EntertainmentKeralaNews

‘ലഹരി ഉപയോഗിച്ചാലേ അഭിനയം വരൂ എന്ന് ചിന്തിക്കുന്ന ലെവലിലേക്കെത്തി; ഞാനും വിലക്ക് നേരിട്ടിട്ടുണ്ട്’: നവ്യ നായർ

കൊച്ചി:മലയാളികൾക്ക് ഏറ്റവും പ്രിയപ്പെട്ട നടിമാരിൽ ഒരാളാണ് നവ്യ നായർ. ഒരുകാലത്ത് മലയാള സിനിമയിൽ നിറഞ്ഞു നിന്നിരുന്ന നവ്യ, വിവാഹ ശേഷം സിനിമയിൽ നിന്നൊരു ഇടവേള എടുക്കുകയായിരുന്നു. കഴിഞ്ഞ വർഷം ഒരുത്തീ എന്ന ചിത്രത്തിലൂടെ വീണ്ടും മലയാള സിനിമയിലേക്ക് തിരിച്ചെത്തിയ താരം ഇപ്പോൾ വീണ്ടും സജീവമായിക്കൊണ്ടിരിക്കുകയാണ്. അതിനിടെ ടെലിവിഷൻ പരിപാടികളിൽ അതിഥി ആയും വിധികർത്താവായുമെല്ലാം നവ്യ പ്രേക്ഷകർക്ക് മുന്നിലേക്ക് എത്തുന്നുണ്ട്.

ഇടയ്ക്ക് ചില അഭിപ്രായങ്ങൾ പറഞ്ഞതിന്റെ പേരിൽ സോഷ്യൽ മീഡിയയിൽ നിന്ന് വിമർശനങ്ങളും ട്രോളുകളും നവ്യക്ക് കേൾക്കേണ്ടി വന്നിരുന്നു. എന്നിരുന്നാലും തനിക്ക് ലഭിക്കുന്ന അവസരങ്ങളിലും തന്റെ നിലപാടുകളും അഭിപ്രായങ്ങളും തുറന്നു പറയാൻ നവ്യ മടി കാണിക്കാറില്ല. ഇപ്പോഴിതാ, യുവനടന്മാരായ ഷെയിൻ നിഗമിനെയും ശ്രീനാഥ് ഭാസിയെയും സിനിമയിൽ നിന്ന് വിലക്കിയ വിഷയത്തിൽ തന്റെ അഭിപ്രായം പറഞ്ഞിരിക്കുകയാണ് നവ്യ. മനോരമ ഓൺലൈന് നൽകിയ അഭിമുഖത്തിൽ സംസാരിക്കുകയായിരുന്നു നടി.

തനിക്കും സിനിമയിൽ വിലക്ക് നേരിട്ടിട്ടുണ്ട് എന്ന് പറഞ്ഞാണ് നവ്യ നായർ തുടങ്ങിയത്. ‘സിനിമയിൽ എനിക്കും വിലക്ക് വന്നിട്ടുണ്ട്. പട്ടണത്തിൽ സുന്ദരൻ എന്ന സിനിമയിൽ ഞാൻ പ്രതിഫലം കൂട്ടി ചോദിച്ചു എന്ന് നിർമാതാവ് പരാതിപ്പെട്ടതിനെ തുടർന്നായിരുന്നു അത്. എന്നെ കളിയാക്കി ബാൻഡ് ക്വീൻ എന്നൊക്കെ വിളിച്ചിരുന്നു,’

‘അതൊരു വ്യാജ പരാതി ആയിരുന്നു. ഞാൻ പൈസ കൂട്ടി ചോദിച്ചിരുന്നില്ല. അത് പിന്നീട് തെളിഞ്ഞു. പക്ഷെ എനിക്ക് വിലക്ക് വന്നിരുന്നു. അമ്മ സംഘടനയും കൂടി ചേർന്നാണ് വിലക്കിയത്. അതിന് ശേഷമാണ് എന്റെ വിശദീകരണം കേട്ടത്. പിന്നീട് എന്റെ ഭാഗത്ത് തെറ്റില്ലെന്ന് പറഞ്ഞ് വിലക്കി നീക്കുകയായിരുന്നു’ എന്ന് നവ്യ പറഞ്ഞു.

ശ്രീനാഥ് ഭാസിയുടെയും ഷെയിൻ നിഗത്തിന്റെയും വിലക്കിന്റെ കാരണം അച്ചടക്കമില്ലായ്മ ആണെങ്കിൽ അതവർ മാറ്റണമെന്ന് നവ്യ അഭിപ്രായപ്പെട്ടു. സിനിമ നമ്മുടെ ജോലിയാണ്. അതുകൊണ്ടാണ് നമ്മളെല്ലാം ആർഭാട ജീവിതം നയിക്കുന്നത്. അതുകൊണ്ട് അതിൽ നമ്മൾ അച്ചടക്കം കാണിക്കണം.

