കൊച്ചിയില്‍ നിന്നും അബുദാബിയിലേക്ക് ഗോ ഫസ്റ്റ് സര്‍വീസുകള്‍ ചൊവ്വാഴ്ച തുടങ്ങും
കൊച്ചി: രാജ്യാന്തര തലത്തിലും ദക്ഷിണേന്ത്യയിലും പ്രവര്‍ത്തനം വ്യാപിപ്പിക്കുന്നതിന്റെ ഭാഗമായി ഗോ ഫസ്റ്റ് എയര്‍ലൈന്‍സ് 28 മുതല്‍ കൊച്ചിയില്‍ നിന്നും അബുദാബിയിലേക്ക് ആഴ്ചയില്‍ മൂന്ന് ദിവസം നേരിട്ടുള്ള സര്‍വീസുകള്‍ നടത്തും. ആദ്യ വിമാനം കൊച്ചി അന്താരാഷ്ട്ര വിമാനത്താവളത്തില്‍ നിന്നും വൈകീട്ട് 8:05ന് പുറപ്പെട്ട് 10:40ന് അബുദാബി അന്താരാഷ്ട്ര വിമാനത്താവളത്തിലെത്തും. തിരികെ അബുദാബിയില്‍ നിന്നും രാത്രി 11:40ന് പുറപ്പെട്ട് പുലര്‍ച്ചെ 5:10ന് കൊച്ചിയിലെത്തും.
കൊച്ചിക്കും അബുദാബിക്കും ഇടയില്‍ ആഴ്ചയില്‍ മൂന്ന് സര്‍വീസുകളുണ്ടാകും. 15,793 രൂപയുടെ റിട്ടേണ്‍ നിരക്കില്‍ ബുക്കിങ് ആരംഭിച്ചിട്ടുണ്ട്. മിഡില്‍ ഈസ്റ്റിലേക്കുള്ള ഗോ ഫസ്റ്റിന്റെ ചുവടുകള്‍ ശക്തിപ്പെടുത്തുന്നതിനും യാത്രക്കാര്‍ക്ക് താങ്ങാവുന്ന നിരക്കില്‍ യാത്രചെയ്യാനുമുള്ള അവസരമാണ് ഇതുവഴി സാധ്യമാകുകയെന്ന് കമ്പനി അറിയിച്ചു. കൊച്ചി-അബുദാബി റൂട്ടില്‍ ഇരുഭാഗത്തേക്കും നേരിട്ട് ഫ്‌ളൈറ്റ് സര്‍വീസ് ആരംഭിക്കുന്നതോടെ നാട്ടിലേക്ക് വരാനിരിക്കുന്ന പ്രവാസികള്‍ക്കും ഉപകാരപ്രദമാകും.
മിഡില്‍ ഈസ്റ്റിലെ തങ്ങളുടെ കണക്റ്റീവിറ്റി ശക്തിപ്പെടുത്തികൊണ്ട് കേരളത്തിനും അബുദാബിക്കും ഇടയില്‍ നോണ്‍-സ്റ്റോപ്പ് ഫ്‌ളൈറ്റുകള്‍ അവതരിപ്പിക്കുന്നതില്‍ സന്തോഷമുണ്ടെന്നും ഈ മേഖലയിലെ വികസനം ഗോ ഫസ്റ്റിനെ ഈ നഗരങ്ങളിലെ യാത്രക്കാരുടെ പ്രിയപ്പെട്ട സര്‍വീസാക്കി മാറ്റുമെന്നും അന്താരാഷ്ട്ര പ്രവര്‍ത്തനങ്ങള്‍ വികസിപ്പിക്കുന്നതിലുള്ള തങ്ങളുടെ പ്രതിജ്ഞാബദ്ധതയാണ് പുതിയ റൂട്ടുകളിലൂടെ പ്രതിഫലിക്കുന്നതെന്നും ഗോ ഫസ്റ്റ് ചീഫ് എക്‌സിക്യൂട്ടീവ് ഓഫീസര്‍ കൗശിക് ഖോന പറഞ്ഞു.
ഫ്‌ളൈറ്റ് ഷെഡ്യൂള്‍:
കൊച്ചി-അബുദാബി സര്‍വീസ് ചൊവ്വ, ഞായര്‍ ദിവസങ്ങളില്‍ വൈകീട്ട് 8:05ന് പുറപ്പെട്ട് രാത്രി 10:40ന് എത്തിച്ചേരും.
അബുദാബി-കൊച്ചി സര്‍വീസ് ചൊവ്വ, ഞായര്‍ ദിവസങ്ങളില്‍ രാത്രി 11:40ന് പുറപ്പെട്ട് പുലര്‍ച്ചെ 5:10ന് എത്തിച്ചേരും.
വെള്ളിയാഴ്ചകളില്‍ കൊച്ചി-അബുദാബി സര്‍വീസ് വൈകീട്ട് 8:05ന് പുറപ്പെട്ട് രാത്രി 10:30ന് എത്തിച്ചേരും.
വെള്ളിയാഴ്ചകളില്‍ അബുദാബി -കൊച്ചി സര്‍വീസ് രാത്രി 11:30ന് പുറപ്പെട്ട് പുലര്‍ച്ചെ 5:10ന് എത്തിച്ചേരും.