22 വര്‍ഷമായി പഴങ്ങളോ പച്ചക്കറികളോ കഴിച്ചിട്ടില്ല! ജീവിക്കുന്നത് ചിക്കന്‍ നഗറ്റ്സില്‍; പ്രത്യേക അവസ്ഥയുമായി യുവതി
ആരോഗ്യകരമായ ഭക്ഷണശീലം പിന്തുടരുക എന്നത് വളരെ പ്രാധാന്യമര്‍ഹിക്കുന്ന ഒന്നാണ്. നമ്മുടെ ശരീരത്തിനാവശ്യമായ പോഷകങ്ങള്‍ ലഭിക്കാന്‍ പഴങ്ങളും പച്ചക്കറികളും ഭക്ഷണത്തില്‍ ഉള്‍പ്പെടുത്തിയേ തീരൂ. എന്നാല്‍ വര്‍ഷങ്ങളായി പഴങ്ങളോ പച്ചക്കറികളോ കഴിക്കാത്ത ആളുകളുണ്ട് എന്ന് പറഞ്ഞാല്‍ വിശ്വസിക്കുമോ ? എന്നാല്‍ അങ്ങനെയും ഉണ്ട് ഒരാള്‍.
യുകെയിലെ കേംബ്രിഡ്ജില്‍ നിന്നുള്ള സമ്മര്‍ മണ്‍റോ 22 വര്‍ഷമായി പഴങ്ങളോ പച്ചക്കറികളോ കഴിച്ചിട്ടില്ല. avoidant restrictive food intake disorder എന്ന പ്രത്യേക അവസ്ഥയാണ് സമ്മറിനെ പഴങ്ങളില്‍ നിന്നും പച്ചക്കറികളില്‍ നിന്നും വിലക്കുന്നത്. മൂന്നാം വയസ്സില്‍ മാഷ്ഡ് പൊട്ടറ്റോ ( ഉരുളക്കിഴങ്ങ് കൊണ്ടുള്ള വിഭവം) കഴിക്കാന്‍ നിര്‍ബന്ധിതയായതില്‍ പിന്നെയാണ് സമ്മറിന് ഈ വിരക്തി തുടങ്ങിയത്.
പഴങ്ങളോ പച്ചക്കറികളോ കാണുമ്പോള്‍ തന്നെ ഓക്കാനം വരുമെന്നാണ് സമ്മര്‍ പറയുന്നത്. ഈ അവസ്ഥ മാറാന്‍ രണ്ട് തവണ സമ്മര്‍ തെറാപ്പിക്ക് വിധേയയായെങ്കിലും മാറ്റമൊന്നുമുണ്ടായില്ല. ചിക്കന്‍ നഗറ്റ്സും ചിപ്സുമൊക്കെയാണ് സമ്മറിന്റെ ഡയറ്റിലുള്ളത്. ശരീരഭാരം കഴിക്കുന്ന ഭക്ഷണത്തിന്റെ അളവനുസരിച്ച് വ്യത്യാസം വരാറുണ്ട് എന്നതല്ലാതെ മറ്റ് ആരോഗ്യപ്രശ്നങ്ങളൊന്നും സമ്മറിനില്ല. ആരോഗ്യപ്രദമായ ഒന്നും കഴിക്കാഞ്ഞിട്ട് പോലും തനിക്ക് അസുഖം വരാത്തത് എല്ലാവരെയും അത്ഭുതപ്പെടുത്താറുണ്ടെന്ന് സമ്മര്‍ പറയുന്നു.
”ഡോക്ടര്‍മാര്‍ക്ക് പോലും എന്റെ അവസ്ഥയെ പറ്റി കൂടുതലൊന്നും വിശദീകരിക്കാനായിട്ടില്ല. ചിക്കന്‍ കഴിക്കുന്നതിനാല്‍ ശരീരത്തിനാവശ്യമായ പ്രോട്ടീനെത്തുന്നുണ്ടെന്നാണ് അവര്‍ പറയുന്നത്. എനിക്ക് ഭാരക്കൂടുതലുമില്ല ഭാരക്കുറവുമില്ല. പച്ചക്കറി കഴിക്കാത്തത് കൊണ്ട് ഇതുവരെ എനിക്ക് അസുഖമൊന്നും വന്നില്ല എന്ന് കേള്‍ക്കുമ്പോള്‍ ആളുകള്‍ക്ക് അത്ഭുതമാണ്. പച്ചക്കറികളോ പഴങ്ങളോ കഴിക്കാന്‍ എനിക്ക് ആഗ്രഹമില്ലാഞ്ഞിട്ടല്ല. എനിക്ക് കഴിയാറില്ല. എന്റെ തലച്ചോറിന്റെ ഒരു ഭാഗം അവ കഴിക്കാന്‍ എന്നെ അനുവദിക്കാറില്ല. ചിലപ്പോള്‍ അത് ബുദ്ധിമുട്ടുമാണ്. കാരണം ഉച്ചക്ക് ഭക്ഷണം കഴിക്കാനിരിക്കുമ്പോള്‍ ചുറ്റുമുള്ളവര്‍ ചിലപ്പോള്‍ നല്ല സാന്‍ഡ് വിച്ച് ഒക്കെയാവും കൊണ്ടു വരിക. നല്ല കൊതിപ്പിക്കുന്ന മണമൊക്കെയാവുമ്പോള്‍ ഒന്ന് കഴിച്ച് നോക്കിയാലോ എന്നോര്‍ക്കും. പക്ഷേ ബുദ്ധിമുട്ടാണ്. ഞാനെന്റെ ചിപ്സുമായി തൃപ്തിപ്പെടും.” സമ്മര്‍ പറയുന്നു.
ഒരിക്കല്‍ തോട്ടത്തിലെ പയര്‍ കഴിക്കാമെങ്കില്‍ ആയിരം യൂറോ (ഒരു ലക്ഷം രൂപ) തരാമെന്ന് സമ്മറിന്റെ മുത്തച്ഛന്‍ വാഗ്ദാനം ചെയ്തു. എന്നാല്‍ തന്നെക്കൊണ്ട് പറ്റില്ല എന്നുറപ്പായിരുന്നതിനാല്‍ സമ്മര്‍ ഇത് നിരസിച്ചു. കഴിഞ്ഞ വര്‍ഷം ചിക്കന്‍ നഗറ്റ്സില്‍ ഞരമ്പ് കണ്ടതിനെ തുടര്‍ന്ന് മൂന്ന് മാസത്തോളം സമ്മര്‍ നഗറ്റ്സും കഴിച്ചില്ല. ആ സമയത്ത് ചിപ്സ് മാത്രമായിരുന്നു സമ്മറിന്റെ ആഹാരം. നഗറ്റ്സ് നന്നായി മൊരിഞ്ഞിട്ടില്ല എങ്കില്‍ അത് കഴിക്കാനും സമ്മറിന് ബുദ്ധിമുട്ടാണ്. തന്റെ ഈ അവസ്ഥ മാനസികമായി പലപ്പോഴും ബുദ്ധിമുട്ടുണ്ടാക്കാറുണ്ടെന്നും എന്നാല്‍ അടുപ്പമുള്ളവര്‍ തന്നെ പിന്തുണയ്ക്കാറുണ്ടെന്നും സമ്മര്‍ പറയുന്നു.