തിരുവനന്തപുരം: ഹെൽമെറ്റ് ഉപയോഗിച്ചില്ലെങ്കിൽ 500 രൂപ പിഴ മാത്രമല്ല മൂന്നുമാസത്തേക്ക് ഡ്രൈവിങ് ലൈസൻസും നഷ്ടമാകും. മോട്ടോർവാഹനവകുപ്പ് നടത്തുന്ന ഒരു ദിവസത്തെ പരിശീലനക്ലാസിൽ പങ്കെടുത്താൽമാത്രമേ ലൈസൻസ് പുനഃസ്ഥാപിക്കൂ. സുരക്ഷിത ഡ്രൈവിങ്ങിന്റെ പാഠഭാഗം പഠിക്കണം.
കേന്ദ്രമോട്ടോർവാഹന നിയമപ്രകാരം ഗതാഗത നിയമലംഘനങ്ങൾക്ക് ലൈസൻസ് സസ്‌പെൻഡ് ചെയ്യാൻ വ്യവസ്ഥയുണ്ട്.എന്നാൽ, കുറ്റകൃത്യങ്ങളുടെ ഗൗരവം അടിസ്ഥാനമാക്കി ലൈസൻസ് സസ്‌പെൻഷൻ കാലാവധിയും പരിശീലനകാലയളവും സംസ്ഥാനത്ത് നിശ്ചയിച്ചിരുന്നില്ല. ഇത് പരിഹരിക്കാൻ വിവിധ കുറ്റങ്ങളുടെ ശിക്ഷാകാലാവധി നിശ്ചയിച്ചുകൊണ്ട് ഉത്തരവിറങ്ങി.
മോട്ടോർവാഹന നിയമപ്രകാരമുള്ള കുറ്റങ്ങളെ 13 വിഭാഗമായി തിരിച്ചാണ് ശിക്ഷ നിശ്ചിച്ചിട്ടുള്ളത്. മദ്യപിച്ചോ, അലക്ഷ്യമായി വാഹനം ഓടിച്ചോ ആളപായം ഉണ്ടാക്കിയാൽ ഒരുവർഷത്തേക്ക് ലൈസൻസ് നഷ്ടമാകും.ഗുരുതരപരിക്കാണെങ്കിൽ ആറുമാസത്തേക്കാണ് സസ്‌പെൻഷൻ. ഇരുകുറ്റങ്ങൾക്കും അഞ്ചുദിവസത്തെ ക്ലാസ് നിർബന്ധം.
മദ്യപിച്ചുള്ള ഡ്രൈവിങ്, അലക്ഷ്യമായ ഡ്രൈവിങ്, മത്സരയോട്ടം, സാങ്കേതികത്തകരാറുള്ള വാഹനം നിരത്തിലിറക്കുക എന്നിവയ്ക്ക് ആറുമാസത്തെ സസ്‌പെൻഷനും മൂന്നുദിവസത്തെ ക്ലാസുമുണ്ടാകും.ആംബുലൻസ്-അഗ്നിശമന വാഹനങ്ങളുടെ യാത്ര തടസ്സപ്പെടുത്തിയാലും ആറുമാസത്തേക്ക് ലൈസൻസ് നഷ്ടമാകും. ഒരു ദിവസത്തെ ക്ലാസിലും പങ്കെടുക്കണം.
അതിവേഗം, അമിതഭാരം എന്നിവയ്ക്ക് മൂന്നുമാസത്തെ സസ്‌പെൻഷനുണ്ടാകും. അമിതഭാരം കയറ്റുന്നതിന് പിടിക്കപ്പെടുന്നവർക്ക് ഒരു ദിവസത്തെ ക്ലാസും, വേഗപരിധി ലംഘിക്കുന്നവർക്ക് മൂന്നുദിവസത്തെ ക്ലാസും ഉണ്ടാകും. കോഴ്‌സ് സർട്ടിഫിക്കറ്റ് നൽകിയാൽമാത്രമേ ലൈസൻസ് പുനഃസ്ഥാപിക്കുകയുള്ളൂ.
നേരത്തേ ഹെൽമെറ്റ് ലംഘനം പോലുള്ള ചെറിയ കുറ്റങ്ങൾക്ക് ലൈസൻസ് സസ്‌പെൻഡ് ചെയ്തിരുന്നില്ല.നിയമലംഘനം വ്യാപകമായതിനാൽ ശിക്ഷ നടപ്പാക്കുന്നതിന് പ്രായോഗിക ബുദ്ധിമുട്ടുണ്ട്. മൂന്നു പരിശീലനകേന്ദ്രങ്ങൾ മാത്രമാണ് സംസ്ഥാനത്തുള്ളത്.

