സ്ഥാനമേല്‍ക്കുമ്പോള്‍ കമല ഹാരിസ് സാരി ധരിക്കുമോ സ്യൂട്ട് ധരിക്കുമോ? സോഷ്യല്‍ മീഡിയയില്‍ ചര്‍ച്ച
അമേരിക്കന്‍ വൈസ് പ്രസിഡന്റായി ബുധനാഴ്ച സ്ഥാനമേല്‍ക്കുന്ന കമല ഹാരിസ് ധരിക്കാന്‍ പോകുന്ന വേഷത്തെക്കുറിച്ചുള്ള ചര്‍ച്ച സമൂഹമാധ്യമങ്ങള്‍ ചൂടുപിടിക്കുന്നു. ഇന്ത്യന്‍ വംശജയായ കമല ചരിത്ര മുഹൂര്‍ത്തത്തില്‍ ഇന്ത്യയുടെ പാരമ്പര്യവേഷമായ സാരി ധരിക്കുമോ എന്ന ചോദ്യമാണ് എല്ലാവരും ചോദിക്കുന്നത്. കമല സാരി ധരിക്കുകയാണെങ്കില്‍ അതു ബൈഡന്‍- ഹാരിസ് ഭരണം ന്യൂനപക്ഷങ്ങള്‍ക്ക് നല്‍കുന്ന പ്രാധാന്യത്തെ കൂടി പ്രതിനിധീകരിക്കുമെന്നാണ് ഈ ചര്‍ച്ചയില്‍ ചിലരുടെ അഭിപ്രായം.
2019 ല്‍ ഏഷ്യന്‍-അമേരിക്കന്‍ ഗ്രൂപ്പ് സംഘടിപ്പിച്ച ഒരു ചടങ്ങില്‍ കമലാ ഹാരിസിനോട് ഒരു ചോദ്യമുയര്‍ന്നു. തിരഞ്ഞെടുപ്പില്‍ വിജയിക്കുകയാണെങ്കില്‍ ഇന്ത്യന്‍ വേഷമായ സാരി ധരിക്കുമോ എന്നായിരുന്നു ചോദ്യം. വിജയിക്കട്ടെ എന്നിട്ടു നോക്കാമെന്നായിരുന്നു അന്ന് കമല നല്‍കിയ മറുപടി.
”ഇന്ത്യന്‍ പാരമ്പര്യത്തെക്കുറിച്ചും സംസ്‌കാരത്തെക്കുറിച്ചും ഞങ്ങള്‍ അറിഞ്ഞ് വളരണമെന്ന് അമ്മയ്ക്ക് നിര്‍ബന്ധമുണ്ടായിരുന്നു. സംസ്‌കാരത്തിന്റെ ഭംഗി അതാത് രാജ്യത്തിന്റെ ആചാരങ്ങളിലും അനുഷ്ഠാനങ്ങളിലും തന്നെയാണ്.’ കമല കൂട്ടിച്ചേര്‍ത്തിരുന്നു.
തമിഴ്നാട്ടിലാണ് കമലാ ഹാരിസിന്റെ അമ്മ ശ്യാമള ജനിച്ചതും വളര്‍ന്നതും. പിന്നീടാണ് യുഎസിലെ കലിഫോര്‍ണിയയിലേക്കു കുടിയേറുന്നത്. പിതാവ് ജമൈക്കന്‍ വംശജനാണ്.