‘അത് മാത്രം എനിക്ക് ഇഷ്ടമല്ല, അങ്ങനെയാകുമ്പോൾ വെറുപ്പ് തോന്നും!’, മോഹൻലാലിനെ കുറിച്ച് സുചിത്ര പറഞ്ഞത്
കഴിഞ്ഞ നാല് പതിറ്റാണ്ടിലേറെയായി മലയാളികളെ വിസ്മയിപ്പിച്ചു കൊണ്ടിരിക്കുന്ന നടനാണ് മോഹൻലാൽ. നടനവിസ്മയം, കംപ്ലീറ്റ് ആക്ടര്‍, എന്നിങ്ങനെ വിശേഷണങ്ങൾ ഏറെയാണ് നടന്. കാമുകനായും ഭർത്താവായും ഏട്ടനായുമെല്ലാം സ്‌ക്രീനിൽ നിറഞ്ഞാടിയിട്ടുള്ള നടനെ ഇഷ്ടപ്പെടുന്ന ആരാധികമാരും നിരവധിയാണ്. അങ്ങനെ ഒരുകാലത്ത് മോഹൻലാൽ എന്ന നടനെ ആരാധിച്ചിരുന്ന ആളാണ് നടന്റെ ജീവിത സഖി സുചിത്രയും.
1988 ഏപ്രില്‍ 28 നാണ് മോഹന്‍ലാലും സുചിത്രയും വിവാഹിതരായത്. ഇന്ന് 35-ാം വിവാഹ വാർഷികം ആഘോഷിക്കുകയാണ് ഇവർ. മോഹൻലാൽ നടനിൽ നിന്ന് ഒരു സൂപ്പർ തരത്തിലേക്ക് വളരുന്ന സമയത്തായിരുന്നു സുചിത്രയുമായുള്ള വിവാഹം. പിന്നീട് ഇങ്ങോട്ടുള്ള നടന്റെ വളർച്ചയ്ക്ക് പിന്നിൽ ശക്തമായ സാന്നിധ്യമായി സുചിത്രയും ഉണ്ടായിരുന്നു. സിനിമാ തിരക്കുകളിലും കുടുംബത്തെ ചേര്‍ത്തുപിടിക്കാനും ഒരുമിച്ച് യാത്രകൾ ചെയ്യാനും സമയം ചെലവഴിക്കാനുമെല്ലാം സമയം കണ്ടെത്തുന്ന ആളാണ് മോഹൻലാൽ.
അതുകൊണ്ട് തന്നെ ഇത്തവണത്തെ വിവാഹ വാർഷികം ജപ്പാനിൽ കുടുംബത്തോടൊപ്പമാണ് മോഹൻലാൽ ആഘോഷമാക്കിയത്. പൊതുപരിപാടികളിലൊക്കെ എപ്പോഴും മോഹൻലാലിനൊപ്പം പ്രത്യക്ഷപ്പെടാറുള്ള ആളാണ് ഭാര്യ സുചിത്ര. അതുകൊണ്ട് തന്നെ ആരാധകർക്കെല്ലാം സുചിത്രയും പ്രിയങ്കരിയാണ്. നിരവധി പേരാണ് മോഹന്‍ലാലിനും സുചിത്രയ്ക്കും സോഷ്യൽ മീഡിയയിലും മറ്റും ആശംസകൾ അറിയിച്ചിരിക്കുന്നത്.
ഇവരുടെ വിവാഹ ചിത്രങ്ങളും മറ്റു ഫോട്ടോകളും ചേര്‍ത്തുള്ള വീഡിയോകളും മറ്റുമൊക്കെ മോഹൻലാലിന്റെ ഫാൻസ് ഗ്രൂപ്പുകളിലും ഒക്കെയായി വൈറലായി മാറുകയാണ്. ക്ഷണനേരം കൊണ്ടാണ് ഇവ വൈറലായി മാറുന്നത്. ഇതിനിടെ ഇവരുടെ വിവാഹ വീഡിയോയും ഒപ്പം പ്രണയ കഥയുമൊക്കെ വീണ്ടും ശ്രദ്ധ നേടുന്നുണ്ട്.
സിനിമാ പാരമ്പര്യമുള്ള കുടുംബത്തിൽ ജനിച്ചയാളാണ് സുചിത്ര. അച്ഛനും സഹോദരനുമെല്ലാം സിനിമയില്‍ സജീവമായിരുന്നു. സിനിമകളിലൂടെയാണ് മോഹന്‍ലാലും സുചിത്രയുടെ മനസ് കീഴടക്കുന്നത്. തുടർന്ന് കത്തുകളിലൂടെ നടനുമായി അടുക്കുകയായിരുന്നു സുചിത്ര. പിന്നീട് മകളുടെ ഇഷ്ടം മനസിലാക്കി സുചിത്രയുടെ കുടുംബം വിവാഹത്തിന് സമ്മതം മൂളുകയായിരുന്നു. വിവാഹത്തിന് മുന്‍പായി ജാതക പൊരുത്തം നോക്കിയപ്പോള്‍ അത് ചേരില്ലെന്നായിരുന്നു ജ്യോത്സ്യന്റെ പ്രവചനം.
