കോടികള്‍ കിട്ടിയിട്ടും പ്രതിഫലം തന്നില്ല; കാറ് മതിയെന്ന് പറഞ്ഞതോടെ സ്‌കൂട്ടറും നഷ്ടപ്പെട്ടെന്ന് സംവിധായകന്‍
കൊച്ചി:മലയാള സിനിമയിലെ ശ്രദ്ധേയരായ സംവിധായകരില്‍ ഒരാളാണ് പോള്‍സന്‍. അസിസ്റ്റന്റായി കരിയര്‍ തുടങ്ങി പിന്നീട് സ്വതന്ത്ര സംവിധായകനായി മാറിയ പോള്‍സന്‍ നിരവധി സിനിമകള്‍ സംവിധാനം ചെയ്തിട്ടുണ്ട്. മക്കള്‍ മാഹാത്മ്യം, KL 7-95 എറണാകുളം നോര്‍ത്ത് എന്നിങ്ങനെ പ്രേക്ഷക പ്രശംസ നേടിയ സിനിമകള്‍ പോള്‍സന്‍ ഒരുക്കിയതായിരുന്നു.
കുറഞ്ഞ ചിലവില്‍ ഒരുക്കിയ തന്റെ സിനിമയ്ക്ക് കോടികള്‍ പ്രതിഫലം കിട്ടിയതിനെ കുറിച്ചാണ് മാസ്റ്റര്‍ബിന്‍ ചാനലിന് നല്‍കിയ അഭിമുഖത്തിലൂടെ പോള്‍സന്‍ പറഞ്ഞത്. കോടികള്‍ വാരിയ സിനിമ സംവിധാനം ചെയ്തിട്ടും തനിക്ക് പ്രതിഫലം ഇനിയും കിട്ടാനുണ്ടെന്നാണ് സംവിധായകന്‍ പറഞ്ഞത്.
KL -7-95 എറണാകുളം നോര്‍ത്ത് എന്ന പേരിലൊരു സിനിമ ചെയ്യാന്‍ തീരുമാനിച്ചു. ഈ സിനിമയിലൂടെ ഒത്തിരി മിമിക്രി താരങ്ങള്‍ക്ക് അഭിനയിക്കാന്‍ ചാന്‍സ് കൊടുക്കാം. മിമിക്രി താരങ്ങള്‍ തന്നെയാണ് അതില്‍ മെയിനായിട്ടുള്ളത്. അവരുടെ കൂടെ ജഗതി ശ്രീകുമാര്‍, ജനാര്‍ദ്ദനന്‍, തിലകന്‍, തുടങ്ങി മൂന്നാല് താരങ്ങള്‍ കൂടി ഇതില്‍ വരുന്നുണ്ട്. അന്ന് ഏയ് ഓട്ടോ മുന്നിലുണ്ടെങ്കിലും ഓട്ടോറിക്ഷക്കാരുടെ കഥ പറഞ്ഞൊരു സിനിമയായിരുന്നു ഇതും.
നിര്‍മാതാവ് 25 ലക്ഷമാണ് സിനിമയുടെ ബജറ്റ് ഇട്ടത്. പക്ഷേ പതിനെട്ട് ലക്ഷം കൊണ്ട് പടം തീര്‍ന്നു. സില്‍ക്ക് സ്മിതയെ വെച്ചൊരു പാട്ട് കൂടി എടുക്കാനുണ്ടായിരുന്നു. ചിത്ര പാടിയ പാട്ടൊക്കെ റെക്കോര്‍ഡ് ചെയ്‌തെങ്കിലും അത് മാത്രം എടുത്തില്ല.
അന്നത്തെ ചുറ്റുപാട് മോശമാണെന്ന് പറഞ്ഞാണ് ആ പാട്ട് എടുക്കാതിരുന്നത്. സ്‌ക്രീപ്റ്റില്‍ ഒരുപാട് മാറ്റങ്ങള്‍ വന്നിരുന്നു. അന്ന് അഭിനയിക്കാന്‍ വന്ന സില്‍ക്ക് സ്മിത ഹോട്ടലില്‍ നിന്ന് തന്നെ അഭിനയിക്കാതെ തിരിച്ച് പോയിരുന്നു. അതൊക്കെ സിനിമയിലേക്കും ഉള്‍പ്പെടുത്തി.
