EntertainmentKeralaNews

ഇനി ഞാൻ അധിക കാലം സിനിമ ചെയ്യില്ല; പ്രായത്തിന്റെ പ്രശ്നങ്ങളുണ്ട്; പ്രിയദർശൻ

കൊച്ചി:മലയാള സിനിമയിൽ ഹിറ്റുകളുടെ വലിയ നിര തന്നെ സൃഷ്ടിച്ച സംവിധായകനാണ് പ്രിയദർശൻ. അന്നും ഇന്നും പ്രിയദർശൻ സിനിമകൾക്ക് ആരാധരുണ്ട്. ചിത്രം, താളവട്ടം, ചന്ദ്രലേഖ തുടങ്ങി ഹിറ്റ് സിനിമകളുടെ ഒരു നിര തന്നെ പ്രിയദർശന് സൃഷ്ടിക്കാൻ കഴിഞ്ഞു, ബോളിവുഡിലും ശ്രദ്ധേയ സാന്നിധ്യമാവാൻ പ്രിയദർശന് കഴിഞ്ഞു. മോഹൻലാൽ എന്ന നടന്റെ കരിയറിലെ മികച്ച പെർഫോമൻസുകളിൽ വലിയൊരു ശതമാനവും പ്രിയദർശൻ സിനിമകളിലാണെന്ന് ആരാധകർ പറയുന്നു.

കോമഡി സിനിമകളിലാണ് പ്രിയദർശൻ എപ്പോഴും തിളങ്ങിയത്. മലയാളത്തിൽ ചെറിയൊരു ഇടവേളയ്ക്ക് ശേഷം കൊറോണ പേപ്പേർസ് എന്ന സിനിമയുമായി എത്തുകയാണ് പ്രിയദർശൻ. ഷെയ്ൻ നി​ഗം, ഷൈൻ ടോം ചാക്കോ എന്നിവരാണ് സിനിമയിലെ പ്രധാന കഥാപാത്രങ്ങളെ അവതരിപ്പിക്കുന്നത്. നടൻ സിദ്ദിഖും സിനിമയിൽ ഒരു വേഷം ചെയ്യുന്നുണ്ട്. പൊതുവെ കണ്ട് വരുന്ന പ്രിയദർശൻ സിനിമകളിൽ നിന്ന് വ്യത്യസ്തമാണ് ഈ സിനിമയെന്നാണ് വിവരം. ത്രില്ലർ സ്വഭാവമുള്ള സിനിമയാണ് കൊറോണ പേപ്പേർസ്.

സിനിമകൾ പ്ലാൻ ചെയ്ത് ചെയ്യുന്നതല്ലെന്നും സംഭവിക്കുന്നതാണെന്നും പ്രിയദർശൻ പറയുന്നു. താനധിക കാലം ഇനി സിനിമ ചെയ്യില്ലെന്നും പ്രിയദർശൻ വ്യക്തമാക്കി.

Priyadarshan

‘അധിക കാലം ഇനി സിനിമ ഞാൻ ചെയ്യത്തില്ല. കാലാപാനി ചെയ്തപ്പോൾ ഹരിഹരൻ സാർ പറഞ്ഞു, ഇങ്ങനത്തെ സിനിമയൊക്കെ ആരോ​ഗ്യമുള്ളപ്പോൾ ചെയ്യണമെന്ന്. അത് പ്രധാനമാണ്. നമുക്ക് പ്രായത്തിന്റെ പ്രശ്നങ്ങളുണ്ട്. എന്തൊക്കെ ടെക്നോളജിയുണ്ടെങ്കിലും മഞ്ഞിലും മഴയത്തും വെയിലിലും പോയി ഇത് ഷൂട്ട് ചെയ്തല്ലേ പറ്റൂ. 86 ലൊക്കെ ഞാൻ എട്ട് സിനിമകൾ റിലീസ് ചെയ്തയാളാണ്’

‘ഇന്ന് ചിന്തിക്കാൻ പോലും പറ്റില്ല. പക്ഷെ ഒരു നല്ല കാലം നമ്മൾ എൻജോയ് ചെയ്തിരുന്നു. അതിന്റെ സുഖം ഇന്നും അനുഭവിക്കുന്നുണ്ട്. അതിന്റെ അഹങ്കാരം മാത്രം ഇന്നുമുണ്ട്. ഇനിയുള്ള തലമുറകൾ നമ്മൾ എൻജോയ് ചെയ്ത പോലെ ചെയ്തെന്ന് വരില്ല,’ പ്രിയദർശൻ പറയുന്നു.

