‘ഞാൻ നിന്നെ വാങ്ങാം, എനിക്ക് വയസ്സായി, പക്ഷേ..അശ്ലീല സന്ദേശമയച്ചവർക്ക് പണി കൊടുത്ത് ഐശ്വര്യ
ചെന്നൈ:ഒരു കാലത്ത് മലയാളത്തിലും തമിഴിലും തെലുങ്കിലുമെല്ലാം നായികയായി തിളങ്ങി നിന്നിരുന്ന നടിയാണ് ഐശ്വര്യ ഭാസ്‌കാരൻ. സിനിമയിലെന്നത് പോലെ തന്നെ സീരിയല്‍ രംഗത്തും ഐശ്വര്യ തന്റെ സാന്നിധ്യം അറിയിച്ചിട്ടുണ്ട്. മലയാളത്തിലും തമിഴിയുമെല്ലാം നിരവധി സൂപ്പര്‍ ഹിറ്റ് ചിത്രങ്ങളില്‍ ഐശ്വര്യ നായികയായി അഭിനയിച്ചിട്ടുണ്ട്. നരസിംഹമാണ് ഐശ്വര്യയുടെ മലയാളത്തിൽ ഏറ്റവും കൂടുതൽ ശ്രദ്ധ നേടിയ ചിത്രങ്ങളിൽ ഒന്ന്.
ശാന്തമീന എന്നാണ് ഐശ്വര്യയുടെ യഥാർത്ഥ പേര്. തെന്നിന്ത്യയിലെ അറിയപ്പെടുന്ന നടിയായ ലക്ഷ്മിയുടെ മകളാണ് ഐശ്വര്യ. അമ്മയുടെ പാത പിന്തുടർന്നാണ് ഐശ്വര്യയും സിനിമയിലേക്ക് എത്തുന്നത്. തെലുങ്ക് ചിത്രത്തിലൂടെ ആയിരുന്നു ഐശ്വര്യയുടെ അരങ്ങേറ്റം. പിന്നീട് കന്നഡയിൽ അഭിനയിച്ച ഐശ്വര്യ തൊട്ടടുത്ത വർഷം, 1990 ൽ ഒളിയമ്പുകൾ എന്ന ചിത്രത്തിലൂടെ മലയാളത്തിൽ അരങ്ങേറ്റം കുറിക്കുകയായിരുന്നു.
90 കളിലും 2000 ത്തിന്റെ ആരംഭത്തിലും തമിഴിലും മലയാളത്തിലുമായി അനേകം സിനിമകൾ ചെയ്ത ഐശ്വര്യ ഏറ്റവും തിരക്കുള്ള നായികമാരിൽ ഒരാളായി മാറുകയായിരുന്നു. തമിഴിൽ രജനികാന്ത്, കമൽ ഹാസൻ തുടങ്ങിയ മുൻനിര താരങ്ങൾക്ക് ഒപ്പമെല്ലാം ഐശ്വര്യ അഭിനയിച്ചിട്ടുണ്ട്. ഇപ്പോഴും സിനിമകളിൽ അഭിനയിക്കുന്നുണ്ട് ഐശ്വര്യ. എങ്കിലും കൂടുതൽ ടെലിവിഷൻ പരമ്പരകളിലാണ് താരത്തെ കാണുന്നത്.
ഇത് കൂടാതെ സ്വന്തമായി ഒരു സോപ്പ് ബിസിനസും ഐശ്വര്യ നടത്തുന്നുണ്ട്. ബിസിനസിന്റെ ഭാഗമായി ഒരു യൂട്യൂബ് ചാനലും നടി ആരംഭിച്ചിട്ടുണ്ട്, തന്റെ ബ്രാൻഡിൽ ഉണ്ടാകുന്ന സോപ്പിന്റെയും മറ്റു സൗന്ദര്യവർദ്ധക ഉൽപ്പന്നങ്ങളുടെയും വിവരങ്ങൾ പങ്കുവയ്ക്കുന്നതിനും മറ്റുമാണ് താരം യൂട്യൂബ് ചാനൽ ആരംഭിച്ചിരിക്കുന്നത്. വിവാഹമോചിതയാണ് ഐശ്വര്യ. 1994 വിവാഹിതയായ താരം രണ്ടു വർഷത്തിനുള്ളിൽ ബന്ധം വേര്പിരിഞ്ഞിരുന്നു. ഈ ബന്ധത്തിൽ ഒരു മകളുമുണ്ട് താരത്തിന്. മകൾക്ക് ഒപ്പമാണ് ഐശ്വര്യയുടെ താമസം.
