കമല്‍ ഹാസനുമായി ഒരു ബന്ധവുമില്ല; പ്രതിഫലമടക്കം തരാതെ പറ്റിക്കപ്പെട്ടതിനെ കുറിച്ച് വേര്‍പിരിഞ്ഞ ശേഷം ഗൗതമി
ചെന്നൈ:വിക്രം എന്ന സിനിമയിലൂടെ കമാന്‍ഡര്‍ അരുണ്‍ കുമാറായി ആരാധകരെ കൈയ്യിലെടുത്തിരിക്കുകയാണ് നടന്‍ കമല്‍ ഹാസന്‍. ഇനി ഇന്ത്യന്‍ 2 ആണ് വരാനിരിക്കുന്ന ചിത്രം. അതേ സമയം കമല്‍ ഹാസന്റെ സിനിമാ ജീവിതത്തെക്കാളും വ്യക്തി ജീവിതത്തെ ബന്ധിപ്പിക്കുന്ന കഥകളാണ് സോഷ്യല്‍ മീഡിയ പേജിലൂടെ വൈറലായി കൊണ്ടിരിക്കുന്നത്.
ആദ്യ രണ്ട് വിവാഹങ്ങളും ലിവിങ് റിലേഷനുമൊക്കെ പരാജയപ്പെട്ടതിന് ശേഷം നടന്‍ വീണ്ടും പ്രണയത്തിലാണെന്ന് അഭ്യൂഹമുണ്ടായിരുന്നു. ഇടയ്ക്ക് മകള്‍ ശ്രുതി ഹാസന്റെ പ്രണയവും തകര്‍ന്നതായി വാര്‍ത്ത പ്രചരിച്ചു. ഇതോടെ കമലിനെ കുറിച്ച് മുന്‍ പങ്കാളിയും നടിയുമായ ഗൗതമി പറഞ്ഞ കാര്യങ്ങള്‍ വൈറലാവുകയാണ്.
വാണി ഗണപതി, സരിക എന്നിവര്‍ക്ക് ശേഷമാണ് നടി ഗൗതമിയും കമല്‍ ഹാസനും അടുപ്പത്തിലാവുന്നത്. പലവിധ പ്രശ്‌നങ്ങളും വിവാഹത്തിലുള്ള വിശ്വാസം നഷ്ടപ്പെട്ടതുമൊക്കെ ചൂണ്ടി കാണിച്ചാണ് കമല്‍ ഹാസന്‍ ഭാര്യമാരുമായി പിരിയുന്നത്. അതുകൊണ്ട് തന്നെ ഇനിയൊരു വിവാഹമില്ലെന്ന തീരുമാനത്തിലാണ് ഗൗതമിയുമായി ലിവിങ് റിലേഷനില്‍ ജീവിച്ചത്. 2004 മുതല്‍ 2016 വരെ ഒത്തൊരുമിച്ചുണ്ടായിരുന്ന താരങ്ങള്‍ പൊരുത്തപ്പെടാനാവാത്ത പ്രശ്‌നം കാരണം ബന്ധം അവസാനിപ്പിക്കുകയായിരുന്നു.
ഇതിന് കാരണം കമല്‍ ഹാസന്റെ ആദ്യബന്ധത്തിലുള്ള മകളും നടിയുമായ ശ്രുതി ഹാസനാണന്ന ആരോപണവും വന്നിരുന്നു. പിതാവിന്റെ ദാമ്പത്യ ജീവിതത്തില്‍ മകളുടെ ഇടപെടല്‍ വന്നത് പ്രശ്‌നങ്ങള്‍ ഗുരുതരമാക്കിയെന്ന ആരോപണം ഗൗതമി അടക്കമുള്ളവര്‍ നിഷേധിക്കുകയും ചെയ്തിരുന്നു. എന്നാല്‍ വേര്‍പിരിഞ്ഞിട്ടും കമല്‍ ഹാസന്റെ വ്യക്തി ജീവിതത്തിലും തൊഴിലും താനും ബന്ധപ്പെട്ട് കിടക്കുന്നുവെന്ന തരത്തിലെ വാര്‍ത്തകള്‍ വേദനിപ്പിക്കുയാണെന്നാണ് ഗൗതമി മുന്‍പ് പറഞ്ഞത്.
