നോബി ബിഗ് ബോസിൽ ,ലൈവിൽ സ്ഥിരീകരിച്ച് താരം, മറ്റ് താരങ്ങൾ ആരൊക്കെ?
കൊച്ചി: മലയാളം റിയാലിറ്റി ഷോകൾക്ക് പുതിയ മാനം നൽകിയ ബിഗ്ഗ് ബോസ് മലയാളത്തിന്റെ മൂന്നാമത്തെ സീസൺ ഫെബ്രുവരി 14ന് വാലന്റൈൻസ് ഡേയിൽ സംപ്രേക്ഷണം ചെയ്യുമെന്ന പ്രഖ്യാപനത്തിനു പിറകെ, ആരൊക്കെയാണ് ഇത്തവണ മത്സരാർത്ഥികൾ എന്ന ആകാംക്ഷയിലാണ് പ്രേക്ഷകർ. ഡബ്ബിംഗ് ആർട്ടിസ്റ്റും നടിയുമായ ഭാഗ്യലക്ഷ്മിയും നടൻ നോബി മാർക്കോസും മുതൽ സോഷ്യൽ മീഡിയയിലൂടെ ശ്രദ്ധ നേടിയ ഗായിക ആര്യ ദയാലിന്റെ പേരുകൾ വരെ ഉയർന്നു കേൾക്കുന്നുണ്ട്.
ഫ്ളവേഴ്സ് ചാനലിലെ സ്റ്റാർ മാജിക്ക് പ്രോഗ്രാമിലെ സ്ഥിരം സാന്നിധ്യമായ നോബി കുറച്ചുനാളത്തേക്ക് പ്രോഗ്രാമിൽ നിന്നും വിട്ടുനിൽക്കുകയാണെന്ന് വ്യക്തമാക്കിയതോടെയാണ് നോബി ഇത്തവണ ബിഗ് ബോസിൽ മത്സരിക്കുന്നുണ്ടെന്ന അഭ്യൂഹങ്ങൾ ശക്തമായത്.പിന്തുണയാവശ്യപ്പെട്ട് ഒരു ഫേസ് ഗ്രൂപ്പിൽ താരം ലൈവും വന്നു.
https://youtu.be/2Vmd4lUThPo
സാധ്യതാലിസ്റ്റിൽ ആദ്യം മുതൽ തന്ന ഉയർന്നു കേൾക്കുന്ന പേരുകളിൽ ഒന്ന് ഭാഗ്യലക്ഷ്മിയുടേതാണ്. വാർത്തകളോട് ഇതുവരെ ഭാഗ്യലക്ഷ്മി പ്രതികരിച്ചിട്ടില്ല എന്നതിനാൽ തന്നെ, ഇത്തവണ ഷോയിൽ ഭാഗ്യലക്ഷ്മിയുമുണ്ടെന്ന നിഗമനത്തിലാണ് പ്രേക്ഷകർ.
ഗായത്രി അരുൺ, രഹ്ന ഫാത്തിമ, സുബി സുരേഷ്, ട്രാൻസ്ജെൻഡർ ദീപ്തി കല്യാണി, ഗായിക രശ്മി സതീഷ്, ആര്‍ജെ കിടിലം ഫിറോസ്, ധന്യ നാഥ്, സാജന്‍ സൂര്യ എന്നിവരുടെ പേരുകളും ഇത്തവണ സാധ്യതാലിസ്റ്റിൽ ഉണ്ട്. എന്നാൽ താൻ ബിഗ് ബോസിലേക്കില്ല എന്നു വ്യക്തമാക്കി കൊണ്ട് രശ്മി സതീഷ് രംഗത്തുവന്നിരുന്നു. ഊഹാപോഹങ്ങൾ ഏറെ നിലനിൽക്കുന്നുവെങ്കിൽ യഥാർത്ഥ മത്സരാർത്ഥികൾ ആരൊക്കെയെന്നറിയാൻ ആകാംക്ഷയോടെ കാത്തിരിക്കുകയാണ് ബിഗ് ബോസ് പ്രേക്ഷകരും. മോഹൻലാൽ തന്നെയാണ് ഇത്തവണയും അവതാരകനായി എത്തുന്നത്. 16 മത്സരാർത്ഥികളാവും ഈ സീസണിലും ഉണ്ടാവുക എന്നാണ് റിപ്പോർട്ടുകൾ.
ബിഗ് ബോസ് മലയാളത്തിന്റെ രണ്ടാം സീസൺ കോവിഡിന്റെ പശ്ചാത്തലത്തിൽ ഫിനാലെ നടത്താതെ അവസാനിപ്പിക്കുകയായിരുന്നു. കഴിഞ്ഞ സീസണിൽ ഡോ. രജത് കുമാർ എന്ന മത്സരാർത്ഥിയായിരുന്നു സമൂഹമാധ്യമങ്ങളിൽ ഏറെ ഓളം സൃഷ്ടിച്ച ഒരാൾ. എന്നാൽ മറ്റൊരു മത്സരാർത്ഥിയുടെ കണ്ണിൽ മുളകു തേച്ച വിവാദവുമായി ബന്ധപ്പെട്ട് ഡോ. രജത് കുമാർ ഷോയിൽ നിന്നും പുറത്തുപോവേണ്ടി വരികയും അത് ഏറെ കോലാഹലങ്ങൾക്ക് വഴിയൊരുക്കുകയും ചെയ്തിരുന്നു.
ബിഗ്ഗ് ബോസിന്റെ ആദ്യ സീസണും മലയാളം ടെലിവിഷൻ പ്രേക്ഷകർക്കിടയിൽ ഏറെ ജനപ്രീതി നേടിയിരുന്നു. ടിവി അവതാരകനായ സാബുമോൻ ബിഗ്ഗ് ബോസ് ടൈറ്റിൽ നേടിയപ്പോൾ പേളി മാണിയും മോഡലും നടനുമായ ഷിയാസ് കരീമുമാണ് റണ്ണർ അപ്പ് പുരസ്കാരങ്ങൾ നേടിയത്. ബിഗ് ബോസ് ഹൗസിലെ പേളി- ശ്രീനീഷ് അരവിന്ദ് പ്രണയവും തുടർന്നുള്ള ഇരുവരുടെയും വിവാഹവുമെല്ലാം വാർത്താ പ്രാധാന്യം നേടിയിരുന്നു.