ബംഗളൂരു: കർണാടകയിലെ പുതിയ മന്ത്രിസഭയിൽ വകുപ്പ് വിഭജനത്തെച്ചൊല്ലി ഉടലെടുത്ത അസ്വാരസ്യങ്ങളിൽ പ്രതികരിച്ച് മുഖ്യമന്ത്രി ഡി.കെ. ശിവകുമാർ. തനിക്ക് ലഭിച്ച വകുപ്പിൽ അതൃപ്തി അറിയിച്ച് മുതിർന്ന നേതാവായ രാമലിംഗ റെഡ്ഡി വാട്‌സാപ്പ് വഴി രാജിക്കത്ത് നൽകിയത് വലിയ രാഷ്ട്രീയ ചർച്ചകൾക്കാണ് വഴിവെച്ചത്. റെഡ്ഡിയുമായി നേരിട്ട് കൂടിക്കാഴ്ച നടത്തിയെന്നും പ്രശ്‌നങ്ങളെല്ലാം പരിഹരിക്കപ്പെട്ടുവെന്നും ഡി.കെ. മാധ്യമങ്ങളോട് പറഞ്ഞു.
റെഡ്ഡിക്ക് പുറമെ കെ.എച്ച്. മുനിയപ്പ ഉൾപ്പെടെയുള്ള മറ്റ് മന്ത്രിമാരും തങ്ങളുടെ വകുപ്പുകളിൽ അതൃപ്തി പ്രകടിപ്പിച്ചിട്ടുണ്ട്. കൂടാതെ, മന്ത്രിസഭയിൽ സ്ത്രീ പ്രാതിനിധ്യം ഇല്ലാത്തതിനെതിരെ ഉയർന്ന വിമർശനങ്ങളും ഭാവിയിലെ മന്ത്രിസഭാ വികസനത്തിലൂടെ ഇത് പരിഹരിക്കപ്പെടുമെന്ന മുഖ്യമന്ത്രിയുടെ ഉറപ്പും എല്ലാമായി അധികാരത്തിലേറി നാലുദിവസത്തിനുള്ളിൽ തന്നെ ഒരു 'റോളർ കോസ്റ്റർ' റൈഡിലൂടെയാണ് ഡി.കെ. മന്ത്രിസഭ കടന്നുപോകുന്നത്.
പുതിയ ഭരണകൂടത്തിന് വലിയ നാണക്കേട് ഉണ്ടാക്കിക്കൊണ്ടാണ് മുതിർന്ന നേതാവ് രാമലിംഗ റെഡ്ഡി വെള്ളിയാഴ്ച ഡി.കെ. ശിവകുമാർ മന്ത്രിസഭയിൽ നിന്ന് രാജിവെച്ചത്. തനിക്ക് ബെംഗളൂരു വികസന വകുപ്പാണ് വാഗ്ദാനം ചെയ്തിരുന്നതെന്നും എന്നാൽ സത്യപ്രതിജ്ഞയ്ക്ക് ശേഷം ജലസേചന വകുപ്പാണ് നൽകിയതെന്നുമായിരുന്നു റെഡ്ഡിയുടെ ആരോപണം. വാട്‌സ്ആപ്പിലൂടെയാണ് അദ്ദേഹം മുഖ്യമന്ത്രിക്ക് തന്റെ രാജിക്കത്ത് അയച്ചത്.
റെഡ്ഡി തന്റെ രാജി 'വാട്‌സ്ആപ്പിലൂടെ' അയച്ചതായി ശനിയാഴ്ച മുഖ്യമന്ത്രി സ്ഥിരീകരിച്ചു. രാജിയോട് പ്രതികരിച്ച ശിവകുമാർ, റെഡ്ഡി തന്റെ 'ഏറ്റവും അടുത്ത സുഹൃത്തുക്കളിൽ ഒരാളാണെന്ന്' വിശേഷിപ്പിക്കുകയും മുതിർന്ന നേതാവുമായി സംസാരിച്ച് പ്രശ്‌നം പരിഹരിക്കുമെന്ന് പ്രസ്താവിക്കുകയും ചെയ്തിരുന്നു. രാജിക്ക് പിന്നാലെ വെള്ളിയാഴ്ച രാത്രി ശിവകുമാർ രാമലിംഗ റെഡ്ഡിയുമായി രണ്ട് മണിക്കൂർ നീണ്ട കൂടിക്കാഴ്ച നടത്തി.
