BusinessNationalNews

സെബി ചെയർപേഴ്‌സണെതിരെ ഹിൻഡൻബർഗ്; അദാനി ഗ്രൂപ്പിലേക്ക് പണമെത്തിയ കമ്പനികളിൽ ഓഹരി, വെട്ടിലാക്കി വെളിപ്പെടുത്തൽ

ന്യൂഡൽഹി: സെബി ചെയർപേഴ്‌സണും അവരുടെ ഭർത്താവിനും എതിരെ ഗുരുതര ആരോപണവുമായി ഹിൻഡൻബർഗ്. സെബി ചെയർപേഴ്‌സൺ മാധവി ബുച്ചിനും ഭർത്താവിനും അദാനി ഗ്രൂപ്പിലേക്ക് പണമെത്തിയ ഷെൽ കമ്പനികളിൽ നിക്ഷേപം ഉണ്ടെന്ന ഗുരുതര ആരോപണമാണ് ഹിൻഡൻബർഗ് റിസർച്ച് റിപ്പോർട്ട് ഏറ്റവും ഒടുവിൽ പുറത്തുവിട്ടിരിക്കുന്നത്. നേരത്തെ ഇന്ത്യയുമായി ബന്ധപ്പെട്ട വലിയൊരു വെളിപ്പെടുത്തൽ വരാനുണ്ടെന്ന് ഹിൻഡൻബർഗ് അറിയിച്ചിരുന്നു.

ഹിൻഡൻബർഗ് റിപ്പോർട്ട് പറയുന്നത് അനുസരിച്ച്, ഗൗതം അദാനിയുടെ സഹോദരൻ വിനോദ് അദാനി ഓഹരി വിപണിയിൽ കൃത്രിമം കാണിക്കാൻ ഉപയോഗിച്ചതായി ആരോപിക്കപ്പെടുന്ന അതേ സ്ഥാപനമായ ബെർമുഡയിലെയും മൗറീഷ്യസിലെയും അവ്യക്തമായ ഓഫ്‌ഷോർ ഫണ്ടുകളിൽ മാധബി ബുച്ചിനും ഭർത്താവിനും വെളിപ്പെടുത്താത്ത നിക്ഷേപം ഉണ്ടെന്നാണ്.

2017ൽ സെബിയുടെ മുഴുവൻ സമയ അംഗമായി മാധബി ബുച്ചിനെ നിയമിക്കുന്നതിനും, 2022 മാർച്ചിൽ സെബി ചെയർപേഴ്‌സണായി ചുമതല നൽകുന്നതിനും ഒക്കെ മുൻപുള്ള നിക്ഷേപങ്ങളാണ് ഇവയൊന്നും 2015 മുതലുള്ളതാണ് ഇവയെന്നും ഹിൻഡൻബർഗ് റിപ്പോർട്ടിൽ പറയുന്നു. ചില രേഖകളെ ഉദ്ധരിച്ചാണ് ഈ വെളിപ്പെടുത്തലെന്നും റിപ്പോർട്ട് വ്യക്തമാക്കുന്നു.

കൂടാതെ മാധവി ബുച്ചിനെ സെബിയിൽ നിയമിക്കുന്നതിന് ആഴ്‌ചകൾക്ക് മുമ്പ്, അവരുടെ പുതിയ നിയന്ത്രണ ചുമതലയുമായി ബന്ധപ്പെട്ട സൂക്ഷ്‌മപരിശോധന ഒഴിവാക്കാൻ അവരുടെ നിക്ഷേപം തന്റെ നിയന്ത്രണത്തിലേക്ക് മാറ്റാൻ അവരുടെ ഭർത്താവ് അഭ്യർത്ഥിച്ചുവെന്നും ഹിൻഡൻബർഗ് റിപ്പോർട്ട് ആരോപിക്കുന്നു.

നേരത്തെ അദാനി ഗ്രൂപിനെതിരെ ഉയർന്ന ഓഹരി കൃത്രിമ ആരോപണങ്ങളിൽ കാര്യമായ നടപടി സ്വീകരിക്കാത്തതും സെബി ചെയർപഴ്‌സന്റെ നിക്ഷേപവും തമ്മിൽ ബന്ധമുണ്ടായേക്കാം എന്നും ഹിൻഡൻബർഗ് സംശയം ഉന്നയിക്കുന്നു, പ്രത്യേകിച്ച് ഇതിലൊരു നിഴൽ കമ്പനിയിൽ ദമ്പതികളുടെ നിക്ഷേപം കൂടി ഉൾപ്പെടുന്ന സാഹചര്യത്തിൽ.

2023 ജനുവരിയിൽ അദാനി ഗ്രൂപിനെതിരെ ഹിൻഡൻബർഗ് വെളിപ്പെടുത്തലുമായി രംഗത്ത് വന്നത്. ഇതോടെ അദാനി ഗ്രൂപ്പിന്റെ ഓഹരികൾ വൻതോതിൽ മൂല്യത്തകർച്ച നേരിട്ടിരുന്നു. അദാനി ഗ്രൂപ്പിന്റെ കമ്പനി അക്കൗണ്ടിങ്ങിലും കോർപ്പറേറ്റ് ഭരണ സംവിധാനത്തിലും ഗുരുതര പ്രശ്‌നങ്ങളുണ്ടെന്നായിരുന്നു ഹിൻഡെൻബർഗിന്റെ ആരോപണങ്ങളിൽ ഒന്ന്.

കൂടാതെ കമ്പനി ഓഹരി വിപണിയിൽ കൃത്രിമം കാട്ടിയെന്നും ഓഹരികൾ ഊതിപെരുപ്പിച്ചുവെന്നും ആരോപണം ഉയർന്നിരുന്നു.മൗറീഷ്യസ്, യുഎഇ, കരീബിയൻ രാജ്യങ്ങൾ എന്നീ മേഖലകൾ കേന്ദ്രീകരിച്ച് അദാനി കുടുംബത്തിന്റെ നിയന്ത്രണത്തിൽ പ്രവർത്തിക്കുന്ന ഒരുകൂട്ടം ഷെൽ കമ്പനികൾ വഴിയാണ് ഈ കൃത്രിമം നടന്നതെന്നും അവർ ആരോപിച്ചിരുന്നു.

ബ്രേക്കിംഗ് കേരളയുടെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക Whatsapp Group | Telegram Group | Google News

Related Articles

Back to top button
Close

Adblock Detected

Please consider supporting us by disabling your ad blocker