വിവാഹം നടത്താനുള്ള ഒരുക്കങ്ങളെല്ലാം തുടങ്ങിയ സമയത്തായിരുന്നു അത്. എന്നാൽ പിന്നീട് മറ്റൊരു ജ്യോത്സ്യനെ കാണിച്ചപ്പോള്‍ പ്രശ്‌നങ്ങളൊന്നും ഇല്ലെന്ന് പറഞ്ഞു. തുടർന്നാണ് വിവാഹത്തിലേക്ക് നീങ്ങിയത്. നടൻ തിക്കുറിശ്ശിയായിരുന്നു മോഹന്‍ലാല്‍- സുചിത്ര പ്രണയത്തെക്കുറിച്ച് ആദ്യം പറഞ്ഞത്.
പലപ്പോഴും അഭിമുഖങ്ങളിൽ മോഹൻലാൽ ഭാര്യ സുചിത്രയെ കുറിച്ചും സുചിത്ര മോഹൻലാലിനെ കുറിച്ചുമൊക്കെ സംസാരിച്ചിട്ടുണ്ട്. ഒരിക്കൽ മോഹന്‍ലാലിനെ വില്ലനായി കാണാന്‍ തനിക്ക് ഇഷ്ടമല്ലെന്ന് സുചിത്ര പറഞ്ഞിരുന്നു. വില്ലനായി എത്തിയപ്പോഴെല്ലാം അദ്ദേഹത്തോട് വെറുപ്പ് തോന്നിയിരുന്നു. അഭിനേതാവെന്ന നിലയില്‍ അദ്ദേഹത്തിന്റെ കഴിവാണ് അത്. എന്റെ മാമാട്ടിക്കുട്ടിയമ്മയ്ക്ക് എന്ന ചിത്രം മുതലാണ് മോഹൻലാലിനെ ഇഷ്ടപ്പെട്ട് തുടങ്ങിയതെന്നും സുചിത്ര പറഞ്ഞിട്ടുണ്ട്.
പൊതുവെ പൊതുവേദികളില്‍ സംസാരിക്കാന്‍ മടിയുള്ള ആളാണ് സുചിത്ര. മകൻ പ്രണവ് അഭിനയിച്ച ആദി ലോഞ്ചിലാണ് സുചിത്ര ആദ്യമായി സംസാരിച്ചത്. പിന്നീട് ബറോസിന്റെ പൂജ ചടങ്ങിലും താരപത്‌നി സംസാരിച്ചിരുന്നു. സംവിധായകനെന്ന നിലയിലുള്ള അദ്ദേഹത്തിന്റെ തുടക്കത്തില്‍ സന്തോഷമുണ്ട്. മികച്ചതാണ് ഈ തീരുമാനമെന്ന് കരുതുന്നു. ഞാന്‍ ഏറ്റവും ഇഷ്ടപ്പെടുന്ന സംവിധായകനായി അദ്ദേഹം മാറുമെന്നാണ് പ്രതീക്ഷ എന്നുമായിരുന്നു സുചിത്രയുടെ വാക്കുകൾ.
മുന്‍പൊരിക്കല്‍ വിവാഹ വാർഷികം മറന്ന് പോയതിനെക്കുറിച്ച് മോഹന്‍ലാല്‍ പറഞ്ഞിട്ടുണ്ട്. വിവാഹ വാർഷികത്തിൽ പുറത്തേക്ക് പോവുകയായിരുന്ന തന്നെ എയർപോർട്ട് വരെ അനുഗമിക്കുകയും. പിന്നീട് തിരിച്ചു പോരുന്ന സമയത്ത് ഫോണിൽ വിളിച്ച് ബാഗ് നോക്കാൻ പറഞ്ഞു എന്നുമാണ് നടൻ പറഞ്ഞത്. അതിലൊരു മോതിരവും. ഇന്ന് നമ്മുടെ വിവാഹ വാര്‍ഷികമാണ്, ഇതെങ്കിലും മറക്കാതിരിക്കൂ എന്നുള്ള കുറിപ്പുമാണ് ഉണ്ടായിരുന്നത്. അതിന് ശേഷം താൻ വിവാഹ വാർഷിക ദിനം മറന്നിട്ടില്ല എന്നായിരുന്നു മോഹൻലാൽ പറഞ്ഞത്.