CrimeKeralaNews

മണിക്കൂറുകൾ നീണ്ട ചോദ്യം ചെയ്യലിനൊടുവിൽ കുറ്റം സമ്മതിച്ചു, യുവാവിന്റെ മരണം കൊലപാതകം; ഭാര്യ അറസ്റ്റിൽ

തൃശ്ശൂര്‍: വരന്തരപ്പിള്ളിയിലെ യുവാവിന്റെ മരണം കൊലപാതകമെന്ന് പോലീസ്. സംഭവത്തില്‍ പ്രതിയായ ഭാര്യയെ പോലീസ് അറസ്റ്റ് ചെയ്തു. വരന്തരപ്പിള്ളി കലവറക്കുന്ന് സ്വദേശി വിനോദിന്റെ മരണത്തിലാണ് ഭാര്യ നിഷ(43)യെ പിടികൂടിയത്. ദമ്പതിമാര്‍ തമ്മിലുണ്ടായ തര്‍ക്കത്തിനിടെ ഭാര്യ ഭര്‍ത്താവിനെ കറിക്കത്തി കൊണ്ട് കുത്തിക്കൊലപ്പെടുത്തിയെന്നാണ് പോലീസ് പറയുന്നത്.

ജൂലായ് 11-ാം തീയതി രാത്രിയായിരുന്നു കേസിനാസ്പദമായ സംഭവം. മരിച്ച വിനോദ് കൂലിപ്പണിക്കാരനായിരുന്നു. നിഷ തൃശ്ശൂരിലെ സ്വകാര്യ ആശുപത്രിയില്‍ ജീവനക്കാരിയും. നിഷയുടെ ഫോണ്‍വിളികളില്‍ സംശയമുണ്ടായിരുന്ന വിനോദ് ഇതേച്ചൊല്ലി ഭാര്യയുമായി കലഹിക്കുന്നത് പതിവായിരുന്നുവെന്നാണ് പോലീസ് പറയുന്നത്.

സംഭവദിവസം വൈകിട്ട് വിനോദ് ജോലി കഴിഞ്ഞ് വീട്ടിലെത്തിയപ്പോള്‍ ഭാര്യ ഫോണില്‍ സംസാരിക്കുന്നതാണ് കണ്ടത്. ഇതോടെ വിനോദ് ബഹളമുണ്ടാക്കുകയും ഫോണ്‍ തട്ടിപ്പറിക്കാന്‍ ശ്രമിക്കുകയുംചെയ്തു. നിഷ ഇതിനെ ചെറുത്തതോടെ ഇരുവരും തമ്മില്‍ മല്‍പ്പിടിത്തമായി. വിനോദ് നിഷയുടെ കൈപിടിച്ച് തിരിച്ചു. ഇതോടെ വേദനകൊണ്ട് കുപിതയായ നിഷ സമീപത്തിരുന്ന മൂര്‍ച്ചയേറിയ കറിക്കത്തി കൊണ്ട് വിനോദിനെ കുത്തിപരിക്കേല്‍പ്പിക്കുകയായിരുന്നു.

നെഞ്ചില്‍ കുത്തേറ്റ വിനോദ് പിന്നാലെ സമീപത്തെ കട്ടിലില്‍ ഇരുന്നു. ഭയന്നുപോയ നിഷ മുറിവ് അമര്‍ത്തിപ്പിടിച്ചതോടെ ആന്തരിക രക്തസ്രാവമുണ്ടാവുകയും വിനോദ് തളര്‍ന്നുപോവുകയുമായിരുന്നു. ഇതിനിടെ സമീപത്ത് താമസിക്കുന്ന വിനോദിന്റെ അമ്മ വീട്ടിലെത്തിയെങ്കിലും പ്രത്യേകിച്ചൊന്നും ശ്രദ്ധയില്‍പ്പെടാത്തതിനാല്‍ തിരികെപോയി. എന്നാല്‍ ഏറെനേരം കഴിഞ്ഞിട്ടും വിനോദിന്റെ രക്തസ്രാവം നിലയ്ക്കാത്തത് കണ്ട് നിഷ തന്നെ വാഹനം വിളിച്ചുവരുത്തി ഭര്‍ത്താവിനെ ആശുപത്രിയില്‍ എത്തിച്ചു. ചികിത്സയിലിരിക്കെ ആരോഗ്യനില വഷളായി വിനോദ് മരിച്ചു.

പിടിവലിക്കിടെ നിലത്തുവീണപ്പോള്‍ ശരീരത്തില്‍ എന്തോ തട്ടിയതാണ് മുറിവിന് കാരണമായതെന്നാണ് നിഷ ആശുപത്രിയില്‍ അറിയിച്ചിരുന്നത്. സംഭവത്തില്‍ സംശയമുള്ളതിനാല്‍ അസ്വാഭാവിക മരണത്തിന് പോലീസ് കേസെടുത്തു. തുടര്‍ന്ന് പോസ്റ്റ്‌മോര്‍ട്ടം റിപ്പോര്‍ട്ട് ലഭിച്ചതോടെയാണ് കേസില്‍ അന്വേഷണം വിപുലമാക്കിയത്.

