കുട്ടികൾക്ക് ജനുവരി മൂന്ന് മുതൽ കൊവിഡ് വാക്സീന്‍; പ്രഖ്യാപിച്ച് പ്രധാനമന്ത്രി
ന്യൂഡല്‍ഹി:രാജ്യത്ത് 15 മുതൽ 18 വയസ് വരെയുള്ള കുട്ടികൾക്ക് ജനുവരി മൂന്ന് മുതൽ വാക്സിനേഷൻ നൽകി തുടങ്ങുമെന്ന് പ്രധാനമന്ത്രി നരേന്ദ്ര മോദി. ആരോഗ്യപ്രവർത്തവർക്കും 60 വയസ്സിന് മുകളിലുള്ള രോഗികളായവർക്കും ബൂസ്റ്റർ ഡോസ് വാക്സിനും നൽകാനും തീരുമാനിച്ചിട്ടുണ്ട്.
ഒമിക്രോൺ വ്യാപന പശ്ചാത്തലത്തിൽ രാജ്യത്തെ അഭിസംബോധന ചെയ്ത് സംസാരിച്ചാണ് പ്രധാനമന്ത്രി പ്രഖ്യാപനം നടത്തിയത്. ഒമിക്രോണിനെതിരെ രാജ്യം ജാഗ്രത പാലിക്കേണ്ട സമയമാണെന്ന് പ്രധാനമന്ത്രി പറഞ്ഞു. കോവിഡിന്റെ ഒമിക്രോൺ വകഭേദം മൂലം പല രാജ്യങ്ങളിലും രോഗബാധിതരുടെ എണ്ണം വർദ്ധിച്ചുകൊണ്ടിരിക്കുകയാണ്. ഇന്ത്യയിലും ഒമിക്രോൺ ഒട്ടേറെ പേർക്ക് കണ്ടെത്തിയിട്ടുണ്ട്, മോദി പറഞ്ഞു.
പരിഭ്രാന്തരാകാതെ ജാഗരൂകരായിരിക്കാനും മാസ്കുകൾ പതിവായി ഉപയോഗിക്കാനും കൈകൾ അണുവിമുക്തമാക്കാനും പ്രധാനമന്ത്രി നിർദേശിച്ചു. വ്യക്തിഗത തലത്തിൽ എല്ലാ മാർഗ്ഗനിർദ്ദേശങ്ങളും പാലിക്കുന്നത് കൊറോണയെ ചെറുക്കാനുള്ള മികച്ച ആയുധമാണെന്നെന്നും പ്രധാനമന്ത്രി പറഞ്ഞു.
ഇന്ന് രാജ്യത്ത് 18 ലക്ഷം ഐസൊലേഷൻ ബെഡുകളും 5 ലക്ഷം ഓക്സിജൻ സപ്പോർട്ട് ചെയ്യുന്ന കിടക്കകളും 1.4 ലക്ഷം ഐസിയു ബെഡുകളും കുട്ടികൾക്കായി 90,000 പ്രത്യേക കിടക്കകളും ഉണ്ട്. നമുക്ക് 3,000-ത്തിലധികം പ്രവർത്തനക്ഷമമായ പിഎസ്എ ഓക്സിജൻ പ്ലാന്റുകൾ ഉണ്ട്. കൂടാതെ 4 ലക്ഷം സിലിണ്ടറുകൾ എല്ലാ സംസ്ഥാനങ്ങൾക്കും നൽകിയിട്ടുണ്ടെന്നും പ്രധാനമന്ത്രി പറഞ്ഞു.
ഭാരത് ബയോട്ടെക്കിന്‍റെ കോവാക്സിന് കുട്ടികളിൽ അടിയന്തര ഉപയോഗത്തിനുള്ള അനുമതി ലഭിച്ചതിന് പിന്നാലെയായിരുന്നു പ്രധാനമന്ത്രിയുടെ പ്രഖ്യാപനം. ഒമിക്രോണ്‍ വ്യാപനത്തിനെതിരെ ജാഗ്രത പാലിക്കേണ്ട സമയമാണിതെന്നും മോദി പറഞ്ഞു. രാജ്യത്ത് ഒമിക്രോണ്‍ കേസുകള്‍ കൂടുകയാണ്. പരിഭ്രാന്തരാകേണ്ട സാഹചര്യമില്ല. ജാഗ്രതയാണ് വേണ്ടതെന്നും മോദി പറഞ്ഞു. കൊറോണയെ നേരിട്ടതിന്‍റെ അനുഭവം നമുക്കുണ്ട്. ഒമിക്രോണ്‍ വ്യാപനത്തെ നേരിടാന്‍ മുന്നൊരുക്കങ്ങള്‍ ആരംഭിക്കണമെന്നും പ്രധാനമന്ത്രി പറഞ്ഞു.
പന്ത്രണ്ട് വയസിന് മുകളിലുള്ള കുട്ടികളിൽ വാക്സിൻ കുത്തിവെക്കാനാണ് ഡിസിജിഐയുടെ അനുമതി ലഭിച്ചത്. ഒക്ടോബറിൽ ഡിസിജിഐ വിദഗ്ധ സമിതി കോവാക്സിന് അനുമതി നൽകാനായി ശുപാർശ നൽകിയിരുന്നു. കുട്ടികളിലെ വാക്സിനേഷന് അനുമതി ലഭിക്കുന്ന രണ്ടാമത്തെ വാക്സിൻ ആണ് കോവാക്സിൻ. നേരത്തേ സൈഡസ് കാഡിലയുടെ ഡിഎൻഎ ബേസ്ഡ് വാക്സിനും അനുമതി ലഭിച്ചിരുന്നു.