NationalNews

22 ന് അയോധ്യയിലേക്കില്ലെന്ന് വ്യക്തമാക്കി സമാജ് വാദി പാർട്ടിയും,കുടുംബ സമേതം പിന്നീട് സന്ദർശിക്കുമെന്ന് അഖിലേഷ്

ന്യൂഡൽഹി: കോൺഗ്രസിന് പിന്നാലെ അയോധ്യയിലേക്കില്ലെന്ന് വ്യക്തമാക്കി സമാജ് വാദി പാർട്ടിയും. അയോധ്യയിലെ പ്രതിഷ്ഠാചടങ്ങിൽ പങ്കെടുക്കില്ലെന്ന് വ്യക്തമാക്കി അഖിലേഷ് യാദവ് ട്രസ്റ്റിന് കത്തയച്ചു. അതേസമയം, ചടങ്ങിൽ പങ്കെടുക്കില്ലെങ്കിലും കുടുംബ സമേതം പിന്നീട് സന്ദർശിക്കാനാണ് അഖിലേഷിന്റെ പദ്ധതി. ഇന്ത്യ സഖ്യത്തിലെ കൂടുതൽ കക്ഷികൾ സമാന നിലപാട് സ്വീകരിച്ചേക്കുമെന്നാണ് സൂചന.

അയോധ്യയിലെ രാമക്ഷേത്ര പ്രതിഷ്ഠാ ചടങ്ങിൽ നിന്ന് വിട്ടുനിൽക്കുന്ന നിലപാടിൽ വിശദീകരണവുമായി കോണ്‍ഗ്രസ് ദേശീയ നേതൃത്വം രം​ഗത്തെത്തി. പ്രതിഷ്ഠാ ചടങ്ങിൽ നിന്ന് മാത്രമാണ് വിട്ടു നിൽക്കുന്നതെന്നും ആർക്കും നിയന്ത്രണങ്ങളില്ലെന്നും കോൺ​ഗ്രസ് ദേശീയ നേതൃത്വം അറിയിച്ചു. പ്രതിഷ്ഠാ ചടങ്ങ് നടക്കുന്ന 22 ഒഴികെ ഏത് ദിവസവും സന്ദർശിക്കാമെന്നും കോൺ​ഗ്രസ് വ്യക്തമാക്കിയിട്ടുണ്ട്.

കോൺഗ്രസിൻ്റെ യു പി ഘടകം മകരസംക്രാന്തി ദിനമായ 15ന് ക്ഷേത്രം സന്ദർശിക്കുമെന്നും കോണ്‍ഗ്രസ് വക്താവ് സുപ്രിയ ശ്രീനേത് അറിയിച്ചു. പ്രതിഷ്ഠാ ചടങ്ങിലേക്കുള്ള ക്ഷണം ആദരവോടെ നിരസിക്കുന്നുവെന്നാണ് നേരത്തെ കോൺ​ഗ്രസ് ജനറൽ സെക്രട്ടറി ജയറാം രമേശ് അറിയിച്ചത്.

കോൺ​ഗ്രസ് നേതാക്കളായ സോണിയ ​ഗാന്ധി, മല്ലികാർജുൻ ഖാർ​ഗെ, അധിർ‌ രഞ്ജൻ ചൗധരി എന്നിവർക്കാണ് അയോധ്യയിലെ പ്രതിഷ്ഠാ ചടങ്ങിലേക്ക് ക്ഷണം ലഭിച്ചിട്ടുള്ളത്. എന്നാൽ ഇവർ പങ്കെടുക്കുന്ന കാര്യത്തിൽ തീരുമാനമെടുത്തിരുന്നില്ല. ആദ്യഘട്ടത്തിൽ പങ്കെടുക്കുമെന്ന് അഭ്യൂഹങ്ങളുണ്ടെയിരുന്നുവെങ്കിലും ‘ഇന്ത്യ’ സഖ്യത്തിലെ സമ്മർദ്ദത്തെ തുടർന്ന് പ്രതിസന്ധിയിലാവുകയായിരുന്നു.

