനും വിൽപനയ്ക്കായി സൂക്ഷിച്ചിരുന്ന നിരവധി കഞ്ചാവ് പൊതികളും പൊലീസ് സംഘം കണ്ടെടുത്തു.
പെരുമ്പാവൂർ ടൗൺ കേന്ദ്രീകരിച്ച് ഇതരസംസ്ഥാന തൊഴിലാളികൾക്കിടയിൽ വ്യാപകമായി ലഹരിമരുന്ന് വിൽപന നടക്കുന്നുണ്ടെന്ന രഹസ്യവിവരത്തെ തുടർന്ന് നടത്തിയ ശക്തമായ റെയ്ഡിലാണ് യുവതി കുടുങ്ങിയത്. പിടിക്കപ്പെടാതിരിക്കാൻ അതീവ ജാഗ്രതയോടെ ചെറിയ പ്ലാസ്റ്റിക് ഡപ്പികളിലും പ്രത്യേക സിപ് ലോക്ക് (Zip-lock) കവറുകളിലുമാണ് ഇവർ ഹെറോയിൻ സൂക്ഷിച്ചിരുന്നത്. ആവശ്യക്കാർ വിളിക്കുന്നതനുസരിച്ച് പെരുമ്പാവൂർ ടൗണിലെ വിവിധ സ്ഥലങ്ങളിൽ നേരിട്ടെത്തിച്ചായിരുന്നു വിൽപന.
അസമിലെ ലഹരി മൊത്തക്കച്ചവടക്കാരിൽ നിന്ന് തുച്ഛമായ വിലയ്ക്ക് ട്രെയിൻ മാർഗ്ഗം എത്തിക്കുന്ന ഹെറോയിൻ, പെരുമ്പാവൂരിൽ ഒരു ചെറിയ ബോട്ടിലിന് 1000 രൂപ എന്ന ഉയർന്ന നിരക്കിലാണ് നെജുമ ബീഗം വിറ്റിരുന്നതെന്ന് പൊലീസ് ചോദ്യം ചെയ്യലിൽ സമ്മതിച്ചു. പെരുമ്പാവൂരിലെയും പരിസര പ്രദേശങ്ങളിലെയും നിരവധി യുവാക്കളും അന്തർസംസ്ഥാന തൊഴിലാളികളും ഇവരുടെ സ്ഥിരം ഉപഭോക്താക്കളായിരുന്നു. ഇവരിൽ നിന്നും ലഹരിമരുന്ന് സ്ഥിരമായി വാങ്ങിയിരുന്ന വിതരണക്കാരെയും മറ്റ് ഇടപാടുകാരെയും കുറിച്ചുള്ള കൃത്യമായ വിവരങ്ങൾ ശേഖരിച്ച് പൊലീസ് വിപുലമായ അന്വേഷണം ആരംഭിച്ചിട്ടുണ്ട്.
യുവതി പെരുമ്പാവൂർ കേന്ദ്രീകരിച്ച് ലഹരിമരുന്ന് വിൽക്കുന്നത് സംബന്ധിച്ച വിവരങ്ങളും സൂചനകളും ചില സമൂഹമാധ്യമങ്ങളിൽ വ്യാപകമായി പ്രചരിച്ചിരുന്നു. ഇത് ശ്രദ്ധയിൽപ്പെട്ട എറണാകുളം ജില്ലാ പൊലീസ് മേധാവി (റൂറൽ) കെ.എസ്. സുദർശൻ മയക്കുമരുന്ന് മാഫിയയ്ക്കെതിരെ വിട്ടുവീഴ്ചയില്ലാത്ത കർശന നടപടിയെടുക്കാൻ സ്പെഷ്യൽ സ്ക്വാഡിന് നിർദേശം നൽകുകയായിരുന്നു. തുടർന്ന് സൈബർ സെല്ലിന്റെ സഹായത്തോടെ യുവതിയുടെ ഫോൺ നമ്പറുകളും ലൊക്കേഷനും നിരീക്ഷിച്ചാണ് എഎസ്പിയുടെ നേതൃത്വത്തിലുള്ള സംഘം ഇവരെ തന്ത്രപരമായി പിടികൂടിയത്.
പെരുമ്പാവൂരിൽ കഴിഞ്ഞ കുറച്ചു ദിവസങ്ങളായി ‘ഓപ്പറേഷൻ തൂഫാന്റെ’ ഭാഗമായി അതിശക്തമായ പരിശോധനകളാണ് നടന്നു വരുന്നത്. രണ്ടു ദിവസം മുമ്പ് സമാനമായ രീതിയിൽ അസം നാഗോൺ സ്വദേശിനിയായ ഷാഹിദ ഖാത്തൂൺ എന്ന യുവതിയെ 1.3 ഗ്രാം ഹെറോയിനുമായി പൊലീസ് പിടികൂടിയിരുന്നു. ഇതിന് പിന്നാലെ വ്യാഴാഴ്ച നാല് ചാക്ക് നിരോധിത പുകയില ഉൽപന്നങ്ങളുമായി ഉത്തർപ്രദേശ് സ്വദേശികളായ 4 പേരെയും പൊലീസ് അറസ്റ്റ് ചെയ്തു. ലഹരി വിപണനവുമായി ബന്ധപ്പെട്ട് മറ്റ് ആറ് അസം സ്വദേശികളെയും കഴിഞ്ഞ ദിവസം പൊലീസ് കസ്റ്റഡിയിൽ എടുത്ത് ചോദ്യം ചെയ്തു വരികയാണ്.
പെരുമ്പാവൂർ എഎസ്പി ഹാർദിക് മീണ, ഇൻസ്പെക്ടർ എൽ. അനിൽകുമാർ, എസ്.ഐ. ജോജോ ജോർജ്, എ.എസ്.ഐമാരായ പി.എ. അബ്ദുൽ മനാഫ്, രതി, സീനിയർ സിപിഒമാരായ ടി.എ. അഫ്സൽ, ബെന്നി ഐസക്ക്, സിപിഒമാരായ റോബിൻ ജോയി, നജ്മി എന്നിവരടങ്ങിയ ശക്തമായ അന്വേഷണ സംഘമാണ് ലഹരി വേട്ടയ്ക്ക് നേതൃത്വം നൽകിയത്. വരും ദിവസങ്ങളിലും ഒളിത്താവളങ്ങൾ കേന്ദ്രീകരിച്ച് പരിശോധന ശക്തമാക്കുമെന്നും റൂറൽ പരിധിയിൽ മയക്കുമരുന്ന് പൂർണ്ണമായും ഇല്ലാതാക്കുകയാണ് ലക്ഷ്യമെന്നും എഎസ്പി ഹാർദിക് മീണ അറിയിച്ചു.
English Summary
As part of the ongoing anti-drug drive ‘Operation Toofaan’, the Perumbavoor police arrested a 23-year-old woman from Assam with heroin and ganja packets. The accused, Nejuma Begum, a native of Morigaon in Assam, was apprehended by a special investigation team led by the Perumbavoor ASP. Police seized 1.410 grams of heroin hidden in small containers and zip-lock bags along with cannabis packets from her possession in Perumbavoor town. The contraband brought from Assam was being sold for ₹1000 per bottle. The operation was initiated following instructions from District Police Chief K.S. Sudarsan. This arrest comes closely after another Assam native, Shahida Khatun, was caught with 1.3 grams of heroin, and four UP natives were held with banned tobacco products.

