KeralaNews

തൂപ്പുകാരിയുടെ താൽക്കാലിക ജോലിയിൽ നിന്ന് പരീക്ഷയെഴുതാതെ അസിസ്റ്റൻ്റ് തസ്തികയിൽ, കൈക്കൂലിയിനത്തിൽ എൽസി സമ്പാദിച്ചത് ലക്ഷങ്ങൾ, ഞെട്ടിയ്ക്കുന്ന വിവരങ്ങൾ പുറത്ത്

കോട്ടയം:  മാർക്ക് ലിസ്റ്റിന് വേണ്ടി വിദ്യാർത്ഥിയിൽ നിന്ന്  കൈക്കൂലി വാങ്ങിയ എം.ജി.സർവ്വകലാശാല അസിസ്റ്റന്റ് സി.ജെ.എൽസി നേരത്തെയും പണം വാങ്ങിയതായി സൂചന. ഇക്കാര്യത്തിൽ വിജിലൻസ് വിശദമായ അന്വേഷണം നടത്തും. കോവിഡ്‌ കാലത്തെ പരീക്ഷകളിലെ ആശയക്കുഴപ്പം മുതലെടുത്താണ് പത്തനംതിട്ട സ്വദേശിയിൽ നിന്ന് എൽസി പണം വാങ്ങിയത്.  എൽസിയുടെ നിയമനത്തിലും ക്രമക്കേട് നടന്നെന്നാണ് വിവരം. വിഷയം നാളത്തെ സിൻഡിക്കേറ്റ് ആദ്യ അജണ്ടയായി ചർച്ച ചെയ്യും.

എം ജി സർവകലാശാലയിലെ മാർക്ക് ലിസ്റ്റിന് കൈക്കൂലി സംഭവത്തിൽ ഞെട്ടിപ്പിക്കുന്ന വിവരങ്ങളാണ് പുറത്തു വരുന്നത്. 2016 മുതൽ എംബിഎ വിഭാഗത്തിൽ ജോലി ചെയ്യുന്ന എൽസി ആദ്യ നിയമനം നേടിയെടുത്തത് എസ്എസ്എൽസി പോലും പാസാകാതെ ആണ്.  2009 മുതൽ താൽകാലിക വേതനത്തിൽ തൂപ്പുകാരി. 2010 ൽ ചില ഇളവുകൾ മുതലെടുത്തു എസ്എസ്എൽസി പോലും പാസാകാതെ പ്യൂൺ തസ്തികയിലെത്തി. എഴുത്തു പരീക്ഷയില്ലാതെ ആയിരുന്നു  നിയമനം. 

എസ്എസ്എൽസി, ഡിഗ്രീ യോഗ്യത പരീക്ഷകൾ ജയിച്ച ശേഷം 2016 ൽ അസിസ്റ്റന്റ് തസ്തികയിൽ. പിഎസ്‌സിക്ക് വിട്ട നിയമനങ്ങൾ പ്രബാല്യത്തിൽ വരുന്നതിന് തൊട്ടുമുമ്പായിരുന്നു ഈ തിരക്കിട്ട നിയമനം. എം ജി സർവകലാശാല എംപ്ലോയിസ് അസോസിയേഷൻ സജീവ അംഗമായ എൽസി ഈ സ്വാധീനങ്ങൾ എല്ലാം ഉപയോഗിച്ചാണ് പദവികൾ നേടിയെടുത്തതെന്ന് വ്യക്തം. 

എൽസിയുടെ നിയമനവും കൈക്കൂലിയും ഉൾപ്പെടെയുള്ള കാര്യങ്ങൾ നാളെ ചേരുന്ന സിൻഡിക്കേറ്റ് ആദ്യ അജണ്ടയായി ചർച്ച ചെയ്യും. എൽസി  വിദ്യാർഥികളിൽ നിന്ന് നേരത്തെ പണം വാങ്ങിയെന്ന വ്യക്തമായ സൂചനയാണ് വിജിലൻസിന് കിട്ടുന്നത്. എൽസിയുടെ ബാങ്ക്, ഓഫീസ്, ഫോണ് രേഖകൾ വിശദമായി പരിശോധിക്കാനാണ്  നീക്കം. 

പത്തനംതിട്ട തിരുവല്ല സ്വദേശിയിൽ നിന്ന് എൽസി കൈക്കൂലി വാങ്ങിയെടുത്തത് കോവിഡ്‌കാലത്തെ പരീക്ഷകളിലെ അനിശ്ചിതത്വം മുതലെടുത്ത്. മേഴ്സി ചാൻസിൽ പരീക്ഷ എഴുതിയ വിദ്യാർത്ഥിനിയോട് ജയിച്ചില്ലെന്നും ജയിപ്പിച്ചു തരാമെന്നും പറഞ്ഞു പണം വാങ്ങി. പല ഘട്ടങ്ങളായാണ് എംബിഎ പരീക്ഷ നടന്നത്. ഫലത്തിലും ആശയക്കുഴപ്പങ്ങൾ വന്നു. 

തുടർന്ന് വന്ന പോസ്റ്റ് കറക്ഷനുള്ള അനുമതിയുടെ മറവിൽ എൽസി ക്രമക്കേട് നടത്തിയോ എന്നും പരിശോധിക്കുന്നുണ്ട്. മാർക്ക് ദാനത്തിനും ജാതി വിവേചന ആരോപണത്തിനും പിന്നാലെ  മഹാത്മാഗാന്ധിയുടെ പേരിലുള്ള സർവ്വകലാശാലയ്ക്ക് മറ്റൊരു കളങ്കമായി മാറുകയാണ് മാർക്ക് ലിസ്റ്റിന് വേണ്ടിയുള്ള കൈക്കൂലി.

ബ്രേക്കിംഗ് കേരളയുടെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക Whatsapp Group | Telegram Group | Google News

Related Articles

Back to top button
Close

Adblock Detected

Please consider supporting us by disabling your ad blocker