റോപ് വേയില്‍ കേബിള്‍ കാറുകള്‍ കൂട്ടിയിടിച്ചു; രണ്ടു പേര്‍ മരിച്ചു, നിരവധിപ്പേര്‍ക്കു പരിക്ക് (വിഡിയോ)
റാഞ്ചി: ഝാര്‍ഖണ്ഡില്‍ റോപ്പ് വേയിലെ കേബിള്‍ കാറുകള്‍ കൂട്ടിയിടിച്ച് രണ്ടു പേര്‍ മരിച്ചു. നിരവധി പേര്‍ക്കു പരിക്കേറ്റു. ത്രികൂട് ഹില്‍സില്‍ ബാബാ ബൈദ്യനാഥ് ക്ഷേത്രത്തിനു സമീപമാണ് അപകടം.അപകടത്തെത്തുടര്‍ന്ന് ഒട്ടേറെ പേര്‍ കേബിള്‍ കാറുകളില്‍ കുടുങ്ങിക്കിടക്കുകയാണ്.
പന്ത്രണ്ടു കാബിനുകളിലായി 48 പേര്‍ ഉണ്ടെന്നാണ് റിപ്പോര്‍ട്ടുകള്‍. രണ്ടു വ്യോമസേനാ ഹെലികോപ്റ്റുകളുടെ സഹായത്തോടെ രക്ഷാപ്രവര്‍ത്തനം പുരോഗമിക്കുകയാണ്.
സാങ്കേതിക തകരാറാണ് അപകടത്തിനു കാരണമായതെന്നാണ് കരുതുന്നത്. അപകടത്തിനു പിന്നാലെ റോപ് വേ മാനേജരും മറ്റു ജീവനക്കാരും സ്ഥലംവിട്ടതായി പിടിഐ റിപ്പോര്‍ട്ട് ചെ്തു.
ദേശീയ ദുരന്ത പ്രതികരണ സേന സ്ഥലത്തെത്തിയിട്ടുണ്ട്. നാട്ടുകാരും സഹായത്തിനായി രംഗത്തുണ്ടെന്ന് പൊലീസ് പറഞ്ഞു.ബാബാ ബൈദ്യനാഥ് ക്ഷേത്രത്തില്‍നിന്ന് 20 കിലോമീറ്റര്‍ ദൂരത്തിലാണ് റോപ് വേ. 766 മീറ്റര്‍ നിളമുള്ള റോപ് വേ 392 മീറ്റര്‍ ഉയരത്തിലാണ്. 25 കാബിനുകളാണ് ആകെയുള്ളത്. ഒരു കാബിനില്‍ നാലു പേര്‍ക്കാണ് കയറാനാവുക.