ട്രൂഡോ രഹസ്യകേന്ദ്രത്തില്‍; കാനഡയില്‍ ‘ഫ്രീഡം കോണ്‍വോയ്’ പ്രക്ഷോഭം കനക്കുന്നു
വാക്‌സിന്‍ നിര്‍ബന്ധമാക്കിയതിനെതിരെ ‘ഫ്രീഡം കോണ്‍വോയ്’ എന്ന് പേരിട്ടിരിക്കുന്ന ആയിരക്കണക്കിന് ട്രക്ക് ഡ്രൈവര്‍മാരുടെ അപൂര്‍വ പ്രതിഷേധത്തിനാണ് കാനഡ സാക്ഷിയാകുന്നത്. പാര്‍ലമെന്റിന് മുന്നില്‍ നടക്കുന്ന പ്രക്ഷോഭത്തെ തുടര്‍ന്ന് സുരക്ഷ പരിഗണിച്ച് കാനേഡിയന്‍ പ്രധാനമന്ത്രി ജസ്റ്റിന്‍ ട്രൂഡോയെയും കുടുംബത്തെയും സുരക്ഷിത സ്ഥാനത്തേക്ക് മാറ്റിയെന്നാണ് പുതിയ വാര്‍ത്ത.
കാനഡയില്‍ 90 ശതമാനം പേരും വാക്‌സിനെടുത്തവരാണെന്നും അതിനാല്‍ അമേരിക്കയ്ക്കും കാനഡയ്ക്കുമിടയില്‍ സഞ്ചരിക്കുന്ന ട്രക്ക് ഡ്രൈവര്‍മാര്‍ നിര്‍ബന്ധമായും വാക്സിന്‍ എടുക്കണമെന്ന കനേഡിയന്‍ പ്രധാനമന്ത്രി ജസ്റ്റിന്‍ ട്രൂഡോയുടെ ഉത്തരവിനെതിരായാണ് ട്രക്ക് ഡ്രൈവര്‍മാരും മറ്റ് സമരക്കാരും ഇപ്പോള്‍ വാഹനവ്യൂഹവുമായി കാനഡയില്‍ പ്രക്ഷോഭ രംഗത്ത് ഇറങ്ങിയിരിക്കുന്നത്. ഈ വാഹനവ്യൂഹം ഒട്ടാവയിലെത്തിയതായാണ് റിപ്പോര്‍ട്ടുകള്‍.
പ്രക്ഷോഭകരില്‍ ചിലര്‍ യുദ്ധ സ്മാരകങ്ങളിലും സൈനികരുടെ ശവകുടീരങ്ങളിലും നൃത്തം ചെയ്തതും അപമാനിച്ചതും വലിയ എതിര്‍പ്പിന് കാരണമായിട്ടുണ്ട്. ഇതിന്‍റെ വീഡിയോകള്‍ സോഷ്യല്‍ മീഡിയയില്‍ വൈറലായതോടെ, മുന്‍ സൈനികരും, രാജ്യത്തെ സൈനിക മേധാവികള്‍ അടക്കം ഇതിനെതിരെ രംഗത്ത് എത്തിയിട്ടുണ്ട്.
അതേ സമയം സമരക്കാര്‍ പ്രധാനമന്ത്രിയെ ലക്ഷ്യം വയ്ക്കുന്നുണ്ടെന്നും, സമരം അക്രമത്തിലേക്ക് നീങ്ങിയേക്കുമെന്നുമാണ് സര്‍ക്കാര്‍ ഇന്‍റലിജന്‍സ് വിഭാഗങ്ങള്‍ നല്‍കുന്ന സൂചന. പ്രക്ഷോഭം രാജ്യത്ത് അക്രമങ്ങള്‍ക്കും കലാപങ്ങള്‍ക്കും കാരണമാകുമെന്ന് താന്‍ ആശങ്കപ്പെടുന്നതായി പ്രധാനമന്ത്രി ട്രൂഡോ കഴിഞ്ഞ ദിവസം പ്രതികരിച്ചിരുന്നു.