സെക്രട്ടേറിയറ്റില്‍ ജീവനക്കാരുടെയും സന്ദര്‍ശകരുടേയും അകത്തേക്കും പുറത്തേക്കുമുള്ള സഞ്ചാരത്തിന് നിയന്ത്രണം വരുന്നു

തിരുവനന്തപുരം: സെക്രട്ടേറിയറ്റില്‍ ജീവനക്കാരുടെയും സന്ദര്‍ശകരുടേയും അകത്തേക്കും പുറത്തേക്കുമുള്ള സഞ്ചാരത്തിന് നിയന്ത്രണം ഏര്‍പ്പെടുത്തുന്നു. ഇതിനായി അക്‌സസ് കണ്‍ട്രോള്‍ സംവിധാനം ഏര്‍പ്പെടുത്താന്‍ തീരുമാനിച്ചു. പഞ്ച് ചെയ്തിട്ട് മുങ്ങുന്ന ഉദ്യോഗസ്ഥരുടെ ശമ്പളം വെട്ടിക്കുറയ്ക്കും. പദ്ധതി നടത്തിപ്പിനായി ഒരു കോടി തെണ്ണൂറ്റഞ്ച് ലക്ഷം രൂപ അനുവദിച്ചു.

സെക്രട്ടേറിയറ്റിലേക്കുള്ള നാലു ഗേറ്റിലും അനക്‌സ് കെട്ടിടങ്ങളുടെ ഗേറ്റിലും അക്‌സസ് കണ്‍ട്രോള്‍ സംവിധാനം ഏര്‍പ്പെടുത്താനാണ് തീരുമാനം. കൊച്ചി മെട്രോയിലും അക്കൗണ്ട് ജനറല്‍ ഓഫീസിലും നടപ്പാക്കിയ മാതൃകയിലായിരിക്കും അക്സസ് കണ്‍ട്രോള്‍ സംവിധാനം രൂപകല്‍പന ചെയ്യുക. തിരിച്ചറിയല്‍ കാര്‍ഡ് ഉപയോഗിച്ചാല്‍ മാത്രമേ ഗേറ്റുകള്‍ തുറക്കുകയുള്ളൂ. ഇതു ജീവനക്കാരുടെ ശമ്പളം വിതരണം ചെയ്യുന്ന സ്പാര്‍ക്ക് സോഫ്‌റ്റ്വെയറുമായി ബന്ധിപ്പിക്കും.

ഒരിക്കല്‍ പുറത്തിറങ്ങിയാല്‍ തിരിച്ചുകയറുന്നതുവരെയുള്ള സമയം ഹാജരില്‍ കുറവ് വരും. ഔദ്യോഗിക ആവശ്യത്തിനാണ് പുറത്തുപോകുന്നതെങ്കില്‍ അതു പ്രത്യേകം വിശദീകരിക്കണം. ദിവസം 7 മണിക്കൂര്‍ ജോലി ചെയ്തില്ലെങ്കില്‍ അവധിയായി രേഖപ്പെടുത്തുകയും ശമ്പളത്തില്‍ കുറവ് വരുത്തുകയും ചെയ്യും. സെക്രട്ടേറിയറ്റിലെ ഭരണപരിഷ്‌ക്കാര നടപടികളുടെ ഭാഗമായാണ് തീരുമാനം.

കൊച്ചിന്‍ മെട്രോ റെയില്‍ ലിമിറ്റഡിന്റെ സൗജന്യ സാങ്കേതിക സാഹയത്തോടെയാണിത് നടപ്പാക്കുന്നത്. കെല്‍ട്രോണ്‍ വഴി 1.95 കോടി രൂപയ്ക്ക് പദ്ധതി നടപ്പാക്കാന്‍ പൊതുഭരണ പ്രിന്‍സിപ്പല്‍ സെക്രട്ടറി കെ.ആര്‍.ജ്യോതിലാല്‍ ഉത്തരവിറക്കി.

ബ്രേക്കിംഗ് കേരളയുടെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക Whatsapp Group | Telegram Group | Google News