KeralaNews

സെക്രട്ടറിയേറ്റിൽ അനുമതിയില്ലാതെ വനിതാ വ്‌ളോഗറുടെ വീഡിയോ ചിത്രീകരണം; പിന്നാലെ വിവാദം

തിരുവനന്തപുരം: അതീവ സുരക്ഷാ മേഖലയായ സെക്രട്ടറിയേറ്റിൽ വനിതാ വ്‌ളോഗർ വീഡിയോ ചിത്രീകരിച്ചത് വിവാദമാവുന്നു. മതിയായ അനുമതി വാങ്ങാതെയാണ് ചിത്രീകരണം നടന്നതെന്നാണ് വിമർശനം. അക്രഡിറ്റേഷനുള്ള മാധ്യമപ്രവർത്തകർക്ക് പോലും കർശന നിയന്ത്രണമുള്ള മേഖലയിലാണ് വ്‌ളോഗ് ചിത്രീകരണം നടന്നത്. സ്പെഷ്യൽ സെക്രട്ടറിയുടെ യാത്രയയപ്പ് ചടങ്ങാണ് വനിതാ വ്‌ളോഗർ ചിത്രീകരിച്ചത്.

ഇതുമായി ബന്ധപ്പെട്ട അനുമതിയൊന്നും എടുത്തിട്ടില്ലെന്നാണ് ആഭ്യന്തരവകുപ്പ് നൽകുന്ന വിശദീകരണം. സെക്രട്ടറിയേറ്റിലെ ചിത്രീകരണം ഉൾപ്പെടെയുള്ള കാര്യങ്ങളിൽ തീരുമാനം എടുക്കേണ്ടത് ആഭ്യന്തര വകുപ്പാണ്. നിരന്തരം പോലീസുകാർ കയറി ഇറങ്ങുന്ന ഇടമായിട്ടും, അതീവ സുരക്ഷാ മേഖലയായിട്ടും കൂടി എങ്ങനെ അവർക്ക് ചിത്രീകരണം നടത്താനുള്ള അവസരം ലഭിച്ചുവെന്നാണ് പ്രധാനമായും ഉയരുന്ന ചോദ്യം.

ഈ ബുധനാഴ്‌ച ഉച്ചയോടെയായിരുന്നു സ്‌പെഷ്യൽ സെക്രട്ടറിയുടെ യാത്രയയപ്പ് ചടങ്ങുകൾ നടന്നത്. അതിനിടയിലായിരുന്നു യുവതിയുടെ വ്‌ളോഗ് ചിത്രീകരണവും. സ്പെഷ്യൽ സെക്രട്ടറിയുടെ യാത്രയയപ്പ് ചടങ്ങ് ചിത്രീകരിച്ച് ഇവർ പുറത്തിവിടുകയും ചെയ്‌തിട്ടുണ്ട്‌.വ്ളോഗർ നൽകിയ മൈക്ക് ഉപയോഗിച്ചാണ് ചടങ്ങില്‍ പങ്കെടുത്ത ഉദ്യോഗസ്ഥരില്‍ കൂടുതൽ പേരും സംസാരിച്ചത്.

കഴിഞ്ഞ ഒരു വർഷമായി സെക്രട്ടറിയേറ്റിൽ ചിത്രീകരണത്തിന് വിലക്ക് ഏർപ്പെടുത്തിയിരുന്നു. അതീവ സുരക്ഷാ മേഖല ആയതിനാലായിരുന്നു നിയന്ത്രണം. നിശ്ചിത തുക ഫീസായി വാങ്ങി സെക്രട്ടേറിയറ്റിൽ മുൻപ് സിനിമാ ഷൂട്ടിങ് ഉൾപ്പെടെ അനുവദിച്ചിരുന്നു. എന്നാൽ ഇടക്കാലത്ത് സുരക്ഷാ ഭീഷണി ചൂണ്ടിക്കാട്ടിയായിരുന്നു ഇത് നിർത്തലാക്കിയത്.

മാധ്യമങ്ങൾക്ക് ഇപ്പോഴും വിലക്ക് തുടരുന്നതിനിടെ ആണ് വ്‌ളോഗർക്ക് ചിത്രീകരണത്തിന് അനുമതി നൽകിയത് എന്നതാണ് ശ്രദ്ധേയമായ കാര്യം. ഔദ്യോഗിക ചിത്രീകരണങ്ങൾ മാത്രം പിആർഡിയുടെ നേതൃത്വത്തിൽ നടത്താമെന്നായിരുന്നു ആഭ്യന്തര വകുപ്പിന്റെ നിർദ്ദേശം. നേരത്തെ സിനിമാ-സീരിയൽ ചിത്രീകരണങ്ങൾക്ക് നൽകിയ അപേക്ഷകൾ എല്ലാം സർക്കാർ തള്ളിയിരുന്നു.

അതിനിടെ സെക്രട്ടറിയേറ്റിലെ ഇടത് സംഘടനകൾ തമ്മിലുള്ള ചേരിപ്പോരാണ് വനിതാ വ്‌ളോഗറുടെ വീഡിയോ ചിത്രീകരണത്തിന് പിന്നിലെന്നാണ് പ്രധാനമായും ഉയരുന്ന ആരോപണം. അതിന്റെ ഭാഗമായാണ് സ്‌പെഷ്യൽ സെക്രട്ടറിയുടെ സ്ഥലംമാറ്റമെന്നും അഭ്യൂഹങ്ങളുണ്ടായിരുന്നു. പാർട്ടി ഫ്രാക്ഷൻ ഗ്രൂപ്പ് അംഗം കൂടിയായിരുന്നു ഈ സ്‌പെഷ്യൽ സെക്രട്ടറി.

സംസ്ഥാന നേതൃത്വത്തിന്റെ താൽപര്യ പ്രകാരമാണ് ഈ സ്ഥലംമാറ്റമെന്ന് ഒരു വിഭാഗം ആരോപിക്കുന്നു. എന്നാൽ മുഖ്യമന്ത്രിയുടെ ഓഫീസിലെ മുൻ അഡീഷണൽ സെക്രട്ടറിക്കെതിരെ തൊഴിൽ പീഡനത്തിന് റിപ്പോർട്ട് നൽകിയതിനെ തുടർന്ന് ചിലർ സമ്മർദം ചെലുത്തി സ്ഥലംമാറ്റിയെന്നാണ് മറ്റൊരു കൂട്ടർ വാദിക്കുന്നത്.

ബ്രേക്കിംഗ് കേരളയുടെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക Whatsapp Group | Telegram Group | Google News

Related Articles

Back to top button
Close

Adblock Detected

Please consider supporting us by disabling your ad blocker