ലണ്ടൻ: ബ്രിട്ടനിലെ ഉപയോക്താക്കൾക്കായി ഗൂഗിൾ നൽകുന്ന ‘എ.ഐ. ഓവർവ്യൂസ്’ ഉൾപ്പെടെയുള്ള നിർമിത ബുദ്ധി സേവനങ്ങൾക്ക് നിയന്ത്രണം. മാധ്യമങ്ങളുടെയും മറ്റ് വെബ്‌സൈറ്റുകളുടെയും ഉള്ളടക്കം അനുമതിയില്ലാതെ ശേഖരിക്കുന്നത് തടയാൻ ബ്രിട്ടനിലെ കോംപറ്റീഷൻ ആൻഡ് മാർക്കറ്റ്സ് അതോറിറ്റി ഉത്തരവിട്ടു. ലോകത്തിലാദ്യമായാണ് ഒരു രാജ്യം ഇത്തരമൊരു നടപടി സ്വീകരിക്കുന്നതെന്ന് ബ്രിട്ടൻ പറഞ്ഞു.
എ.ഐ. ഓവർവ്യൂസ് വന്നതോടെ ആളുകൾ വാർത്തകളുടെ ലിങ്കുകളിൽ ക്ലിക്ക് ചെയ്യുന്നത് കുറഞ്ഞു. ഇത് പ്രസാധകർക്കുണ്ടാക്കുന്ന പ്രയാസം ലഘൂകരിക്കുകയാണ് ഉത്തരവിന്റെ ഉദ്ദേശ്യം. ഗൂഗിളിന്റെ ജനറേറ്റീവ് എ.ഐ. സേവനങ്ങളിൽനിന്നും സെർച്ച് ഫീച്ചറുകളിൽനിന്നും തങ്ങളുടെ വാർത്തകളും വിവരങ്ങളും ഒഴിവാക്കാനുള്ള സംവിധാനം ഗൂഗിൾ പ്രസാധകർക്ക് നൽകണമെന്ന് ഉത്തരവിട്ടു. എ.ഐ. നൽകുന്ന മറുപടികളിൽ വിവരങ്ങൾ എവിടെനിന്നെടുത്തു എന്ന് വ്യക്തമാക്കുന്ന ലിങ്കുകൾ നിർബന്ധമായും നൽകണം. എ.ഐ. മോഡലുകളെ കൂടുതൽ മെച്ചപ്പെടുത്താൻ തങ്ങളുടെ ഡേറ്റ ഉപയോഗിക്കുന്നത് തടയാനും പ്രസാധകർക്ക് അവകാശമുണ്ടാകും.
പുതിയ മാറ്റങ്ങളുമായി സഹകരിക്കുമെന്നും വെബ്‌സൈറ്റ് ഉടമകൾക്ക് അവരുടെ ഉള്ളടക്കം നിയന്ത്രിക്കാനുള്ള പുതിയ സംവിധാനങ്ങൾ പരീക്ഷിച്ചു തുടങ്ങിയതായും ഗൂഗിൾ സെർച്ച് ഇക്കോസിസ്റ്റം ജനറൽ മാനേജർ മൃണാളിനി ലോവ് പറഞ്ഞു.

