ഹെറ്റ്മയർ പോലും അറിഞ്ഞില്ല; അശ്വിന്റെ ‘റിട്ടയേഡ് ഔട്ട്’ തന്ത്രം സൂപ്പർഹിറ്റ്, പ്രശംസ!
മുംബൈ:ഐപിഎൽ ക്രിക്കറ്റിന്റെ ചരിത്രത്തിൽ ടീം തന്ത്രപ്രകാരം റിട്ടയേഡ് ഔട്ടാകുന്ന ആദ്യ താരമായി രാജസ്ഥാൻ റോയൽസിന്റെ രവിചന്ദ്രൻ അശ്വിൻ. ലക്നൗ സൂപ്പർ ജയന്റ്സിനെതിരായ മത്സരത്തിൽ ബാറ്റിങ് സ്ഥാനക്കയറ്റം ലഭിച്ചതോടെ 6–ാം നമ്പറിൽ ഇറങ്ങിയ അശ്വിൻ 23 പന്തിൽ 28 റൺസ് നേടിയതിനു ശേഷമാണ് 19–ാം ഓവറിൽ റിട്ടയേഡ് ഔട്ടായി മടങ്ങിയത്.
ഇതോടെ രാജസ്ഥാന് പവർ ഹിറ്ററായ റിയാൻ പരാഗിനെ ബാറ്റിങ്ങിന് ഇറക്കാനായി. 4 പന്തിൽ ഒരു സിക്സ് അടിച്ചതിനു ശേഷം പുറത്തായെങ്കിലും അവസാന ഓവറുകളിൽ വിൻഡീസ് താരം ഷിമ്രോൺ ഹെറ്റ്മയറിനു പിന്തുണ നൽകാനും പരാഗിനു കഴിഞ്ഞു. ഇതോടെയാണു മത്സരത്തിൽ രാജസ്ഥാനു 165 റൺസ് നേടാനായതും.
അശ്വിനെ റിട്ടയേഡ് ഔട്ടാക്കുക എന്നതു ടീം തീരുമാനമായിരുന്നെന്നു രാജസ്ഥാൻ റോയൽസ് ക്യാപ്റ്റൻ സഞ്ജു സാംസൺ മത്സരശേഷം പ്രതികരിച്ചു. ‘ഞങ്ങൾ പല തരത്തിലുള്ള പരീക്ഷണങ്ങളും നടത്താറുണ്ട്. സീസൺ തുടങ്ങുന്നതിനു മുൻപുതന്നെ റിട്ടയേഡ് ഔട്ടിന്റെ സാധ്യതകളെക്കുറിച്ച് ചർച്ചകൾ നടത്തിയിരുന്നു. അനുയോജ്യമായ സാഹചര്യത്തിൽ ഇതു പ്രയോജപ്പെടുത്താമെന്ന് അന്നേ തീരുമാനിച്ചിരുന്നു’– സഞ്ജു പറഞ്ഞു.
അതേ സമയം അശ്വിൻ റിട്ടയേഡ് ഒൗട്ടായി മടങ്ങുകയാണെന്ന കാര്യം താൻ പോലും അറിഞ്ഞില്ലെന്നും, അശ്വിൻ പവിലിയനിലേക്കു നടക്കുന്നതു കണ്ടു ഞെട്ടിപ്പോയെന്നും രാജസ്ഥാൻ ഇന്നിങ്സിനു ശേഷം ഷിമ്രോൺ ഹെറ്റ്മയർ പ്രതികരിച്ചു. ‘എന്താണു സംഭവിക്കുന്നതെന്ന് എനിക്ക് ആദ്യം മനസ്സിലായില്ല. അശ്വിൻ അൽപം ക്ഷീണിതനുമായിരുന്നു. എന്തായാലും തീരുമാനം മികച്ചതായിരുന്നു. പരാഗ് ഒരു സിക്സ് അടിച്ചു’– ഹെറ്റ്മയർ പറഞ്ഞു.
First ever in #IPL history. Retired out, who else but #Ashwin
— Irfan Pathan (@IrfanPathan) April 10, 2022
ഏറ്റവും അനുയോജ്യമായ സമയത്തായിരുന്നു അശ്വിൻ റിട്ടയേഡ് ഔട്ടായതെന്നു രാജസ്ഥാൻ റോയൽസ് മുഖ്യ പരിശീലകന്‍ കുമാർ സംഗക്കാരയും പ്രതികരിച്ചു. ‘ഫീൽഡിൽനിന്ന് അശ്വിൻതന്നെ ഇക്കാര്യം ചോദിക്കുന്നുണ്ടായിരുന്നു. അതിനു തൊട്ടുമുൻപ് ഞങ്ങളും ഇത് ആലോചിച്ചിരുന്നു. പരിശീലകൻ എന്ന നിലയിൽ എന്റെ ഒരു തീരുമാനം നേരത്തെ തന്നെ പിഴച്ചിരുന്നു. റസ്സി വാൻ ഡർ ദസ്സനു പകരം റിയാൻ പരാഗിനെ ഇറക്കാൻ ഞാൻ തയാറായില്ല.
Ashwin retired out is fascinating T20 tactics. T20 is causing us to rethink the way we conceive the game of in the 21st century.😊😊
— Ian Raphael Bishop (@irbishi) April 10, 2022
നിർണായക ഘട്ടത്തിൽ ഉത്തരവാദിത്തം സ്വയം ഏറ്റെടുത്താണ് അശ്വിൻ ബാറ്റിങ്ങിന് ഇറങ്ങിയത്. അശ്വിൻ നന്നായി ബാറ്റു ചെയ്തു, ടീമിനെ സഹായിച്ചു, ഒടുവിൽ റിട്ടയേഡ് ഔട്ടിലൂടെ സ്വയം ത്യാഗം സഹിച്ചു, പിന്നീട് ബോളിങ്ങിൽ ഉജ്വല പ്രകടനവും പുറത്തെടുത്തു. മഞ്ഞുവീഴ്ച നിറഞ്ഞ പ്രതികൂല സാഹചര്യത്തിലും ട്രെന്റ് ബോൾട്ട്, യുസ്‌വേന്ദ്ര ചെഹൽ, പ്രസിദ്ധ് കൃഷ്ണ, കുൽദീപ് സെൻ എന്നീ ബോളർമാരെല്ലാം ഉജ്വല പ്രകടനമാണു പുറത്തെടുത്തത്’– സംഗക്കാരയുടെ വാക്കുകൾ.
അശ്വിൻ റിട്ടയേഡ് ഔട്ടായതിനു പിന്നാലെ രാജസ്ഥാൻ റോയൽസ് ടീം തന്ത്രത്തെ പുകഴ്ത്തി ഒട്ടേറെ ക്രിക്കറ്റ് വിദഗ്ധരും മുൻ താരങ്ങളും രംഗത്തെത്തി. ‘അശ്വിൻ റിട്ടയേഡ് ഔട്ടായത് മികച്ച തന്ത്രമാണ്. 21–ാം നൂറ്റാണ്ടിൽ ക്രിക്കറ്റിൽ പല കാര്യങ്ങളിലും വീണ്ടുവിചാരം വേണമെന്ന് ഇത് നമ്മെ ഓർമിപ്പിക്കുന്നു’– ഇയാൻ ബിഷപ് ട്വിറ്ററിൽ കുറിച്ചു. ഇംഗ്ലണ്ട് മുൻ നായകന്‍ മൈക്കിൾ വോണും രാജസ്ഥാൻ ടീം തന്ത്രത്തെ പുകഴ്ത്തി രംഗത്തെത്തി.