KeralaNews

ഔസേപ്പിന്റെ കടയിൽ ആറാമതും ‘പടയപ്പ’; 6 പഴുത്ത വാഴക്കുലകൾ ആപ്പിൾ, മുന്തിരി, മാതളം,25 കിലോഗ്രാം പച്ചക്കറിയും അകത്താക്കി, ആകെ നഷ്ടം 40000 രൂപ

മൂന്നാർ: കഴിഞ്ഞ ദിവസം കെഎസ്ആർടിസി ബസിനു മുന്നിലെത്തിയ കാട്ടുകൊമ്പൻ ‘പടയപ്പ’ ഇന്നലെ പഴം–പച്ചക്കറിക്കട തകർത്തു. മൂന്നാർ ജിഎച്ച് റോഡിൽ പെരുമ്പാവൂർ ചെറുകുന്നം സ്വദേശി എം.സി.ഔസേപ്പ് നടത്തുന്ന കടയുടെ മുൻവശം തകർത്ത കാട്ടാന 6 പഴുത്ത വാഴക്കുലകളും ആപ്പിൾ, മുന്തിരി, മാതളം എന്നിവയും തിന്നുതീർത്ത ശേഷം 25 കിലോഗ്രാം പച്ചക്കറിയും അകത്താക്കി. 40,000 രൂപയുടെ നഷ്ടം കണക്കാക്കുന്നു. കട തകർന്നതിന്റെ നഷ്ടം വേറെ.

ഇത് ആറാം തവണയാണ് ഔസേപ്പിന്റെ കട തേടി പടയപ്പഎത്തുന്നത്. ഓരോ തവണയും കട തകർത്ത് പഴവും പച്ചക്കറിയും അകത്താക്കിയശേഷം നീട്ടിയൊന്ന് ചിന്നം വിളിച്ച് തിരികെ കാടുകയറുന്നതാണു പതിവ്. പുലർച്ചെ നാലിനായിരുന്നു ഇന്നലത്തെ വരവ്. ദേവികുളത്തുനിന്ന് വനംവകുപ്പിന്റെ ദ്രുതപ്രതികരണസേനയെത്തി പടക്കം പൊട്ടിച്ചാണ് ആനയെ തിരിച്ചയച്ചത്.

2020ലാണ് ആന ആദ്യമായി ഈ കട നശിപ്പിച്ചത്. ഇതുവരെ ഏകദേശം 5 ലക്ഷം രൂപയുടെ നഷ്ടമാണ് ഔസേപ്പിനുണ്ടായത്. വനംവകുപ്പിൽ നിന്ന് ആകെ ലഭിച്ച നഷ്ടപരിഹാരം 50,000 രൂപയും.

അവധിക്കാലം ആരംഭിച്ചതോടെ മൂന്നാറിലേക്കു വിനോദസഞ്ചാരികളുടെ തിരക്ക് വർധിക്കുകയാണ്. രാത്രി വൈകിയും എത്തുന്ന വാഹനങ്ങൾക്ക് കാട്ടാനകൾ ഭീഷണി ഉയർത്തുന്നുണ്ട്. വനംവകുപ്പ് സുരക്ഷാ നടപടികൾ സ്വീകരിക്കണമെന്നു നാട്ടുകാരും വ്യാപാരികളും ആവശ്യപ്പെടുന്നു.

മൂന്നാറിലേക്കു പോയ കെഎസ്ആർടിസി ബസിന്റെ മുന്നിലെത്തിയ കാട്ടുകൊമ്പൻ ‘പടയപ്പ’ കഴിഞ്ഞ ദിവസം സൃഷ്ടിച്ചത് ആശങ്കയുടെ നിമിഷങ്ങൾ. ഉദുമൽപേട്ട–മൂന്നാർ അന്തർ സംസ്ഥാന സർവീസ് നടത്തുന്ന കെഎസ്ആർടിസിയുടെ ബസിനു നേരെയാണ് ‘പടയപ്പ’ എത്തിയത്. മൂന്നാർ ഡിവൈഎസ്‌പി ഓഫിസിനു മുന്നിൽ വച്ചാണ് ആന വാഹനത്തിനു മുന്നിലേക്ക് എത്തിയത്.

