KeralaNews

മണല്‍ മാഫിയയുടെ പേടി സ്വപ്‌നം,ഡാര്‍ളി അമ്മൂമ്മ അന്തരിച്ചു

തിരുവനന്തപുരം: മണല്‍ മാഫിയക്കെതിരെ അസാധാരണമായ ഒറ്റയാള്‍ പോരാട്ടം നടത്തിയ ഡാര്‍ളി അമ്മൂമ്മ അന്തരിച്ചു. 90 വയസായിരുന്നു. തിരുവനന്തപുരം ജില്ലാ പഞ്ചായത്തിന്‍റെ അണ്ടൂര്‍ക്കോണത്തെ വയോജന കേന്ദ്രത്തില്‍ വച്ചായിരുന്നു അന്ത്യം.

മണല്‍ മാഫിയയ്‌ക്കെതിരെ ഒറ്റയാള്‍ പോരാട്ടം നടത്തിയ ഡാര്‍ളി അമ്മൂമ്മ ചെറുത്തുനില്‍പ്പുകളുടെ പ്രതീകമായി സംസ്ഥാനതലത്തില്‍ ശ്രദ്ധനേടിയിരുന്നു. നെയ്യാറ്റിന്‍കര ആയുര്‍വേദ ആശുപത്രിയില്‍നിന്ന് ക്ലാസ് ഫോര്‍ ജീവനക്കാരിയായി വിരമിച്ചയാളാണ് അവര്‍. കുടുംബ വിഹിതമായി കിട്ടിയ വീടും ചുറ്റുമുള്ള 15 സെന്‍റ് സ്ഥലവും നഷ്ടപ്പെടുമെന്ന അവസ്ഥ വന്നപ്പോഴാണ് പോരാട്ടം തുടങ്ങിയത്.

നെയ്യാറ്റിന്‍കര ഓലത്താന്നിയില്‍ നെയ്യാറിന്‍റെ തീരത്താണ് പുലിമുറ്റത്ത് കിഴക്കേത്തോട്ടത്തിലായിരുന്നു ഡാര്‍ളി അമ്മൂമ്മയുടെ വീട്. വീട്ടിലെ മറ്റ് മക്കളേക്കാള്‍ പഠിക്കാന്‍ മിടുക്കിയായിരുന്നു ഡാര്‍ളി. പഴയകാലത്തെ എട്ടാം ക്ലാസ് വരെ ഡാര്‍ളി പഠിച്ചു. പഠനശേഷം തിരുവനന്തപുരം ഗവ. ആയൂര്‍വേദ മെഡിക്കല്‍ കോളജില്‍ കമ്പൗണ്ടറായി ഡാര്‍ളിക്ക് ജോലിയും കിട്ടി. സഹോദരങ്ങളെല്ലാം പലവഴിക്കായി.

ഒരേക്കറില്‍ എട്ടുമുറികളുള്ള വലിയൊരു വീടായിരുന്നു തറവാട്. ഭാഗം വെച്ചപ്പോള്‍ വിവാഹം കഴിച്ചിട്ടില്ലാത്ത ഡാര്‍ളിക്ക് 30 സെന്‍റ് സ്ഥലവും വലിയ വീടും ഓഹരിയായി കിട്ടി. മാതാപിതാക്കളുടെ മരണശേഷം ഡാര്‍ളി വലിയ വീട്ടില്‍ ഒറ്റക്കായി. അങ്ങനെയിരിക്കെയാണ് നെയ്യാറില്‍ നിന്നും മണലെടുപ്പ് കൂടുതല്‍ രൂക്ഷമായത്. പുറത്തുനിന്നെത്തിയവര്‍ മോഹിപ്പിക്കുന്ന വിലക്ക് തീരത്തെ പകുതിയിലധികം വീടുകളും വിലക്കെടുത്തു.

ഡാര്‍ളിയുടെ സഹോദരങ്ങള്‍ വരെ സ്ഥലം മണലൂറ്റുകാര്‍ക്ക് വിറ്റു. പ്രദേശത്തെ 15ലധികം വീടുകള്‍ ഇത്തരത്തില്‍ മണല്‍മാഫിയ സ്വന്തമാക്കി. ഡാര്‍ളിയുടെ വീട് മാത്രം അവശേഷിച്ചു. പുഴ തുരന്ന് തുരന്ന് നാല് വശത്തുനിന്നും മണലൂറ്റുകാര്‍ ഡാര്‍ളിയെ ഒറ്റപ്പെടുത്തി. പരന്നുകിടന്ന അവരുടെ വീടും പറമ്പും ഒരു ദ്വീപ് പോലെയായി. പുറത്തിറങ്ങാന്‍ പറ്റാത്ത അവസ്ഥ. സ്ഥലവും വീടും വിറ്റില്ലെങ്കില്‍ കൊന്നുകളയുമെന്നും ആരും ചോദിക്കാന്‍ വരില്ലെന്നും മണലൂറ്റുകാര്‍ ഭീഷണിപ്പെടുത്തി. കൊല്ലാന്‍വരുന്നവരെ നെയ്യാറില്‍മുക്കി കൊല്ലുമെന്നായിരുന്നു ഡാര്‍ളിയുടെ മറുപടി.

പുഴുയോരത്തുള്ള വാറ്റുകേന്ദ്രങ്ങളില്‍ നിന്നും ഡാര്‍ളിയുടെ വീട്ടിലേക്ക് ചാരായം കൊണ്ടുവന്ന് അവിടം ചാരായശാപ്പുപോലെയാക്കി. അങ്ങനെ ജീവിതം ആകെ പൊറുതിമുട്ടിയ അവസ്ഥയില്‍ ഡാര്‍ളി വീണ്ടും ബന്ധുവീട്ടിലേക്ക് മാറി. ഡാര്‍ളിയുടെ അവസ്ഥ വാര്‍ത്തകളില്‍ ഇടംപിടിച്ചതോടെ നിരവധിപേര്‍ സഹായവുമായി രംഗത്തെത്തി.

കെ.പി.സി.സി പ്രസിഡന്‍റ് വി.എം സുധീരന്‍ അഞ്ച് ലക്ഷം രൂപ വാഗ്ദാനം ചെയ്തു. സുരേഷ്ഗോപി എംപി പുതിയ വീട് വയ്ക്കാന്‍ അഞ്ച് ലക്ഷം രൂപ നല്‍കാമെന്നേറ്റു. യു.ഡി.എഫിലെ ഹരിത എം.എല്‍.എമാര്‍ കൂട്ടമായി സ്ഥലം സന്ദര്‍ശിച്ച് ഡാര്‍ളിയുടെ എല്ലാ ആവശ്യങ്ങള്‍ക്കും ഒപ്പമുണ്ടാകുമെന്ന് അറിയിച്ചു. എന്നാല്‍ എല്ലാം പാഴ്വാക്കായിരുന്നു എന്ന് പിന്നീട് കാലം തെളിയിച്ചു. ആരുടെയും വാഗ്ദാനങ്ങള്‍ പാലിക്കപ്പെട്ടില്ല.

ബ്രേക്കിംഗ് കേരളയുടെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക Whatsapp Group | Telegram Group | Google News

Related Articles

Back to top button
Close

Adblock Detected

Please consider supporting us by disabling your ad blocker