അതിനിടെ ഇപ്പോഴിതാ, സോഷ്യൽ മീഡിയയിൽ തന്നോട് മോശമായി പെരുമാറിയവർക്കെതിരെ രംഗത്ത് എത്തിയിരിക്കുകയാണ് ഐശ്വര്യ ഭാസ്കരൻ. തന്റെ യൂട്യൂബ് ചാനലിലും ബിസിനസ് ആവശ്യത്തിനായി ഉപയോഗിക്കുന്ന വാട്സാപ്പിലും അശ്ലീല സന്ദേശങ്ങൾ അയച്ചവരെ വെളിച്ചത്ത് കൊണ്ടുവന്നിരിക്കുകയാണ് താരം. തന്റെ യൂട്യൂബ് ചാനലിൽ പങ്കുവച്ച വീഡിയോയിലാണ് ഐശ്വര്യ ഇക്കാര്യം പങ്കുവച്ചത്.
സോപ്പിന് വാരുന്ന ഓർഡറുകൾ സ്വീകരിക്കുന്നതിനായി താൻ വാട്ട്‌സ്ആപ്പ് നമ്പർ സോഷ്യൽ മീഡിയയിൽ പങ്കുവെച്ചിരുന്നു എന്ന് ഐശ്വര്യ പറയുന്നു. അതിലൂടെ ചിലർ തനിക്ക് അശ്ലീല സന്ദേശങ്ങൾ അയച്ചു കൊണ്ടേയിരിക്കുകയാണെന്ന് നടി പറയുന്നു. ആദ്യം അതിനെക്കുറിച്ച് സംസാരിക്കരുതെന്ന് താൻ കരുതിയിരുന്നു. പക്ഷേ അത് തന്റെ മകളെയും കൂടെ ബാധിക്കുന്നതാണ്. അതുകൊണ്ടാണ് ഇതിനെക്കുറിച്ച് സംസാരിക്കുന്നത് എന്നാണ് ഐശ്വര്യ പറഞ്ഞത്.
തനിക്ക് വന്ന സന്ദേശങ്ങളും ഐശ്വര്യ പങ്കുവയ്ക്കുന്നുണ്ട്. ‘ഞാൻ നിന്നെ വാങ്ങാം, എനിക്ക് വയസ്സായി, പക്ഷേ സന്തോഷവനാണ്’ എന്നായിരുന്നു ഒരാൾ അയച്ച മെസേജ് എന്ന് ഐശ്വര്യ വായിച്ചു. എന്നിട്ട്, ഈ ഡയലോഗ് നിന്റെ അമ്മയോട് പോയി പറയൂ എന്ന മറുപടിയും നൽകി. ഇതുകൂടാതെ ഒരാൾ തന്റെ സ്വകാര്യഭാഗങ്ങളുടെ ചിത്രങ്ങൾ അയച്ചു തന്നെന്നും അതെല്ലാം കണ്ടിട്ട് വല്ലാതെ വിഷമിച്ചെന്നും ഐശ്വര്യ പറഞ്ഞു.
തനിക്ക് ഇത്തരം അശ്ലീല സന്ദേശങ്ങൾ അയച്ചവരുടെ ചിത്രങ്ങളും ഐശ്വര്യ വീഡിയോയിൽ കാണിക്കുന്നുണ്ട്. അതിൽ രാധാകൃഷ്ണൻ എന്നൊരാൾ രാത്രി 11 മണിക്ക് ശേഷം പേഴ്സണലായി വീട്ടിൽ വന്ന് സോപ്പ് കാണണമെന്ന് ആവശ്യപ്പെട്ട് മെസേജ് അയച്ചതായും ഐശ്വര്യ പറഞ്ഞു. ഒരു സ്ത്രീ ഭർത്താവില്ലാതെ ഒറ്റയ്ക്ക് ജീവിക്കുന്നത് കാണുമ്പോൾ ഇങ്ങനെ ചോദിക്കുന്നവരെ ചെരുപ്പ് ഊരി അടിക്കണമെന്നും ഐശ്വര്യ ഭാസ്കരൻ തന്റെ വീഡിയോയിൽ പറയുന്നുണ്ട്.