വണ്ടിയുടെ മുൻവശത്ത് നിലയുറപ്പിച്ച ആനയെക്കണ്ട് യാത്രക്കാർ ഭയന്നെങ്കിലും ഡ്രൈവർ ബാബുരാജ് മനസ്സാന്നിധ്യം കൈവിട്ടില്ല. തുമ്പിക്കൈ ഉയർത്തിയും മറ്റും ബസിനു മുന്നിൽ അൽപനേരം തുടർന്ന ആനയുടെ കൊമ്പുരഞ്ഞ് വണ്ടിയുടെ മുൻവശത്തെ ഗ്ലാസിൽ പൊട്ടലുണ്ടായി. ആന വശത്തേക്കു മാറിയയുടൻ ബസുമായി ഡ്രൈവർ മുന്നോട്ടു പോകുന്നതും മറ്റും യാത്രക്കാരിൽ ഒരാൾ പകർത്തിയ വിഡിയോയിൽ വ്യക്തമാണ്.

മൂന്നാറിലെ തമിഴ് തൊഴിലാളികളാണ് ‘പടയപ്പ’യെന്ന ഓമനപ്പേരിൽ ഈ ആനയെ വിളിച്ചുതുടങ്ങിയത്. കാട്ടാനക്കൂട്ടങ്ങൾ ഇടുക്കിയിലെ എസ്റ്റേറ്റ് മേഖലകളില്‍ ഇറങ്ങി ആക്രമണങ്ങള്‍ സൃഷ്ടിക്കുമ്പോള്‍ ആരെയും ഉപദ്രവിക്കാതെ ഭക്ഷണസാധനങ്ങള്‍ മാത്രം കണ്ടെത്തി കഴിച്ച് നാട് ചുറ്റുന്ന രീതിയാണ് ‘പടയപ്പ’യ്ക്കുള്ളത്.

ലോക്ഡൗൺ സമയത്ത് മൂന്നാര്‍ ടൗണില്‍ സ്ഥിരം സന്ദർശകനായ ഈ കാട്ടാന മാസങ്ങൾ പിന്നിട്ടെങ്കിലും ഉള്‍ക്കാട്ടിലേക്ക് പോകാന്‍ തയാറായില്ല. ആദ്യകാലങ്ങളില്‍ ട്രാക്ടര്‍ ‘പടയപ്പ’യ്ക്ക് ഭയമായിരുന്നെങ്കിലും ജനവാസമേഖലയില്‍ തമ്പടിച്ചതോടെ ആ ഭയവും ഇല്ലാതായി. പ്രായാധിക്യം മൂലം കാട്ടില്‍ പോയി ആഹാരം കണ്ടെത്താന്‍ കഴിയാത്തതിനാല്‍ ജനവാസമേഖലയിലെ സമീപങ്ങളിലാണ് ഈ ആനയെ പൊതുവേ കാണാറുള്ളത്.

പടയപ്പ’യും കാട്ടിൽനിന്നിറങ്ങിയ ഒറ്റയാനും തമ്മിൽ ഫെബ്രുവരിയിൽ ഏറ്റുമുട്ടിയിരുന്നു. സ്വതവേ ശാന്തസ്വഭാവമുള്ള ‘പടയപ്പ’ ആ സംഭവത്തിന് ശേഷം അൽപം പ്രകോപിതനാണെന്നാണ് നാട്ടുകാർ പറയുന്നത്. മാർച്ച് അവസാനം കൊളുന്തു ചാക്കുകൾ കയറ്റിയ ട്രാക്റ്റർ ‘പടയപ്പ’ 50 അടി താഴ്ചയിലേക്ക് കുത്തിമറിച്ചിട്ടിരുന്നു. ആന എതിരെ വരുന്നത് കണ്ട് ട്രാക്ടറിൽ ഉണ്ടായിരുന്ന രണ്ടു തൊഴിലാളികളും ഡ്രൈവറും ഇറങ്ങി ദൂരെ മാറി നിന്നതാണ് അന്ന് ആളപായം ഒഴിവാക്കിയത്.

ബ്രേക്കിംഗ് കേരളയുടെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക Whatsapp Group | Telegram Group | Google News

Related Articles

Back to top button
Close

Adblock Detected

Please consider supporting us by disabling your ad blocker