EntertainmentKeralaNews

‘പത്ത് തലമുറയ്ക്കുള്ളത് സമ്പാദിച്ചു; ഷീല എന്ന ജൻമം അമ്മയായോ ഭാര്യയായോ അല്ല; ആ വാക്കുകൾ എന്നെ മാറ്റി’

കൊച്ചി:മലയാള സിനിമയിൽ ഒരു കാലത്ത് നിറഞ്ഞ് നിന്ന നായിക നടിയാണ് ഷീല. ബ്ലാക്ക് ആന്റ് വൈറ്റ് സിനിമകളുടെ കാലഘട്ടത്തിൽ ഷീല ബി​ഗ് സ്ക്രീനിൽ നായിക നടിയായി തിളങ്ങി. മലയാളത്തിലെ പ്രമുഖ നോവലുകൾ സിനിമകളായപ്പോൾ അതിലെ നായിക നടി ഷീലയായിരുന്നു. അന്നും ഇന്നും നിരവധി ആരാധകരും ഷീലയ്ക്കുണ്ട്. കള്ളിച്ചെല്ലമ്മ, ചെമ്മീൻ, ശരപഞ്ചരം, മകനേ നിനക്ക് വേണ്ടി തുടങ്ങി നിരവധി സിനിമകളിൽ ഷീല അഭിനേത്രിയെന്ന നിലയിൽ തിളങ്ങി.

ഷീലയ്ക്ക് ശേഷം അഭിനയ പ്രധാന്യമുള്ള വേഷങ്ങൾ ലഭിച്ച നടിമാർ കുറവാണ്. മലയാള സിനിമയിൽ സൂപ്പർ സ്റ്റാർ തരം​ഗം വന്ന് നായിക നടിമാർ ഒതുങ്ങിപ്പോവുന്നതിന് മുമ്പായിരുന്നു ഷീലയുടെ കരിയറിലെ ജൈത്രയാത്ര. കുടുംബമായ ശേഷം കുറച്ച് നാളുകൾക്കുള്ളിൽ അഭിനയ രം​ഗത്ത് നിന്ന് ഷീല പിൻവാങ്ങി. ഏറെനാൾ ഷീലയെ ആരാധകരാരും കണ്ടില്ല. പിന്നീട് വൻ തിരിച്ചു വരവ് ഷീലയ്ക്ക് സാധ്യമാവുകയും ചെയ്തു. മനസ്സിനക്കരെ, അകലെ തുടങ്ങിയ സിനിമകളിലാണ് രണ്ടാം വരവിൽ ഷീല തിളങ്ങിയത്.

Sheela

കുറച്ച് സമയം സിനിമയിൽ വന്ന് പോവുന്ന അമ്മ വേഷങ്ങൾക്ക് പകരം സിനിമയെ മുന്നിൽ നിന്ന് നയിക്കുന്ന അമ്മ കഥാപാത്രങ്ങളാണ് ഷീലയ്ക്ക് ലഭിച്ചതെന്നും ശ്രദ്ധേയമാണ്. സിനിമാ രം​ഗത്ത് നിന്നും ഏറെ നാളായി മാറി നിൽക്കുന്ന ഷീല അനുരാ​ഗം എന്ന സിനിമയിലൂടെ മലയാളി പ്രേക്ഷകർക്ക് മുന്നിൽ വീണ്ടുമെത്തുകയാണ്.

മനസ്സിനക്കരെ എന്ന സിനിമയിലൂടെ സിനിമാ രം​ഗത്തേക്ക് മടങ്ങി വന്നതിനെക്കുറിച്ച് ഷീല പറഞ്ഞ വാക്കുകളാണിപ്പോൾ ശ്രദ്ധ നേടുന്നത്. ജിഞ്ചർ മീഡിയയുമായുള്ള അഭിമുഖത്തിൽ സംസാരിക്കുകയായിരുന്നു നടി. ‘ഷീലാമ്മ അഭിനയിക്കുകയാണെങ്കിൽ മാത്രമേ ഈ കഥയെടുക്കൂ എന്ന് പറഞ്ഞ് സത്യൻ എന്നെ വിളിച്ച് കൊണ്ടിരിക്കുകയായിരുന്നു’

