ഭോപ്പാൽ: അങ്കണവാടി കേന്ദ്രം വഴി ഗർഭിണിയായ സ്ത്രീക്ക് വിതരണം ചെയ്ത പോഷകാഹാര പാക്കറ്റിൽ ചത്ത പാമ്പിൻകുഞ്ഞിനെ കണ്ടെത്തി. മധ്യപ്രദേശിലെ പാണ്ഡുർണ ജില്ലയിലാണ് നാടിനെ നടുക്കിയ സംഭവം നടന്നത്. കാർഘട്ട് കാംതി ഗ്രാമത്തിലെ ഗർഭിണിയായ വത്സല ബായ് ധുർവെയ്ക്ക് അങ്കണവാടിയിൽ നിന്ന് നൽകിയ ലഡു അടങ്ങിയ പാക്കറ്റിലാണ് ചത്ത പാമ്പിൻകുഞ്ഞുണ്ടായിരുന്നത്. ഭാഗ്യം കൊണ്ടുമാത്രമാണ് യുവതി ഈ ഭക്ഷണം കഴിക്കാതിരുന്നത്. വീട്ടിലെത്തി പാക്കറ്റ് പൊട്ടിച്ചു നോക്കിയപ്പോഴാണ് ഉള്ളിൽ പാമ്പിൻകുഞ്ഞിനെ കണ്ട് കുടുംബം ഞെട്ടിയത്.
സംഭവം പുറത്തറിഞ്ഞതോടെ ഗ്രാമത്തിൽ വലിയ രീതിയിലുള്ള ഭീതിയും പ്രതിഷേധവും ഉയർന്നു. അങ്കണവാടികൾ വഴി ഗർഭിണികൾക്കും കുട്ടികൾക്കും നൽകുന്ന ഭക്ഷണത്തിന്റെ ഗുണനിലവാരത്തെയും സുരക്ഷയെയും കുറിച്ച് നാട്ടുകാർ ചോദ്യങ്ങൾ ഉയർത്തുകയാണ്. യുവതിയുടെ കുടുംബം ഉടൻ തന്നെ അങ്കണവാടി ജീവനക്കാരെയും പ്രാദേശിക ഭരണകൂടത്തെയും വിവരം അറിയിച്ചു. തുടർന്ന് വനിതാ ശിശുവികസന വകുപ്പ് പ്രോജക്ട് ഓഫീസർ ഉഷ പാണ്ഡ്രെ, നന്ദൻവാടി പോലീസ്, നായിബ് തഹസിൽദാർ എന്നിവരടങ്ങുന്ന ഉദ്യോഗസ്ഥ സംഘം സ്ഥലത്തെത്തി.
അവർ പാക്കറ്റ് കസ്റ്റഡിയിലെടുക്കുകയും ഔദ്യോഗിക പരിശോധനാ റിപ്പോർട്ട് തയ്യാറാക്കുകയും ചെയ്തു. പരിശോധനയ്ക്കായി ഭക്ഷണത്തിന്റെ സാമ്പിളും ശേഖരിച്ചിട്ടുണ്ട്. സംഭവത്തിൽ അന്വേഷണം നടത്തുന്നതിനായി ആക്ടിങ് കളക്ടർ അഗ്രിം കുമാർ അഞ്ചംഗ അന്വേഷണ സമിതിയെ നിയോഗിച്ചു. ഫുഡ് ഓഫീസർ പാക്കറ്റിലെ ഭക്ഷണസാമ്പിൾ പിടിച്ചെടുത്ത് ഭോപ്പാലിലെ സ്റ്റേറ്റ് ഫുഡ് ടെസ്റ്റിംഗ് സെന്ററിലേക്ക് അയച്ചിട്ടുണ്ടെന്ന് കളക്ടർ അറിയിച്ചു. ലബോറട്ടറി റിപ്പോർട്ടും അന്വേഷണ സമിതിയുടെ കണ്ടെത്തലുകളും ലഭിച്ച ശേഷം കർശന നടപടിയുണ്ടാകുമെന്നും അദ്ദേഹം വ്യക്തമാക്കി.
അതേസമയം, സംഭവത്തെ തുടർന്ന് പ്രദേശത്തെ ഗർഭിണികളും കുടുംബങ്ങളും വലിയ പ്രതിഷേധത്തിലാണ്. ഇതിന് ഉത്തരവാദികളായവർക്കെതിരെ കർശന നടപടി സ്വീകരിക്കണമെന്നും അങ്കണവാടികൾ വഴി വിതരണം ചെയ്യുന്ന പോഷകാഹാരങ്ങൾ കൃത്യമായി ഗുണനിലവാര പരിശോധനയ്ക്ക് വിധേയമാക്കണമെന്നും നാട്ടുകാർ ആവശ്യപ്പെട്ടു. എന്നാൽ ജനങ്ങൾ വ്യാജവാർത്തകളിൽ വിശ്വസിക്കരുതെന്നും ഔദ്യോഗിക അന്വേഷണ റിപ്പോർട്ടിനായി കാത്തിരിക്കണമെന്നും ഭരണകൂടം അഭ്യർത്ഥിച്ചു.

