രഞ്ജിത്ത് ജയിലിലെത്തി ദിലീപിനെ കണ്ടു മടങ്ങുന്ന ചിത്രം പങ്കുവെച്ച് നടൻ വിനായകൻ
കഴിഞ്ഞ ദിവസം മുതൽ ആരംഭിച്ച കേരളാ രാജ്യാന്തര ചലച്ചിത്ര മേളയില്‍(IFFK 2022) നടി ഭാവനയുടെ സാന്നിധ്യം ശ്രദ്ധനേടുകയാണ്. ഈ അവസരത്തിൽ നടൻ വിനായകൻ(Vinayakan ) പങ്കുവച്ച പുതിയ പോസ്റ്റാണ് ചർച്ചയാകുന്നത്. നടിയെ ആക്രമിച്ച കേസില്‍ നടന്‍ ദിലീപിനെ കാണാനായി ആലുവ ജയിലിലെത്തിയ സംവിധായകന്‍ രഞ്ജിത്തിന്റെയും ഹരിശ്രീ അശോകന്റെയും ചിത്രമടക്കമാണ് താരം ഫേസ്ബുക്കില്‍ പോസ്റ്റ് ചെയ്തിരിക്കുന്നത്. ഒപ്പം കമന്റുകളും ഇതിൽ ഉൾപ്പെടുത്തിയിട്ടുണ്ട്.
‘ആഹാ ഇരക്കൊപ്പം കരയുകയും വേട്ടക്കാരനൊപ്പം സന്തോഷിക്കുകയും ചെയ്യുന്ന ദി കംപ്ലീറ്റ് തിരക്കഥകൃത്ത്’ എന്നാണ് കമന്റ് ബോക്സിൽ എഴുതിയിരിക്കുന്നത്. വിനായൻ പോസ്റ്റ് പങ്കുവച്ചതിന് പിന്നാലെ സോഷ്യൽമീഡിയയും ഇക്കാര്യം ഏറ്റെടുത്തു. നിരവധി പേരാണ് കമന്റ് ബോക്സിൽ തങ്ങളുടെ അഭിപ്രായങ്ങൾ രേഖപ്പെടുത്തി രംഗത്തെത്തിയത്.
ഐ.എഫ്.എഫ്.കെയുടെ ഉദ്ഘാടന വേദിയില്‍ ഭാവനയെ ക്ഷണിച്ചത് രഞ്ജിത്തായിരുന്നു. പോരാട്ടത്തിന്റെ പെണ്‍ പ്രതീകമായ ഭാവനയെ സദസിലേക്ക് ക്ഷണിക്കുന്നു എന്ന് പറഞ്ഞായിരുന്നു രഞ്ജിത് ഭാവനയെ വേദിയിലേക്ക് ക്ഷണിച്ചത്. പിന്നാലെ സെന്റർ ജയിലിൽ ദിലീപിനെ കാണാൻ പോയ രഞ്ജിത്തിന്റെ ചിത്രങ്ങളും വാർത്തകളുമായിരുന്നു സമൂഹമാധ്യമങ്ങളിൽ നിറഞ്ഞത്. വിമർശനങ്ങളും ഉയർന്നു. വിഷയത്തിൽ പ്രതികരണവുമായി സംവിധായകനും രംഗത്തെത്തി.
നടന്‍ ദിലീപിനെ ന്യായീകരിച്ച് ഒരിക്കലും താൻ സംസാരിച്ചിട്ടില്ലെന്ന് രഞ്ജിത് പറഞ്ഞു. ഒരു യാത്രയ്ക്കിടെ യാദൃശ്ചികമായിട്ടാണ് ജയിലിൽ പോയി ദിലീപിനെ കണ്ടത്. ദിലീപുമായി അടുത്ത ബന്ധം ഇല്ലെന്നും രഞ്ജിത് വിശദീകരിച്ചു. താനാണ് വ്യക്തിപരമായി ഭാവനയെ ക്ഷണിച്ചതെന്നും ഐഎഫ്എഫ്കെ ഉദ്ഘാടന ചടങ്ങില്‍ ഭാവനയെ കൊണ്ടുവന്നത് നാടകീയമായ മുഹൂർത്തം ഉണ്ടാക്കാൻ വേണ്ടിയല്ലെന്നും അദ്ദേഹം വിശദീകരിച്ചു. ഇതിലും വലിയ കാറ്റ് വന്നിട്ട് താൻ ആടിയിട്ടില്ലെന്നും അദ്ദേഹം പറഞ്ഞു
ഭാവനയെ കൊണ്ട് വന്നത് തെറ്റായിപ്പോയി എന്ന തരത്തിലാണ് ചർച്ചകൾ. ദിലീപ് ഇത്തരം ഒരു കാര്യം ചെയ്തു എന്ന് വിശ്വസിക്കാൻ അന്ന് തനിക്കും പ്രയാസമായിരുന്നു. കേസ് കോടതിയിലാണ്. താൻ ദിലീപിനെ ന്യായീകരിക്കുന്നില്ല. ജയിലിൽ പോയി കണ്ടത് അന്ന് നടൻ സുരേഷ് കൃഷ്ണ പോയപ്പോൾ കൂടെ പോയത്. ജയിലിൽ കാണാൻ വേണ്ടി താൻ സ്വന്തം നിലയ്ക്ക് പോയതല്ല. സുരേഷ് കൃഷ്ണയ്ക്ക് ഒപ്പമാണ് പോയത്. കാണാൻ ആഗ്രഹം ഉണ്ടായിരുന്നില്ല. ജയിലിന് പുറത്തു നിൽക്കുന്നത് കണ്ട് ചർച്ചകൾ ഒഴിവാക്കാൻ ആണ് അകത്തു കയറിയത്. ദിലീപിനോട് രണ്ട് വാക്ക് സംസാരിക്കുക മാത്രമാണ് അന്ന് ചെയ്തത്. തന്നെ ഭയപ്പെടുത്താൻ നോക്കേണ്ട എന്നും രഞ്ജിത് പ്രതികരിച്ചു. താൻ പുറകെ കൂടി ആറ്റുനോറ്റ് നേടിയാതല്ല ഈ പദവി. അക്കാദമി തലപ്പത്ത് സർക്കാരുമായി ചർച്ച ചെയ്തു മാത്രമാകും തീരുമാനങ്ങൾ എടുക്കുന്നത്. ഒന്നും സർക്കാർ വിരുദ്ധം ആകില്ലെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു.