ജീവിതത്തിൽ വന്ന ഇൻസെക്യൂരിറ്റിയുള്ള പുരുഷൻമാർ; ഭാര്യയോട് പറയുന്നതിൽ തെറ്റില്ല; പ്രിയങ്ക
മുംബൈ:ബോളിവുഡിൽ നിന്നും ഹോളിവുഡിലെത്തി വിജയം കൈ വരിച്ച നടിയാണ് പ്രിയങ്ക ചോപ്ര. മറ്റൊരു ഇന്ത്യൻ താരത്തിനും ബോളിവുഡിൽ ഇത്ര വലിയൊരു കരിയർ കെട്ടിപ്പടുക്കാൻ സാധിച്ചിട്ടില്ല. കുറച്ച് സിനിമകൾ അഭിനയിച്ച്തിരിച്ച് വരികയല്ല പ്രിയങ്ക ചോപ്ര ചെയ്തത്. തന്റെ ജീവിതം തന്നെ അങ്ങോട്ടേക്ക് പറിച്ചു നട്ടു. നടി, ബിസിനസ് സംരഭക, നിർമാതാവ്, ഫാഷൻ ഐക്കൺ തുടങ്ങി പല നിലകളിൽ പ്രിയങ്കയ്ക്ക് ശോഭിക്കാൻ കഴിഞ്ഞു.
പ്രിയങ്കയ്ക്കും മുമ്പും ശേഷവും ഇന്ത്യയിൽ നിന്ന് മറ്റാർക്കും ഇത്ര വലിയൊരു വളർച്ച ഹോളിവുഡിലുണ്ടായിട്ടില്ല. ബോളിവുഡിൽ തനിക്കെതിരെ നടന്ന നീക്കങ്ങൾ മൂലമാണ് ഹോളിവുഡിലേക്ക് മാറേണ്ടി വന്നതെന്ന് പ്രിയങ്ക അടുത്തിടെ തുറന്ന് പറഞ്ഞപ്പോൾ ആരാധകർക്കത് ഞെട്ടലായിരുന്നു.
നെപ്പോട്ടിസത്തിന് പേര് കേട്ട ബോളിവുഡിൽ പ്രിയങ്കയ്ക്ക് നിരവധി ഹിറ്റ് സിനിമകൾ ലഭിച്ചെങ്കിലും കരിയറിൽ എപ്പോഴും വിവാദങ്ങളുണ്ടായിരുന്നു. പ്രണയ ഗോസിപ്പുകൾ പ്രിയങ്കയെ വിടാതെ പിന്തുടർന്നിരുന്നു. പ്രിയങ്കയ്ക്കൊപ്പം ഗോസിപ്പുകളിൽ ഇടം പിടിച്ച നടൻമാരുടെ ഭാര്യമാർ പ്രിയങ്കയെ ഒതുക്കാൻ ശ്രമിച്ചെന്ന് പണ്ട് മുതലേ സംസാരമുണ്ട്.
ഷാരൂഖ് ഖാന്റെ ഭാര്യ ഗൗരി ഖാൻ, സുഹൃത്തും ഫിലിം മേക്കറുമായ കരൺ ജോഹർ എന്നിവർ പ്രിയങ്ക-ഷാരൂഖ് സൗഹൃദമറിഞ്ഞ് നടിക്കെതിരെ തിരിഞ്ഞെന്നാണ് ബി ടൗണിലെ സംസാരം. പ്രിയങ്കയോടൊപ്പം അഭിനയിക്കരുതെന്ന് ഷാരൂഖിന് ഗൗരി കർശന നിർദ്ദേശവും നൽകിയത്രെ. സമാനമായി അക്ഷയ് കുമാറിന്റെ ഭാര്യ ട്വിങ്കിൾ ഖന്നയും പ്രിയങ്കയ്ക്കൊപ്പം അഭിനയിക്കരുതെന്ന് ഭർത്താവിന് മുന്നറിയിപ്പ് നൽകി.
