‘ഒരു ട്വീറ്റ് നിങ്ങളുടെ ഒരുമയെ ഇളക്കിമറിച്ചെങ്കില്‍, ഒരു തമാശ നിങ്ങളുടെ വിശ്വാസത്തെ അലോസരപ്പെടുത്തിയെങ്കില്‍ കുഴപ്പം നിങ്ങളുടേതാണ്’; തപ്‌സി പന്നു
രാജ്യത്തെ കര്‍ഷക പ്രക്ഷോഭം അന്താരാഷ്ട്ര തലത്തില്‍ ശ്രദ്ധ നേടുകയാണ്. പോപ്പ് ഗായിക റഹാനയുടെ ട്വീറ്റ് വളരെ വിവാദങ്ങള്‍ സൃഷ്ടിച്ചിരുന്നു. ഇതോടെ നിരവധി അന്താരാഷ്ട്ര താരങ്ങള്‍ കര്‍ഷകര്‍ക്ക് പിന്തുണയുമായി എത്തി. എന്നാല്‍ അതിനു പിന്നാലെ ഇന്ത്യ ഒറ്റക്കെട്ടാണെന്ന് പറഞ്ഞുകൊണ്ട് മുന്‍ ക്രിക്കറ്റ് താരം സച്ചിന്‍ ടെന്‍ഡുല്‍ക്കര്‍ അടക്കമുള്ളവര്‍ ട്വീറ്റ് ചെയ്തു. ഇപ്പോള്‍ സോഷ്യല്‍ മീഡിയയില്‍ വൈറലാവുന്നത് നടി തപ്‌സി പന്നുവിന്റെ കുറിപ്പാണ്.
ഇന്ത്യയുടെ ഐക്യത്തെക്കുറിച്ച് ട്വീറ്റ് ചെയ്യുന്നവര്‍ക്കുള്ള താരത്തിന്റെ മറുപടിയാണിത്. മറ്റുള്ളവരുടെ പ്രവര്‍ത്തികള്‍ നിങ്ങളെ ബുദ്ധിമുട്ടിക്കുന്നുണ്ടെങ്കില്‍ അത് നിങ്ങളുടെ പ്രശ്‌നമാണ് എന്നാണ് താരം കുറിക്കുന്നത്.
‘ഒരു ട്വീറ്റ് നിങ്ങളുടെ ഒരുമയെ ഇളക്കിമറിച്ചെങ്കില്‍, ഒരു തമാശ നിങ്ങളുടെ വിശ്വാസത്തെ അലോസരപ്പെടുത്തിയെങ്കില്‍, ഒരു ഷോ നിങ്ങളുടെ മതവിശ്വാസത്തെ അലട്ടിയെങ്കില്‍ മറ്റുള്ളവരുടെ ‘പ്രൊപ്പഗാണ്ട ടീച്ചര്‍’ ആവാതെ നിങ്ങളുടെ മൂല്യങ്ങളെ ശക്തിപ്പെടുത്തേണ്ടത് നിങ്ങളാണ് ‘- തപ്‌സി പന്നു കുറിച്ചു.
കഴിഞ്ഞ ദിവസമാണ് അന്താരാഷ്ട്ര തലത്തില്‍ കര്‍ഷക സമരം ചര്‍ച്ചയാവുന്നത്. അതിന് പിന്നാലെ രാജ്യത്തെ സിനിമ, കായിക മേഖലയിലെ നിരവധി പ്രമുഖരാണ് ഇന്ത്യ ടുഗതര്‍, ഇന്ത്യ എഗയിനിസ്റ്റ് പ്രൊപ്പഗാന്‍ഡ എന്നീ ഹാഷ്ടാഗുകളുമായി എത്തിയത്. അക്ഷയ് കുമാര്‍, വിരാട് കൊഹ്‌ലി, രഹാനെ, സൈന നെവാള്‍ തടങ്ങിയ നിരവധി പേരാണ് ട്വീറ്റുമായി എത്തിയത്.