‘ഞാന്‍ അരുതാത്തത് ചെയ്തു, എനിക്ക് സ്വയം ലജ്ജ തോന്നി, മക്കളേ നിങ്ങളെ ഞാന്‍ വല്ലാതെ സ്‌നേഹിക്കുന്നു’ ദുരൂഹതകള്‍ ബാക്കിയാക്കി നടാഷ കപൂറിന്റെ ആത്മഹത്യ കുറിപ്പ്
ന്യൂഡല്‍ഹി: അറ്റല്സ് സൈക്കിള്‍ ഉടമകളിലൊരാളായ സഞ്ജയ് കപൂറിന്റെ ഭാര്യ നടാഷ കപൂറിന്റെ ആത്മഹത്യാക്കുറിപ്പ് പുറത്ത്. വീടിനുള്ളിലെ പൂജാമുറിയില്‍ നിന്നാണ് ആത്മഹത്യാക്കുറിപ്പ് പോലീസ് കണ്ടെത്തിയത്.’താന്‍ അരുതാത്തതു ചെയ്തു. സ്വയം ജീവനൊടുക്കുന്നു തന്റെ മരണത്തിന് ആരും ഉത്തരവാദികളല്ല എന്ന് അരപ്പേജുള്ള ആത്മഹത്യക്കുറിപ്പില്‍ പറയുന്നു.
‘ഞാന്‍ അരുതാത്തതു ചെയ്തു. സ്വയം ജീവനൊടുക്കുന്നു. ഇതിനാരും ഉത്തരവാദികളല്ല. എനിക്ക് സ്വയം ലജ്ജ തോന്നി. സഞ്ജയ്, മോനേ, മോളേ നിങ്ങളെയെല്ലാം ഞാന്‍ വല്ലാതെ സ്നേഹിക്കുന്നു’ എന്ന് ആത്മഹത്യ കുറിപ്പില്‍ പറയുന്നു. എന്നാല്‍ മരണകാരണം എന്താണെന്ന് ആത്മഹത്യക്കുറിപ്പില്‍ വ്യക്തമാക്കുന്നില്ല. ഇത് 57കാരി നടാഷയുടെ മരണത്തില്‍ ദുരൂഹതകള്‍ ഉയര്‍ത്തുന്നു.
ചൊവ്വാഴ്ചയാണ് ലുട്യന്‍സ് ഡല്‍ഹിയിലെ ഔറംഗസേബ് ലെയ്നിലെ വീട്ടില്‍ നടാഷയുടെ മൃതദേഹം കണ്ടെത്തിയത്. ഫാനില്‍ കെട്ടിത്തൂങ്ങിയ നിലയിലായിരുന്നു. ഉടന്‍ ആശുപത്രിയിലെത്തിച്ചെങ്കിലും ജീവന്‍ രക്ഷിക്കാനായില്ല. പോലീസ് കണ്ടെത്തിയ ആത്മഹത്യാക്കുറിപ്പ് നടാഷ എഴുതിയത് തന്നെയാണോ എന്നറിയാനായി ഫോറന്സിക് പരിശോധനയ്ക്ക് അയച്ചിരിക്കുകയാണ്. മരണകാരണം സംബന്ധിച്ച കൂടുതല്‍ വിവരങ്ങള്‍ ഡല്‍ഹി പോലീസിനും ലഭ്യമല്ല.