ഫോണും സിം കാർഡും വേർപെടുത്തി ഓഫീസിലെ മേശവലിപ്പിൽ സൂക്ഷിച്ചു, പി.പി. ദിവ്യ ഔദ്യോഗിക മൊബൈൽ ഫോൺ ഉപയോഗിച്ചിട്ടില്ലെന്ന് പോലീസ് റിപ്പോർട്ട്

കണ്ണൂർ: പി.പി.ദിവ്യ ജില്ലാപഞ്ചായത്ത് പ്രസിഡന്റായിരുന്ന കാലത്ത് ഔദ്യോഗിക മൊബൈൽ ഫോൺ ഉപയോഗിച്ചിട്ടില്ലെന്ന് പോലീസിന്റെ റിപ്പോർട്ട്. മുൻ എ.ഡി.എം. നവീൻ ബാബുവിന്റെ മരണവുമായി ബന്ധപ്പെട്ട തുടരന്വേഷണ ഉത്തരവിൽ ദിവ്യയുടെ ഔദ്യോഗിക മൊബൈൽ ഫോണിന്റെ വിവരങ്ങൾകൂടി ശേഖരിക്കണമെന്ന് തലശ്ശേരി അഡീഷണൽ സെഷൻസ് കോടതി നിർദേശിച്ചിരുന്നു. ദിവ്യയുടെ സ്വകാര്യ മൊബൈൽ ഫോൺ മാത്രമാണ് അന്വേഷണ സംഘം പരിശോധിച്ചതെന്നും ഔദ്യോഗിക മൊബൈൽ ഫോൺ പരിശോധിച്ചില്ലെന്നും കാണിച്ച് നവീൻ ബാബുവിന്റെ കുടുംബം നൽകിയ ഹർജിയെ തുടർന്നായിരുന്നു കോടതി നിർദേശം.

ജില്ലാ പഞ്ചായത്ത് പ്രസിഡന്റായി ചുമതലയേറ്റതുമുതൽ രാജിവെക്കുന്നതുവരെ ദിവ്യ ഔദ്യോഗിക മൊബൈൽ ഫോൺ ഉപയോഗിച്ചിട്ടില്ലെന്നാണ് പോലീസിന്റെ കണ്ടെത്തൽ. ഫോണും സിം കാർഡും വേർപെടുത്തി ഓഫീസിലെ മേശവലിപ്പിൽ സൂക്ഷിക്കുകയായിരുന്നു. നവീൻ ബാബു കേസിൽ ദിവ്യയുടെ സ്വകാര്യ മൊബൈൽ ഫോൺ അന്വേഷണസംഘം പരിശോധിച്ചിരുന്നു. ഔദ്യോഗിക ഫോണിന്റെ കോൾ ഡീറ്റെയിൽ റെക്കോർഡ് (സി.ഡി.ആർ.) സൈബർ ക്രൈം പോലീസിന് കൈമാറി പരിശോധിച്ചെങ്കിലും 'നോ ഡേറ്റാ ഫൗണ്ട്' എന്നാണ് മറുപടി ലഭിച്ചത്. കോടതി നിർദേശിച്ച പ്രകാരം ഈ റിപ്പോർട്ട് പോലീസ് ഹാജരാക്കും.