സാധാരണ ഒരു പടമായി കണ്ട് ചെയ്‌തെങ്കിലും ഇത് പുറത്ത് വന്നപ്പോള്‍ ഓട്ടോറിക്ഷക്കാര്‍ അതങ്ങ് ഏറ്റെടുത്തു. ഒന്നേമുക്കാല്‍ കോടിയാണ് സിനിമയ്ക്ക് കളക്ഷന്‍ ലഭിച്ചത്. പതിനെട്ട് ലക്ഷത്തിന് ചെയ്ത സിനിമയ്ക്കാണ് ഇത്രയും വലിയ തുക ലഭിച്ചത്. ആ വര്‍ഷം മോഹന്‍ലാലിന്റെ ഒത്തിരി പടങ്ങള്‍ റിലീസ് ചെയ്തിരുന്നു. എന്നാല്‍ സൂപ്പര്‍താരങ്ങളുടെ പടങ്ങളെക്കാളും ഈ സിനിമ വലിയ വിജയമായതെങ്ങനെയാണെന്ന് മാഗസിനുകളില്‍ ചര്‍ച്ച നടന്നിരുന്നു.
അന്ന് എറണാകുളത്ത് വച്ച് നടത്തിയ പരിപാടിയില്‍ KL-7-95 എന്ന നമ്പറില്‍ ഒരു വണ്ടി പോള്‍സന് കൊടുക്കുമെന്ന് നിര്‍മാതാവ് പറഞ്ഞിരുന്നു. സിദ്ദിഖാണ് എന്നെ വിളിച്ച് തമ്പി ചേട്ടന്‍ സിനിമയുടെ പേരിലൊരു വണ്ടി വാങ്ങുന്നുണ്ടെന്നും അത് പോള്‍സനാണെന്നും പറയുന്നത്. ഞാനും വളരെ സ്വപ്‌നം കണ്ടു. എന്നാല്‍ ഒരു സൈക്കിള്‍ പോലും എനിക്ക് കിട്ടിയില്ലെന്നതാണ് സത്യം. കാശും കിട്ടാനുണ്ടായിരുന്നു.
തുടക്കത്തില്‍ അഡ്വാന്‍സ് മാത്രമേ നമ്മള്‍ വാങ്ങുകയുള്ളു. എന്നാല്‍ ആ സിനിമയിലൂടെ പത്ത് ഇരുപത്തിയ്യയ്യിരം രൂപയോളം കിട്ടാനുണ്ട്. തരാം തരാമെന്ന് പറഞ്ഞെങ്കിലും പിന്നെ കിട്ടിയില്ല. കാബൂളിവാല എന്ന സിനിമ വര്‍ക്ക് ചെയ്തപ്പോള്‍ അതിലെ അസിസ്റ്റന്റ് സംവിധായകന്മാര്‍ക്ക് സ്വര്‍ഗചിത്ര അപ്പച്ചന്‍ സ്‌കൂട്ടര്‍ വാങ്ങി കൊടുത്തു.
അബദ്ധത്തില്‍ എനിക്ക് കാര്‍ മതിയെന്ന് പറഞ്ഞത് കൊണ്ട് സ്‌കൂട്ടര്‍ തന്നില്ല. എന്നാല്‍ എനിക്ക് കാറും കിട്ടിയില്ല, സ്‌കൂട്ടറും കിട്ടിയില്ല. ശരിക്കും സ്‌കൂട്ടര്‍ മതിയായിരുന്നു. അങ്ങനെയൊക്കെ ഞാന്‍ മണ്ടത്തരം കാണിച്ചിട്ടുണ്ടെന്നാണ് പോള്‍സന്‍ പറയുന്നത്.