യുവാവിന്റെ മരണം കൊലപാതകമാകാമെന്നായിരുന്നു പോസ്റ്റ്‌മോര്‍ട്ടം നടത്തിയ പോലീസ് സര്‍ജന്റെ അഭിപ്രായം. പരിസരവാസികളോടും ബന്ധുക്കളോടും നടത്തിയ അന്വേഷണത്തില്‍ ഇരുവരും തമ്മില്‍ കലഹം പതിവായിരുന്നെന്ന് കണ്ടെത്തി. വിനോദ് ആശുപത്രിയില്‍ ചികിത്സയിലിരിക്കെ നിഷ വീട്ടിലെത്തി തെളിവുകളെല്ലാം നശിപ്പിക്കാനും ശ്രമിച്ചിരുന്നു. ആശുപത്രിയില്‍നിന്നു വീട്ടിലെത്തിയ നിഷ കത്തി കഴുകി ഒളിപ്പിച്ചുവയ്ക്കുകയും സംഭവസമയം വിനോദ് ധരിച്ചിരുന്ന വസ്ത്രങ്ങളിലും മറ്റും രക്തം പുരണ്ടിരുന്നതിനാല്‍ ഇവയെല്ലാം കത്തിച്ചു കളയുകയും ചെയ്തു.

മരണാനന്തര ചടങ്ങുകള്‍ക്ക് ശേഷം നിഷയെ കണ്ട് പ്രത്യേകാന്വേഷണ സംഘം വിശദമായി ചോദ്യം ചെയ്തപ്പോള്‍ താഴെ വീണ് മുറിവേറ്റതാണെന്ന നിലപാടില്‍ യുവതി ഉറച്ചുനിന്നു. ഒടുവില്‍ ചോദ്യംചെയ്യലില്‍ പിടിച്ചു നില്‍ക്കാനാവാതെ നടന്ന സംഭവങ്ങള്‍ തുറന്നുപറഞ്ഞു. കത്തികൊണ്ടുള്ള തന്റെ കുത്തേറ്റതാണ് വിനോദ് മരണപ്പെടാന്‍ കാരണമെന്നും നിഷ പോലീസിനോട് സമ്മതിച്ചു. തുടര്‍ന്ന് ഇവരുടെ അറസ്റ്റ് രേഖപ്പെടുത്തി. സംഭവ സ്ഥലത്തെത്തിച്ച് നടത്തിയ തെളിവെടുപ്പില്‍ പിടിവലി നടന്നതും കുത്തിയ രീതിയുമെല്ലാം നിഷ പോലീസിനോട് വിവരിച്ചു. കഴുകി വൃത്തിയാക്കി ഒളിപ്പിച്ച കത്തിയും കത്തിച്ച വസ്ത്രഭാഗങ്ങളും അന്വേഷണസംഘം കണ്ടെടുത്തു. നടപടി ക്രമങ്ങള്‍ക്കു ശേഷം നിഷയെ കോടതിയില്‍ ഹാജരാക്കും.

ചാലക്കുടി ഡിവൈ.എസ്.പി ടി.എസ് സിനോജിന്റെയും വരന്തരപ്പിള്ളി ഇന്‍സ്‌പെക്ടര്‍ എസ്. ജയകൃഷ്ണന്റെയും നേതൃത്വത്തില്‍ വരന്തരപ്പിള്ളി സബ് ഇന്‍സ്‌പെക്ടര്‍മാരായ സി.സി ബസന്ത്, എ.വി ലാലു, ജോഫി ജോസ്, ക്രൈം സ്‌ക്വാഡ് അംഗങ്ങളായ വി.ജി സ്റ്റീഫന്‍, സി.എ ജോബ്, സതീശന്‍ മടപ്പാട്ടില്‍, റോയ് പൗലോസ്, പി.എം മൂസ, വി.യു സില്‍ജോ, എ.യു. റെജി, ഷിജോതോമസ്, വരന്തരപ്പിള്ളി സ്റ്റേഷനിലെ സീനിയര്‍ സി.പി.ഒ.മാരായ കെ.പി രജനീശന്‍, ഷമീര്‍ വി.എ, ദീപേഷ്, അനിത, സ്‌പെഷ്യല്‍ ബ്രാഞ്ച് എഎസ്‌ഐ മനോജ് എന്നിവരടങ്ങിയ സംഘമാണ് അന്വേഷണം നടത്തി പ്രതിയെ പിടികൂടിയത്.

ബ്രേക്കിംഗ് കേരളയുടെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക Whatsapp Group | Telegram Group | Google News

Related Articles

Back to top button
Close

Adblock Detected

Please consider supporting us by disabling your ad blocker