പുരുഷന്മാര്‍ക്കും ഇനി ഗര്‍ഭ നിരോധന ഗുളിക! പരീക്ഷണം വന്‍ വിജയം
വാഷിംഗ്ടണ്‍: ഗര്‍ഭ നിരോധന ഗുളികകള്‍ ഇനി പുരുഷന്മാര്‍ക്കും. ചുണ്ടെലികളില്‍ നടത്തിയ ഗുളികയുടെ പരീക്ഷണം വന്‍ വിജയമായതായി അറിയിച്ചിരിക്കുകയാണ് യുഎസിലെ മിനിസോട്ട സര്‍വകലാശാലയിലെ ഗവേഷകര്‍. ശാരീരികവും മാനസികവുമായ പാര്‍ശ്വഫലങ്ങളൊന്നുമില്ലാതെ ഗുളിക കൊണ്ട് ഗര്‍ഭസാധ്യത 99 ശതമാനം കുറയ്ക്കാന്‍ കഴിയുമെന്നാണ് കണ്ടെത്തിയിരിക്കുന്നത്.
പരീക്ഷണം വിജയമായതിനാല്‍ ഈ വര്‍ഷം അവസാനം മനുഷ്യരിലെ പരീക്ഷണം പൂര്‍ത്തിയാക്കുമെന്ന് ഗവേഷകര്‍ അറിയിച്ചിട്ടുണ്ട്. ജിപിഎച്ച്ആര്‍ 529 എന്ന പേര് നല്‍കിയിരിക്കുന്ന ഗുളിക നാലാഴ്ച നല്‍കിയ ചുണ്ടെലികളില്‍ ശുക്ലത്തിന്റെ അളവ് വന്‍തോതില്‍ കുറയുന്നതായി കണ്ടെത്തിയിരുന്നു. അതുകൊണ്ട് തന്നെ അവയുടെ പ്രത്യുല്പാദന ശേഷിയും കുറഞ്ഞതായി കണ്ടെത്തി. ഗുളിക നിര്‍ത്തിയതോടെ പ്രത്യുല്പാദന ശേഷി കൂടുകയും ചെയ്തു.
ഒരുപാട് കാലത്തെ ഗവേഷണത്തിലൂടെയാണ് ജിപിഎച്ച്ആര്‍ 529 കണ്ടെത്തിയതെന്നും പുരുഷന്മാര്‍ക്കുള്ള ആദ്യ ഗര്‍ഭ നിരോധന ഗുളികയായിരിക്കും ഇതെന്നും ഗവേഷണത്തിന് നേതൃത്വം നല്‍കിയ ഡോ.എം.ഡി അബ്ദുല്ല അല്‍ നോമന്‍ പറഞ്ഞു. സ്ത്രീകള്‍ക്കുള്ള ഗര്‍ഭനിരോധന ഗുളികകളില്‍ നിന്ന് വ്യത്യസ്തമായി ഹോര്‍മോണ്‍ ഉപയോഗിക്കാത്ത ഗുളികയാണ് വികസിപ്പിച്ചിരിക്കുന്നത്. പുരുഷ പ്രത്യുല്പാദനത്തില്‍ നിര്‍ണായകമായ വിറ്റമിന്‍ എയുടെ പ്രവര്‍ത്തനങ്ങളെയാണ് ഗുളിക നിയന്ത്രിക്കുക.