വളർന്നുവരുന്ന രാഷ്ട്രീയ ഭിന്നത പരിഹരിക്കാനുള്ള നേതൃത്വത്തിന്റെ ശ്രമമായാണ് ഈ രാത്രികാല ചർച്ചകൾ വിലയിരുത്തപ്പെട്ടത്. 'അദ്ദേഹം (രാമലിംഗ റെഡ്ഡി) എന്റെ സുഹൃത്താണ്, എല്ലാ പ്രശ്‌നങ്ങളും പരിഹരിക്കപ്പെടും. അനാവശ്യ കഥകൾ മെനയരുത്; അവയെല്ലാം പൊളിഞ്ഞുപോകും. അതെ, അദ്ദേഹം വാട്‌സാപ്പിലൂടെയാണ് രാജി അയച്ചത്, പക്ഷേ ഇപ്പോൾ കാര്യങ്ങൾ ഒത്തുതീർപ്പിലായി.' ഡി.കെ. ശിവകുമാർ പറഞ്ഞു.
രാമലിംഗ റെഡ്ഡിയുടെ രാജി പുതിയ സർക്കാരിനുള്ളിൽ വലിയൊരു കൊടുങ്കാറ്റിന് കാരണമായിട്ടുണ്ട്. കൂടുതൽ മന്ത്രിമാർ തങ്ങൾക്ക് ലഭിച്ച വകുപ്പുകളിൽ അതൃപ്തി രേഖപ്പെടുത്തി രംഗത്തെത്തിയിട്ടുണ്ട്. മന്ത്രി കെ.എച്ച്. മുനിയപ്പ തനിക്ക് അനുവദിച്ച വകുപ്പിലുള്ള അതൃപ്തി പരസ്യമായി പ്രസ്താവിച്ചുകഴിഞ്ഞു. ഭക്ഷ്യ-സിവിൽ സപ്ലൈസ് വകുപ്പ് ലഭിച്ച മുനിയപ്പ, താൻ 'ഏറ്റവും മുതിർന്ന' നേതാവായതിനാൽ കൂടുതൽ പ്രധാനപ്പെട്ട വകുപ്പ് അർഹിക്കുന്നുണ്ട് എന്നാണ് പ്രതികരിച്ചത്.
ജനങ്ങൾക്ക് വേണ്ടി കൂടുതൽ നന്നായി പ്രവർത്തിക്കാൻ കഴിയുന്ന ഒരു 'പ്രധാന വകുപ്പ്' തനിക്ക് നൽകണമെന്ന് നേതൃത്വത്തോടും രാഹുൽ ഗാന്ധിയോടും ആവശ്യപ്പെട്ടിട്ടുണ്ട് എന്നും അദ്ദേഹം പറഞ്ഞതായി എൻഡിടിവി റിപ്പോർട്ട് ചെയ്തു. പൊതുമരാമത്ത് വകുപ്പ് നിലനിർത്തിയ മന്ത്രി സതീഷ് ജാർക്കിഹോളി, തനിക്ക് കെപിസിസി പ്രസിഡന്റ് സ്ഥാനം കൂടി വേണമെന്ന ആവശ്യം ഹൈക്കമാൻഡിന് മുന്നിൽ വെച്ചതായും അറിയിച്ചു. ഹൈക്കമാൻഡ് തീരുമാനം എന്തുതന്നെയായാലും താൻ അംഗീകരിക്കുമെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.
മന്ത്രിസഭയിൽ വനിതാ മന്ത്രിമാരില്ലാത്തതിലും ഡി.കെ. ശിവകുമാർ വിമർശനം നേരിടുന്നുണ്ട്. ആദ്യ ഘട്ടത്തിൽ ഒരു വനിതാ മന്ത്രിയെപ്പോലും ഉൾപ്പെടുത്താത്തതിൽ നിരാശയുണ്ടെന്ന് മുതിർന്ന കോൺഗ്രസ് നേതാവ് മാർഗരറ്റ് ആൽവ ചൂണ്ടിക്കാട്ടിയിരുന്നു. വിമർശനങ്ങളോട് പ്രതികരിച്ച ശിവകുമാർ, മന്ത്രിസഭയിൽ ഇനിയും ഒട്ടേറെ ഒഴിവുകളുണ്ടെന്നും മന്ത്രിസഭ വികസിപ്പിക്കുമ്പോൾ സ്ത്രീകൾക്ക് പ്രാതിനിധ്യം നൽകുമെന്നും പറഞ്ഞു. ജൂൺ മൂന്നിനാണ് മുഖ്യമന്ത്രി ഡി.കെ. ശിവകുമാറും 13 മന്ത്രിമാരും സത്യപ്രതിജ്ഞ ചെയ്ത് അധികാരമേറ്റത്.