2016 ഒക്ടോബറില്‍ ഔദ്യോഗികമായി തന്നെ ഞങ്ങള്‍ വേര്‍പിരിഞ്ഞതിന് ശേഷം കമല്‍ ഹാസനുമായി തനിക്ക് യാതൊരു ബന്ധവുമില്ല. എന്റെ മകള്‍ക്കും എനിക്കും സുരക്ഷിതമായി ജീവിക്കാനുള്ളതിന് വേണ്ടി ഞാന്‍ പുറത്ത് പോവുകയും ജോലി എടുക്കുകയും ചെയ്യുന്നു. വളരെ സമ്മര്‍ദ്ദം നിറഞ്ഞൊരു സാഹചര്യത്തില്‍ നിന്നും പിരിമുറുക്കത്തില്‍ നിന്നും സ്വയം ശ്വസിക്കാനുള്ള അന്തരീക്ഷമാണ് ഞാന്‍ നോക്കിയത്. മകള്‍ക്ക് വേണ്ടി സാമ്പത്തിക സ്ഥിരത ഉറപ്പാക്കാന്‍ ഞാന്‍ ശ്രമിക്കുന്നു.
ഞങ്ങള്‍ ഒരുമിച്ച് ജീവിച്ച പതിമൂന്ന് വര്‍ഷം രാജ്കമല്‍ ഫിലിംസ് ഇന്റര്‍നാഷ്ണല്‍ നിര്‍മ്മിച്ച സിനിമകള്‍ക്ക് വേണ്ടി ഞാന്‍ കോസ്റ്റിയൂം ഡിസൈനടക്കം പലതും ചെയ്തിരുന്നു. മറ്റ് പ്രോജക്ടുകളില്‍ വര്‍ക്ക് ചെയ്യാന്‍ സമ്മതിക്കാതിരുന്നതിനാല്‍ എനിക്ക് ആകെ വരുമാനം ലഭിക്കുന്നത് ഇതിലൂടെയായിരുന്നു. 2016 വരെയുള്ളതില്‍ ദശാവതാരം, വിശ്വരൂപം തുടങ്ങിയ സിനിമകളിൽ നിന്നും ശമ്പള കുടിശ്ശിക കൂടി കിട്ടാനുണ്ട്. ഇതൊക്കെ പുറത്ത് പറയുന്നതില്‍ വേദനയുണ്ടെന്നും ഗൗതമി കൂട്ടിച്ചേര്‍ത്തു.
താന്‍ ജോലി ചെയ്തിന്റെ കൂലി പലരീതിയില്‍ ആവശ്യപ്പെട്ടിട്ടും തരാത്തത് വളരെ വേദന നല്‍കി. മാത്രമല്ല കമല്‍ ഹാസനുമായി ഉണ്ടായിരുന്ന ബിസിനസുകളെല്ലാം 2016 ല്‍ തന്നെ അവസാനിപ്പിച്ചിരുന്നു. ഇത്തരമൊരു സാഹചര്യം എങ്ങനെ ഉണ്ടായി എന്ന് ചോദിച്ചാല്‍ ഞാന്‍ ബഹുമാനിക്കുകയും വിശ്വസിക്കുകയും ചെയ്തിരുന്ന വ്യക്തിയില്‍ നിന്നും ഉണ്ടായതാണെന്ന് മാത്രം ഗൗതമി പറഞ്ഞു. അങ്ങനെ ശ്രുതിയല്ല പ്രശ്‌നങ്ങളുടെ കാരണമെന്ന് ഗൗതമി വ്യക്തമാക്കി.