തുടർന്നാണ് നേതാക്കൾ പങ്കെടുക്കില്ലെന്ന കാര്യത്തിൽ വ്യക്തമായ അഭിപ്രായം പറയുന്നത്. അയോധ്യ പ്രതിഷ്ഠാ ചടങ്ങ് ബിജെപിയുടെയും ആർ എസ് എസിൻ്റെയും പരിപാടിയാണ്. മതവിശ്വാസം വ്യക്തിപരമായ കാര്യമാണ്. ആർഎസ്എസും ബിജെപിയും അയോധ്യയെ രാഷ്ട്രീയ പദ്ധതിയാക്കിയെന്നും ജയറാം രമേശ് പറഞ്ഞു.

നിർമാണം പൂർത്തിയാക്കും മുൻപുള്ള ഉദ്ഘാടനം തെരഞ്ഞെടുപ്പ് നേട്ടത്തിനാണ്. അയോധ്യയിലെ സുപ്രീംകോടതി വിധി മാനിച്ചും രാമഭക്തരുടെ വികാരം മാനിച്ചുമാണ് തീരുമാനമെന്നും കോൺഗ്രസ് കൂട്ടിച്ചേർത്തു.

കോൺ​ഗ്രസിന് ക്ഷണം ലഭിച്ച വിവരം ആദ്യം പുറത്തു വിടുന്നത് ദ്വിഗ് വിജയ് സിംഗാണ്. സോണിയ ​ഗാന്ധി സന്തോഷത്തോടെ ക്ഷണം സ്വീകരിച്ചെന്നും സോണിയയോ അല്ലെങ്കിൽ അവർ നിർദ്ദേശിക്കുന്ന സംഘമോ അയോ​ധ്യയിലേക്ക് പോകുമെന്നും ദ്വി​ഗ് വിജയ്സിം​ഗ് പറഞ്ഞിരുന്നു.

അയോധ്യയിലെ ചടങ്ങിൽ പങ്കെടുക്കണമെന്ന നിലപാടാണ് ദ്വി​ഗ് വിജയ്സിം​ഗ് ഉന്നയിക്കുന്നത്. പിന്നീട് കോൺ​ഗ്രസ് പങ്കെടുക്കുമെന്ന വാർത്തകൾ വലിയ വിമർശനങ്ങൾക്ക് വഴിവെച്ചു. ഇന്ത്യസഖ്യത്തിലുൾപ്പെടെ സമ്മർദ്ദം ശക്തമായി. അതിനിടയിലാണ് വീണ്ടും പ്രതിഷ്ഠാദിനത്തെ കുറിച്ച് പരാമർശവുമായി ദ്വി​ഗ് വിജയ്സിം​ഗ് വീണ്ടും രം​ഗത്തെത്തിയത്.

ശ്രീരാമൻ ഹൃദയത്തിലുണ്ട്. എന്നാൽ വിശ്വാസം മനസ്സിലുള്ള ആർക്കും ചടങ്ങിൽ പങ്കെടുക്കാമെന്ന് ദ്വിദ് വിജയ്സിംങ് പറഞ്ഞിരുന്നു. പഴയവി​ഗ്രഹം എന്ത് കൊണ്ട് ഉപേക്ഷിക്കുന്നുവെന്നും പുതിയ വി​ഗ്രഹം എന്തുകൊണ്ടാണെന്നും ചോദിച്ച ദ്വി​ഗ് വിജയ്സിം​ഗ് ചടങ്ങ് രാഷ്ട്രീവൽക്കരിക്കുകയാണെന്നും പറഞ്ഞു.

ബ്രേക്കിംഗ് കേരളയുടെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക Whatsapp Group | Telegram Group | Google News

Related Articles

Back to top button
Close

Adblock Detected

Please consider supporting us by disabling your ad blocker