ലഹരി ഉപയോഗമൊക്കെ ഓരോരുത്തരുടെ പേഴ്‌സണൽ ചോയ്‌സാണ്. അതിൽ അഭിപ്രായം പറയാൻ ഞാൻ ആളാണോയെന്ന് അറിയില്ല. എന്റെ അഭിപ്രായത്തിൽ ലഹരി ഉപയോഗം തെറ്റാണ്. വളർന്നു വരുന്ന തലമുറയിൽ പലരും ഇതൊക്കെ ഉപയോഗിച്ചാലേ അഭിനയം വരൂ എന്ന് ചിന്തിക്കുന്ന ലെവലിലേക്ക് കാര്യങ്ങൾ പോയിട്ടുണ്ട്. ഇവിടെയുള്ള മഹാനടന്മാരൊന്നും ഇതൊന്നും ഉപയോഗിച്ചല്ല അഭിനയിച്ചിരിക്കുന്നത്. അങ്ങനെയാരും ധരിക്കരുതെന്നും നവ്യ നായർ പറഞ്ഞു.

തന്റെ പേരിലെ ജാതിവാലിനെ കുറിച്ചുള്ള വിമർശനങ്ങളിലും നവ്യ പ്രതികരിക്കുന്നുണ്ട്. ധന്യ വീണ എന്ന എന്റെ പേര് മാറ്റി നവ്യ നായർ എന്നാക്കിയത് സിബി സാർ ഒക്കെയാണ്. ഞാൻ ഇപ്പോൾ ആ പേര് മാറ്റിയാലും എല്ലാവരും എന്നെ നവ്യ നായർ എന്ന് തന്നെയാകും വിളിക്കുക.

രണ്ടു മൂന്ന് വയസുള്ള കുട്ടി പോലും എന്നെ നവ്യ നായർ എന്നാണ് വിളിക്കുന്നത്. ജാതി മനസിലാക്കിയല്ല അവർ വിളിക്കുന്നത്. ഇനി ജാതി വാൽ മുറിക്കാൻ ആണെങ്കിൽ എന്റെ യഥാർത്ഥ പേരിൽ ഒരു ജാതി വാലും ഇല്ല.

എന്റെ പാസ്പോർട്ടിലും ആധാറിലും ഡ്രൈവിങ് ലൈസൻസിലുമെല്ലാം ഞാൻ ധന്യ വീണയാണ്. എന്റെ ഒഫിഷ്യൽ ഡോക്യൂമെന്റുകളിൽ ഒന്നും എനിക്ക് ജാതി വാലില്ല. പത്താം ക്ലാസിൽ പഠിക്കുമ്പോഴാണ് ഞാൻ സിനിമയിലേക്ക് വരുന്നത്. അന്ന് സംവിധായകനും നിർമാതാവുമൊക്കെ കൂടി ചേർന്ന് തീരുമാനിച്ചതാണ്.

അന്ന് പേര് മാറ്റുന്നതേ എനിക്ക് ബുദ്ധിമുട്ടായിരുന്നു. പക്ഷെ നമ്മുക്ക് അന്ന് അതിൽ യാതൊരു വോയിസും ഉണ്ടായിരുന്നില്ല. അന്ന് ഞാൻ നവ്യ എന്ന വിളികേൾക്കാത്ത കൊണ്ട് ധന്യ എന്ന് തന്നെയാണ് ലൊക്കേഷനിൽ വിളിച്ചിരുന്നതെന്നും നവ്യ പറഞ്ഞു.

ജാനകി ജാനെയാണ് നവ്യയുടെ ഏറ്റവും പുതിയ സിനിമ. അനീഷ് ഉപാസന രചനയും സംവിധാനവും നിർവ്വഹിക്കുന്ന ചിത്രത്തിൽ സൈജു കുറുപ്പാണ് കേന്ദ്ര കഥാപാത്രത്തെ അവതരിപ്പിക്കുന്നത്. ജോണി ആന്റണി, ഷറഫുദ്ധീൻ, കോട്ടയം നസീർ, അനാർക്കലി തുടങ്ങിയ താരങ്ങളും ചിത്രത്തിൽ പ്രധാന വേഷങ്ങളിൽ എത്തുന്നുണ്ട്.

ബ്രേക്കിംഗ് കേരളയുടെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക Whatsapp Group | Telegram Group | Google News

Related Articles

Back to top button
Close

Adblock Detected

Please consider supporting us by disabling your ad blocker