KeralaNews

കൊവിഡ് ഭീതി,സംസ്ഥാനത്ത് ആരോഗ്യ ജാഗ്രത

തിരുവനന്തപുരം: കോവിഡ് വീണ്ടും പടരാൻ സാധ്യത. ഈ സാഹചര്യത്തിൽ കോവിഡ് ബാധിതരെ ചികിത്സിക്കാൻ സർക്കാർ, സ്വകാര്യ ആശുപത്രികൾ നിശ്ചിത എണ്ണം പ്രത്യേക കിടക്കകൾ സജ്ജമാക്കണമെന്നും മറ്റു രോഗങ്ങളുടെ ചികിത്സയ്ക്കിടെ കോവിഡ് സ്ഥിരീകരിച്ചാൽ അതേ ആശുപത്രിയിൽ തുടർചികിത്സ നൽകണമെന്നും ആരോഗ്യ വകുപ്പ് നിർദ്ദേശിച്ചു. സംസ്ഥാനത്തു കോവിഡ് കേസുകൾ കൂടിവരുന്ന സാഹചര്യത്തിലാണ് മാർഗനിർദേശങ്ങൾ.

രാജ്യത്ത് ഇന്നലെ 1146 കോവിഡ് കേസുകൾ റിപ്പോർട്ട് ചെയ്തതിൽ 523 കേരളത്തിലാണ്. 240 പേർ വൈറസ് മുക്തരായി. നേരത്തേ മരിച്ച 2 പേർക്ക് കോവിഡ് ബാധിച്ചിരുന്നെന്നു സ്ഥിരീകരിച്ചു. സംസ്ഥാനത്ത് 4375 ആക്ടീവ് കേസുകൾ ഉണ്ട്. രണ്ടാമതുള്ള മഹാരാഷ്ട്രയിൽ 3090 ആക്ടീവ് കേസുകൾ. നിലവിൽ പരിശോധന തീരെ കുറവാണ്. ഈ സാഹചര്യത്തിലാണ് രോഗികൾ കൂടുന്നതെന്നതാണ് ഗൗരവത്തോടെ സർക്കാരെടുക്കുന്നത്. മാസ്‌ക് അടക്കം നിർബന്ധമാക്കുന്നതും പരിഗണനയിലുണ്ട്. ഒന്നും അടച്ചിടാതെ കോവിഡ് നിയന്ത്രണമാണ് ലക്ഷ്യം.

ചികിത്സയിൽ കഴിയുന്ന രോഗിക്ക് കോവിഡ് സ്ഥിരീകരിച്ചാൽ ചികിത്സ നിഷേധിക്കാതെ അതേ ആശുപത്രിയിൽ തന്നെ ചികിത്സ ഉറപ്പ് വരുത്തേണ്ടതാണെന്നാണ് പുതിയ മാർഗ്ഗ നിർദ്ദേശം. കോവിഡ് പോസിറ്റീവ് ആകുന്നവരുടെ സാമ്പിളുകൾ നിലവിലുള്ള മാനദണ്ഡങ്ങളനുസരിച്ച് എല്ലാ ജില്ലയിൽ നിന്നും ഡബ്ല്യു.ജി.എസ്. പരിശോധനയ്ക്ക് അയക്കേണ്ടതാണെന്നും ജില്ലാ സർവയലൻസ് ഓഫീസർമാർ ഇക്കാര്യം ഉറപ്പ് വരുത്തേണ്ടതാണെന്നും ആരോഗ്യമന്ത്രി വീണാ ജോർജ് വ്യക്തമാക്കി.

പ്രമേഹം, രക്താതിമർദം, കാൻസർ, ഹൃദ്രോഗം, വൃക്കരോഗം, ശ്വാസകോശ രോഗം തുടങ്ങിയവയുള്ളവർ, ഗർഭിണികൾ, കുട്ടികൾ, പ്രായമായവർ എന്നിവർ പൊതു സ്ഥലങ്ങളിലും ആശുപത്രികളിലും നിർബന്ധമായും മാസ്‌ക് ധരിക്കണം. 60നു മുകളിൽ പ്രായമുള്ളവരും പ്രമേഹം, രക്താതിമർദം, കാൻസർ, ഹൃദ്രോഗം, വൃക്കരോഗം തുടങ്ങിയ അസുഖങ്ങളുള്ളവരും രോഗലക്ഷണമുണ്ടെങ്കിൽ ആർടിപിസിആർ പരിശോധന നടത്തണം. ആശുപത്രിയിൽ എത്തുന്ന രോഗികളും കൂട്ടിരിപ്പുകാരും ആരോഗ്യപ്രവർത്തകരും മാസ്‌ക് ധരിക്കണം.