‘ശ്യാമപ്രസാദും വിളിച്ച് കൊണ്ടിരിക്കുകയായിരുന്നു. എന്നെങ്കിലും ഷീല തിരിച്ചു വരികയാണെങ്കിൽ അന്നേ ഞാൻ അകലെ എന്ന പടമെടുക്കുള്ളൂ, എന്ന് ശ്യാമപ്രസാദും പറഞ്ഞു. അമൃതാനന്ദമയിയെ കാണാൻ പോവുന്നെന്ന് നടി വനിത എന്നോട് പറഞ്ഞു. എനിക്ക് വലിയ ആളുകളെ കാണാൻ ഇഷ്ടമാണ്. സിനിമാ താരങ്ങളെ കാണുന്നത് ഒരു കാലത്തും ഇഷ്ടമല്ല. കുറേ പത്രക്കാരെയും കഥ എഴുതുന്നവരെയുമൊക്കെ കാണാനാണ് ആശിച്ചിരുന്നത്’

‘അമ്മയെ കാണാൻ പോവുന്നെന്ന് പറഞ്ഞപ്പോൾ ഞാനും വരാമെന്ന് പറഞ്ഞു. അപ്പോൾ അമ്മ തനിച്ചൊരു റൂമിൽ ഇരിക്കുകയായിരുന്നു. എന്നെ കെട്ടിപ്പിടിച്ചു. എനിക്ക് കണ്ണൊക്കെ നിറഞ്ഞു. ഞാൻ ആശയ്ക്ക് വേണ്ടി സിനിമയിൽ വന്നതല്ല, പണത്തിന് വേണ്ടി വന്നതാണ്. ഞങ്ങളുടെ വീട്ടിൽ ഒരുപാട് പ്രശ്നങ്ങളുണ്ടായിരുന്നു. അതെല്ലാം സെറ്റിൽ ചെയ്തു’

‘എന്റെ മകന് പത്ത് തലമുറയ്ക്കുള്ള കാശെല്ലാം ചേർത്ത് വെച്ചിട്ടുണ്ട്. ഇനിയെനിക്ക് അഭിനയിക്കണമെന്നില്ല. പക്ഷെ ഇവരൊക്കെ വന്ന് വിളിക്കുമ്പോൾ മനസ്സിനകത്തൊരു ആശ വരുന്നു, പോവണോ വേണ്ടയോ എന്ന് ചോദിച്ചു. അപ്പോൾ അമ്മ പറഞ്ഞു, ഈ ഷീല എന്ന ജന്മം ഭാര്യയായോ അമ്മയായോ ഉള്ളതല്ല’

നിങ്ങളൊരു നടിയാണ്. മരണം വരെയും നിങ്ങൾ അഭിനയിക്കണം. എഴുതി വെച്ചോളൂ എന്ന് പറഞ്ഞു. അവിടെ നിന്ന് ഇറങ്ങിയ ശേഷം ഉടനെ സത്യൻ അന്തിക്കാടിനെയും ശ്യാമപ്രസാദിനെയും വിളിച്ച് സിനിമ ചെയ്യാൻ തയ്യാറാണെന്ന് പറഞ്ഞെന്നും ഷീല ഓർത്തു.

ചെന്നെെയിലാണ് ഷീല ഇപ്പോഴും താമസിക്കുന്നത്. മലയാള സിനിമയുടെ കേന്ദ്രം ചെന്നെെയിൽ നിന്നും കേരളത്തിലേക്ക് മാറിയപ്പോഴും ഷീല താമസം കേരളത്തിലേക്ക് മാറിയിരുന്നില്ല. നടിയുടെ പുതിയ സിനിമയ്ക്കായി കാത്തിരിക്കുകയാണ് ആരാധകർ.

ബ്രേക്കിംഗ് കേരളയുടെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക Whatsapp Group | Telegram Group | Google News

Related Articles

Back to top button
Close

Adblock Detected

Please consider supporting us by disabling your ad blocker