‘ഞാനൊരു വലിയ സംവിധായകനാണെന്നൊന്നും കരുതിയിട്ടില്ല. സിനിമകൾ ചെയ്യുന്നു. ചിലത് ഓടുന്നു, ചിലത് ഓടുന്നില്ല. ഇത്രയൊക്കെയെ ചിന്തിക്കാൻ പറ്റൂ. ഇന്ത്യയിലെ തന്നെ വലിയ താരങ്ങളായ അമിതാഭ് ബച്ചൻ, സൽമാൻ തുടങ്ങി എല്ലാവരോടും ആക്ഷൻ കട്ട് പറഞ്ഞിട്ടുണ്ട്. തിരിഞ്ഞ് നോക്കുമ്പോൾ പരസ്യ ചിത്രങ്ങളും 96 ഓളം സിനിമകളും നടന്നില്ലേ’

‘ഇതിൽ കൂടുതൽ എന്ത് ആ​ഗ്രഹിക്കാനാണ്. ഇനി എന്തെങ്കിലും വേണമെന്ന് പറയണമെങ്കിൽ അടി കിട്ടാത്തതിന്റെ സൂക്കേടാണ് എനിക്ക്,’ പ്രിയദർശൻ പറഞ്ഞു. സിനിമകളിലെ പ്രശംസയ്ക്കൊപ്പം തന്നെ പ്രിയദർശന് വിമർശനങ്ങളും നേരിടേണ്ടി വന്നിട്ടുണ്ട്. പല സിനിമകളും മറ്റു ഭാഷകളിലെ സിനിമകളുടെ കോപ്പിയടിയാണെന്ന് പ്രിയദർശന് നേരെ ആദ്യം മുതലേ വിമർശനം വരാറുണ്ടായിരുന്നു.

Priyadarshan

അടുത്ത കാലത്തായി പ്രിയ​ദർശൻ സിനിമകളിലെ പിന്തിരിപ്പൻ ആശയങ്ങളും പൊളിറ്റിക്കലി ഇൻകറക്ടായ പരാമർശങ്ങളും വിമർശിക്കപ്പെടുന്നതും പതിവാണ്. ജാതീയത പ്രിയദർശൻ സിനിമകളിൽ പ്രകടമാണെന്ന് പരക്കെ ആക്ഷേപവുമുണ്ട്. ഏറെ പ്രതീക്ഷയോടെ വന്ന മരയ്ക്കാർ എന്ന ബി​ഗ് ബജറ്റ് സിനിമ പരാജയപ്പെട്ടപ്പോഴും പ്രിയദർശൻ വ്യാപക ട്രോളുകൾക്കിരയായി. മോഹൻലാൽ ചിത്രത്തിന് വൻ ഹൈപ്പായിരുന്നു റിലീസിന് മുമ്പുണ്ടായിരുന്നത്.

കാെറോണ പേപ്പർസിലൂടെ ഒരു തിരിച്ച് വരവ് പ്രിയദർശന് കരിയറിൽ സാധ്യമാവുമെന്നാണ് പ്രേക്ഷകർ കരുതുന്നത്. ത്രില്ലർ സിനിമകൾ മലയാളത്തിൽ അധികം പ്രിയദർശൻ ചെയ്തിട്ടില്ല. അതിനാൽ എന്താണ് ഈ സിനിമയിൽ സംവിധായകൻ ഒരുക്കിയതെന്നറിയാൻ പ്രേക്ഷകർക്ക് ആകാംക്ഷയുണ്ട്. ഏപ്രിൽ ആറിന് സിനിമ തിയറ്ററുകളിലെത്തും.

ബ്രേക്കിംഗ് കേരളയുടെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക Whatsapp Group | Telegram Group | Google News

Related Articles

Back to top button
Close

Adblock Detected

Please consider supporting us by disabling your ad blocker