ഇൻഫ്‌ളുവൻസ രോഗലക്ഷണങ്ങളുള്ള ഗർഭിണികളെ കണ്ടെത്താൻ ആശാ പ്രവർത്തകരെ നിയോഗിക്കണം. കിടപ്പുരോഗികൾക്കും സാന്ത്വന പരിചരണത്തിലുള്ള രോഗികൾക്കും കോവിഡ് വരാതിരിക്കുന്നതിനുള്ള മുൻകരുതൽ നടപടികൾ സ്വീകരിക്കണം. ആശുപത്രികളിൽ കോവിഡ് രോഗികൾക്കായി സൗകര്യങ്ങൾ ഒരുക്കുന്നുണ്ടെന്നും ജില്ലാ മെഡിക്കൽ ഓഫിസർമാർ ഉറപ്പുവരുത്തണം.

60 വയസിന് മുകളിൽ പ്രായമുള്ളവർ, പ്രമേഹം, രക്താതിമർദ്ദം, കാൻസർ, ഹൃദ്രോഗം, വൃക്കരോഗം തുടങ്ങി മറ്റു അസുഖമുള്ളവർ എന്നിവർക്ക് കോവിഡ് ഇൻഫ്‌ളുവൻസാ രോഗലക്ഷണമുണ്ടെങ്കിൽ നിർബന്ധമായും ആർ.ടി.പി.സി.ആർ. പരിശോധന നടത്തുകയും മാനദണ്ഡങ്ങൾക്കനുസരിച്ച് ചികിത്സ ലഭ്യമാക്കുകയും വേണം. കോവിഡ് വാക്‌സിൻ രണ്ട് ഡോസും മുൻകരുതൽ ഡോസും എടുക്കുന്നതിന്റെ ആവശ്യകതയെപ്പറ്റി അവബോധം നടത്താനും തീരുമാനമായി.

പ്രമേഹം, രക്തസമ്മർദം മുതലായ ജീവിതശൈലി രോഗങ്ങളുള്ളവരും മറ്റ് ഗുരുതര രോഗങ്ങളുള്ളവരും 60 വയസിന് മുകളിൽ പ്രായമുള്ളവരും, ഗർഭിണികളും, കുട്ടികളും, അമിത വണ്ണമുള്ളവരും കോവിഡ് രോഗം വരാതിരിക്കുന്നതിനുള്ള പ്രത്യേകമായ മുൻകരുതൽ നടപടികൾ സ്വീകരിക്കേണ്ടതാണ്. ഇവർക്ക് കോവിഡ് രോഗലക്ഷണമുണ്ടെങ്കിൽ അടിയന്തര ചികിത്സ തേടേണ്ടതാണ്. വീട്ടിലുള്ള കിടപ്പ് രോഗികൾക്കും സാന്ത്വന പരിചരണത്തിലുള്ള രോഗികൾക്കും കോവിഡ് വരാതിരിക്കുന്നതിനുള്ള മുൻകരുതൽ നടപടികൾ സ്വീകരിക്കേണ്ടതാണ്.

കോവിഡ് ബാധിച്ച് ചികിത്സ ആവശ്യമുള്ള ഒരു രോഗിക്കും ചികിത്സ ലഭ്യമാകാത്ത സാഹചര്യം ഉണ്ടാകരുത്. കിടത്തി ചികിത്സ ആവശ്യമുള്ള കോവിഡ് രോഗികൾക്കായി എല്ലാ സർക്കാർ, സ്വകാര്യ ആശുപത്രികളിലും നിശ്ചിത എണ്ണം ബെഡുകൾ പ്രത്യേകമായി മാറ്റിവച്ച് ചികിത്സ ലഭ്യമാക്കേണ്ടതുമാണ്.

ബ്രേക്കിംഗ് കേരളയുടെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക Whatsapp Group | Telegram Group | Google News

Related Articles

Back to top button
Close

Adblock Detected

Please consider supporting us by disabling your ad blocker