എന്നാൽ ഇതാണ് തന്നെ ഒതുക്കാൻ ശ്രമിച്ചതിന് കാരണമെന്ന് പ്രിയങ്ക എവിടെയും പറഞ്ഞിട്ടില്ല. അതേസമയം കരിയറിൽ ഒരു ഘട്ടത്തിൽ നടിക്ക് അവസരങ്ങൾ കുറഞ്ഞു എന്നത് വാസ്തവമാണ്. മ്യൂസിക് ആൽബങ്ങളിലൂടെയാണ് പ്രിയങ്ക ഹോളിവുഡിലേക്ക് കടക്കുന്നത്. ടെലിവിഷൻ സീരാസായ ക്വാണ്ടിക്കോയിൽ ലഭിച്ച വേഷം കരിയറിൽ വഴിത്തിരിവായി. നാളുകൾക്ക് ശേഷം പ്രിയങ്ക അഭിനയിക്കുന്ന സീരീസാണ് സിതാഡെൽ. ഇതിന്റെ പ്രൊമോഷൻ പരിപാടികളിൽ പങ്കെടുത്ത് വരികയാണ് പ്രിയങ്ക ചോപ്ര.
തന്റെ ജീവിതത്തിലെ പുരുഷൻമാരെപ്പറ്റി പ്രിയങ്ക ചോപ്ര പറഞ്ഞ വാക്കുകളാണിപ്പോൾ ശ്രദ്ധ നേടുന്നത്. തന്റെ വിജയത്തിൽ ഇൻസെക്യൂരിറ്റി തോന്നിയ പുരുഷൻമാർ ജീവിതത്തിൽ വന്ന് പോയിട്ടുണ്ടെന്ന് പ്രിയങ്ക പറഞ്ഞു. ഇൻസെക്യൂരിറ്റി ഇപ്പോഴും നിലനിൽക്കുന്നുണ്ട്. എന്റെ വിജയത്തിൽ അങ്ങനെ തോന്നാത്ത കുറച്ച് പുരുഷൻമാരുണ്ട്. പക്ഷെ ഈ വിജയത്തിൽ ഇൻസെക്യൂരിറ്റി തോന്നിയ പല പുരുഷൻമാരെയും ഞാൻ കണ്ടിട്ടുണ്ട്.
കുടുംബത്തിലെ അന്നദാതാക്കളും കുടുംബത്തെ നയിക്കുന്നവരും എന്ന സ്വാതന്ത്ര്യവും അഭിമാനവും പുരുഷൻമാർ ആസ്വദിച്ചിട്ടുണ്ടെന്ന് ഞാൻ കരുതുന്നു. ഒരു സ്ത്രീ തന്നേക്കാൾ വിജയിച്ചാൽ അത് തന്റെ പരിധിയിലേക്കുള്ള ഭീഷണിയായവർ കാണുന്നു. അല്ലെങ്കിൽ സ്ത്രീ ജോലിക്ക് പോവുകയും അവർ വീട്ടിലിരിരിക്കുകയും ചെയ്യുമ്പോൾ പുരുഷന് വിഷമം തോന്നുന്നെന്നും പ്രിയങ്ക അഭിപ്രായപ്പെട്ടു.
കരയുന്നതിലും അമ്മയോടും സഹോദരിയോടും ഭാര്യയോടും കാമുകിയോടും വിഷമങ്ങൾ തുറന്ന് പറയുന്നതിലും കുഴപ്പമില്ലെന്ന് ആൺകുട്ടികളെ പഠിപ്പിക്കേണ്ടതുണ്ട്. തന്റെ അച്ചനും അമ്മയും പരസ്പരം തുല്യ സ്ഥാനമാണ് നൽകിയതെന്നും അമ്മ കൂടുതൽ സമ്പാദിക്കുമ്പോൾ അച്ഛന് പ്രശ്നമൊന്നുമില്ലായിരുന്നെന്നും പ്രിയങ്ക ഓർത്തു.
ബോളിവുഡിൽ നിന്ന് ഏറെ നാളായി മാറിനിൽക്കുകയാണ് പ്രിയങ്ക ചോപ്ര. ജീലേ സര എന്ന ഹിന്ദി സിനിമ പ്രഖ്യാപിച്ചിട്ട് നാളുകളായെങ്കിലും സിനിമയുടെ ചിത്രീകരണം തുടങ്ങിയിട്ടില്ല. ആലിയ ഭട്ട്, കത്രീന കൈഫ്, പ്രിയങ്ക ചോപ്ര എന്നിവരാണ് സിനിമയിലെ പ്രധാന കഥാപാത്രങ്ങൾ. മൂവരും ആദ്യമായി ഒന്നിച്ച് അഭിനയിക്കുന്ന സിനിമയുമാണിത്.