Entertainment

എല്ലാ ഓര്‍മകളും മാഞ്ഞു പോകുന്ന കാലത്തും ഈയൊരാളെ മാത്രം മറക്കരുതെന്നു മാത്രമാണ് പ്രാര്‍ത്ഥന; പ്രണയ ദിനത്തില്‍ അശ്വതി ശ്രീകാന്ത്

ഇന്ന് വാലന്റൈന്‍സ് ഡേ, ഏവരും പ്രണയദിനാഘോഷത്തിലാണ്. താരങ്ങളും തങ്ങളുടെ പ്രണയ നിമിഷങ്ങളും പ്രണയ കാലത്തെ ഓര്‍മകളും പങ്കുവെച്ച് രംഗത്ത് എത്തുന്നുണ്ട്. നടിയും അവതാരകയുമായ അശ്വതി ശ്രീകാന്ത് പ്രണയ ദിനത്തില്‍ പങ്കുവെച്ച കുറിപ്പ് ശ്രദ്ധേയമാവുകയാണ്. ഭര്‍ത്താവ് ശ്രീകാന്തിന് ഒപ്പമുള്ള ചിത്രം പങ്കുവെച്ചുകൊണ്ടാണ് നടിയുടെ കുറിപ്പ്.

പ്രണയത്തോടെ നോക്കിയാലും പ്രണയം ഇല്ലാതെ നോക്കിയാലും ഇഷ്ടം തോന്നുന്ന ഒരാളെ കണ്ടെത്തു, നമ്മളെ അവര്‍ക്കായി മാറ്റിയെടുക്കാതെ, നമ്മളെ നമ്മളായി നിലനിര്‍ത്താന്‍ സ്പേസ് തരുന്ന ഒരാളെ, നമ്മളെ കേള്‍ക്കാന്‍ ഇഷ്ടമുള്ള, നമുക്ക് കേള്‍ക്കാന്‍ ഇഷ്ടമുള്ള ഒരാളെ കൂടെ കൂട്ടൂ… എന്നും ഇന്‍സ്റ്റഗ്രാമില്‍ പങ്കുവെച്ച കുറിപ്പില്‍ നടി പറയുന്നു.

അശ്വതി ശ്രീകാന്തിന്റെ കുറിപ്പ്,

ലോക്ക് ഡൗണ്‍ കാലത്ത് ആറു മാസം ഫ്ലാറ്റില്‍ അടച്ചിരുന്നപ്പോഴാണ് മിണ്ടിയും പറഞ്ഞും ഇരിക്കാന്‍ പറ്റുന്ന ഒരാളെ കൂടെ കൂടിയതിന്റെ ഗുണം ശരിക്ക് മനസ്സിലായത്. പ്രേമത്തിന്റെ മഴവില്‍ കുമിള ഒക്കെ പൊട്ടി കഴിഞ്ഞാലും അന്നത്തെ കൂട്ട് അത് പോലെ ഉണ്ടാവുക എന്നതാണ് പ്രധാനം എന്ന് വീണ്ടും അടിവരയിട്ടത്.

അല്ലെങ്കില്‍ പ്രണയം തൊട്ടു തീണ്ടാന്‍ ഇടയില്ലാത്ത അതി സാധാരണ ദിവസങ്ങളില്‍ വല്ലാത്ത മടുപ്പ് തോന്നും, മിണ്ടാന്‍ വിഷയമില്ലാതെ, ഒരാള്‍ ടി വി മുറിയിലോ മറ്റൊരാള്‍ അടുക്കളയിലോ ഒറ്റയാകും. അത് കൊണ്ട് ഇനിയും തെരഞ്ഞെടുപ്പ് നടത്താത്തവര്‍ ശ്രദ്ധിക്കൂ, പ്രണയത്തോടെ നോക്കിയാലും പ്രണയം ഇല്ലാതെ നോക്കിയാലും ഇഷ്ടം തോന്നുന്ന ഒരാളെ കണ്ടെത്തു, നമ്മളെ അവര്‍ക്കായി മാറ്റിയെടുക്കാതെ, നമ്മളെ നമ്മളായി നിലനിര്‍ത്താന്‍ സ്പേസ് തരുന്ന ഒരാളെ, നമ്മളെ കേള്‍ക്കാന്‍ ഇഷ്ടമുള്ള, നമുക്ക് കേള്‍ക്കാന്‍ ഇഷ്ടമുള്ള ഒരാളെ കൂടെ കൂട്ടൂ… ബന്ധങ്ങള്‍ ടോക്സിക്ക് ആവുന്നുണ്ടെന്ന്, ശ്വാസം മുട്ടുന്നുണ്ടെന്ന് അറിഞ്ഞിട്ടും പ്രണയം കൊണ്ട് മാത്രം കണ്ണടച്ച് മുന്നോട്ട് പോയവരൊക്കെ പിന്നീട് തോറ്റ് പോയതാണ് ചരിത്രം.

അപ്പൊ പറഞ്ഞു വന്നത് എന്താന്ന് വച്ചാല്‍ ഞങ്ങള്‍ ഇപ്പോഴും പ്രണയിച്ചു കൊണ്ടേ ഇരിക്കുന്നു എന്ന വന്‍ ക്ളീഷേ ഇവിടെ ഇറക്കുന്നില്ല എന്നാണ്. പകരം നാളെയൊരു കാലത്ത് ഓള്‍ഡ് ഏജ് ഹോമില്‍ ഇരുന്നും ഞങ്ങള് വര്‍ത്താനം പറഞ്ഞ് പറഞ്ഞ് കൂട്ട് കൂടും എന്നാണ്. എല്ലാ ഓര്‍മകളും മാഞ്ഞു പോകുന്ന കാലത്തും ഈയൊരാളെ മാത്രം മറക്കരുതെന്നു മാത്രമാണ് പ്രാര്‍ത്ഥനകള്‍ എന്നാണ്.

https://www.instagram.com/p/CLQy-IVHM__/?utm_source=ig_web_copy_link

ബ്രേക്കിംഗ് കേരളയുടെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക Whatsapp Group | Telegram Group | Google News

Related Articles

Back to top button
Close

Adblock Detected

Please consider supporting us by disabling your ad blocker