വയോധികനായ അന്ധപിതാവിനെ മക്കള്‍ തെരുവില്‍ ഉപേക്ഷിച്ചു; 82കാരന്‍ കഴിയുന്നത് നാട്ടുകാരുടെ കാരുണ്യത്തില്‍
കോഴിക്കോട്: കോഴിക്കോട് വയോധികനായ അന്ധപിതാവിനെ മക്കള്‍ തെരുവില്‍ ഉപേക്ഷിച്ചു. നാല് മക്കളുള്ള 82 കാരന്‍ കഴിയുന്നത് നാട്ടുകാരുടെ സംരക്ഷണയില്‍. ഹമീദ് ബാവ എന്ന 82കാരനാണ് മക്കള്‍ ഉപേക്ഷിച്ചതിനെ തുടര്‍ന്ന്‌കോഴിക്കോട് ഫ്രാന്‍സിസ് റോഡില്‍ കഴിയുന്നത്. ഇദ്ദേഹത്തിന്റെ ദുരവസ്ഥയില്‍ കണ്ട ഒരു കൂട്ടം മനുഷ്യര്‍ കെട്ടികൊടുത്ത താത്കാലിക കൂരയിലാണ് ബാവയുടെ ഇപ്പോഴത്തെ താമസം.
പ്രായാധിക്യത്താല്‍ കാഴ്ചയും കുറഞ്ഞതിനാല്‍ പരസഹായം കൂടാതെ പുറത്തിറങ്ങാന്‍ പോലും കഴിയാത്ത ഹമീദ് ബാവ മലമൂത്ര വിസര്‍ജ്ജനം നടത്തുന്നതും കിടക്കുന്ന ഷെഡ്ഡിനുള്ളില്‍ തന്നെയാണ്. ഒരു പാത്രവും ഗ്ലാസും മാത്രമാണ് ആകെയുള്ള സമ്പാദ്യം. നാട്ടുകാര്‍ നല്‍കുന്ന ഭക്ഷണം കഴിച്ചാണ് ബാവ ജീവിക്കുന്നത്. മൂന്ന് ആണ്‍മക്കളും ഒരു മകളുമാണ് ഹമീദ് ബാവയ്ക്കുള്ളത്. ഉപേക്ഷിച്ച് പോയെങ്കിലും മക്കളോട് സ്‌നേഹം മാത്രമാണ് ബാവയ്ക്ക് ഇപ്പോഴുമുള്ളത്. ഇരിട്ടിയിലേക്ക് പോകുന്ന വഴിയിലാണ് ഒരാളുടെ താമസം. വേറൊരാള്‍ മാവൂരിലും മൂന്നാമന്‍ ഫറോഖിനടുത്തുമുണ്ട്. കൂടാതെ ഒരു മകളുമുണ്ടെന്ന് ഹമീദ് ബാവ പറഞ്ഞു.
നേരത്തെ ബീച്ച് ആശുപത്രിയില്‍ ചികില്‍സയില്‍ കഴിഞ്ഞ ഹമീദ് ബാവയെ ആരും ഏറ്റെടുക്കാനില്ലാതിരുന്നതോടെ വൃദ്ധമന്ദിരത്തിലേക്ക് മാറ്റിയിരുന്നു. അവിടെ നിന്ന് മകള്‍ ഏറ്റെടുത്തെങ്കിലും പിന്നീട് ഉപേക്ഷിക്കുകയായിരുന്നു.