കേസിൽ തുടരന്വേഷണ റിപ്പോർട്ട് തലശ്ശേരി കോടതിയിൽ പോലീസ് സമർപ്പിച്ചിരുന്നു. കൂടുതൽ അന്വേഷണം ആവശ്യപ്പെട്ട് നവീൻ ബാബുവിന്റെ ഭാര്യ മഞ്ജുഷ നൽകിയ ഹർജിയിലാണ് കോടതി റിപ്പോർട്ട് തേടിയത്. കേസിലെ ഏക പ്രതിയായ പി.പി.ദിവ്യയുടെ 2024 ജനുവരി മുതൽ നവംബർ വരെയുള്ള ഫോൺ വിവരങ്ങൾ ആവശ്യപ്പെട്ടിരുന്നു. എന്നാൽ തുടരന്വേഷണ റിപ്പോർട്ടിൽ മാർച്ച് മുതൽ നവംബർ വരെയുള്ള ഫോൺ വിവരങ്ങളാണുള്ളത്. നവീൻ ബാബു താമസിച്ച പള്ളിക്കുന്നിലെ വാടക ക്വാർട്ടേഴ്‌സിന് സമീപത്തെ സി.സി.ടി.വി. ദൃശ്യങ്ങളുടെ പൂർണരൂപം അന്വേഷണസംഘം കോടതിയിൽ ഹാജരാക്കിയിരുന്നു. ദിവ്യയുടെ ഫോൺവിളികളുടെ വിവരങ്ങൾ പൂർണമായും ലഭിക്കില്ലെന്ന് പബ്ലിക് പ്രോസിക്യൂട്ടറും കോടതിയെ അറിയിച്ചിരുന്നു.

യാത്രയയപ്പ് യോഗത്തിന് തൊട്ടുമുൻപ് കളക്ടറെ ദിവ്യ വിളിച്ചിരുന്നതായി സ്വകാര്യ ഫോണിന്റെ സി.ഡി.ആർ. പരിശോധിച്ചപ്പോൾ വ്യക്തമായിരുന്നു. തുടരന്വേഷണമുണ്ടെങ്കിൽ വേഗത്തിൽ പൂർത്തിയാക്കണമെന്നാണ് ദിവ്യയുടെ അഭിഭാഷകൻ ആവശ്യപ്പെട്ടത്. 2024 ഒക്ടോബർ 15-ന് പുലർച്ചെയാണ് നവീൻ ബാബുവിനെ കണ്ണൂർ പള്ളിക്കുന്നിലെ ക്വാർട്ടേഴ്‌സിൽ തൂങ്ങിമരിച്ച നിലയിൽ കണ്ടെത്തിയത്. പെട്രോൾ പമ്പിന്റെ അപേക്ഷയിൽ നടപടിയെടുക്കാൻ വൈകിയതിന്റെ പേരിൽ പി.പി.ദിവ്യ പരസ്യമായി അവഹേളിച്ചതിനെത്തുടർന്നായിരുന്നു ആത്മഹത്യയെന്നാണ് ആക്ഷേപമുയർന്നത്. പത്തനംതിട്ടയിലേക്ക് സ്ഥലംമാറ്റം ലഭിച്ച നവീൻ ബാബുവിന് സഹപ്രവർത്തകർ കളക്ടറേറ്റിൽ നൽകിയ യാത്രയയപ്പ് യോഗത്തിൽ ക്ഷണിക്കപ്പെടാതെ എത്തി ദിവ്യ ആക്ഷേപപ്രസംഗം നടത്തിയെന്നായിരുന്നു പരാതി.

• ഫോൺ വിളികളുടെ തീയതി, സമയം, ദൈർഘ്യം, വിളിച്ച നമ്പറുകൾ എന്നിവ രേഖപ്പെടുത്തും

• സംഭാഷണങ്ങൾ കേൾക്കാനാകില്ലെങ്കിലും ആശയവിനിമയത്തിന്റെ കൃത്യമായ മെറ്റാ ഡേറ്റ ലഭിക്കും

• വിളിച്ചയാളുകളുടെ നമ്പറും സ്വീകരിച്ചയാളുകളുടെ നമ്പറും

• കോൾ വന്നതാണോ സ്വീകരിച്ചതാണോയെന്ന വിവരം

• ഏത് മൊബൈൽ ടവറിന്റെ പരിധിയിലാണെന്ന കാര്യം

• സിം നമ്പർ മാറ്റി ഉപയോഗിച്ചെങ്കിൽ അത്തരം വിവരങ്ങൾ

ബ്രേക്കിംഗ് കേരളയുടെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക Whatsapp Group | Telegram Group | Google News